മകളുടെ വിവാഹ ചിലവ് വഹിക്കേണ്ടത് അച്ഛൻ്റെ ചുമതല : 10 ലക്ഷം നഷ്ടപരിഹാരം നൽകണം : നിർണ്ണായക ഇടപെടലുമായി സുപ്രീം കോടതി

ന്യൂഡല്‍ഹി: മകളുടെ വിവാഹത്തിന്റെ ചെലവുകള്‍ വഹിക്കുക എന്നത് പിതാവിന്റെ കടമയില്‍പെടുന്ന ‘സ്വാഭാവികമായ’ കാര്യമാണെന്ന് സുപ്രീം കോടതി.ദമ്ബതികള്‍ക്ക് വിവാഹമോചനം അനുവദിച്ച വിധി ശരിവെച്ചുകൊണ്ട് നടത്തിയ പ്രസ്താവനയിലായിരുന്നു കോടതിയുടെ നിരീക്ഷണം. വേർപിരിഞ്ഞാണ് താമസിക്കുന്നതെങ്കിലും മകളുടെ വിവാഹ ആവശ്യത്തിനായി ഭാര്യക്ക് 10 ലക്ഷം രൂപ നല്‍കാൻ കോടതി ഭർത്താവിനോട് വെള്ളിയാഴ്ച നിർദേശിച്ചു.

Advertisements

വിവാഹമോചനം അനുവദിച്ചതിനെതിരെ സ്ത്രീ നല്‍കിയ ഹർജി പരിഗണിക്കവേ, 1996-ല്‍ വിവാഹിതരായ കക്ഷികള്‍ തമ്മിലുള്ള ദാമ്ബത്യബന്ധം ഫലത്തില്‍ ഇല്ലാതായെന്ന് വ്യക്തമാണെന്നും മധ്യസ്ഥ ശ്രമങ്ങള്‍ പോലും പരാജയപ്പെട്ടെന്നും ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് കണ്ടെത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നിരുന്നാലും, ‘മകളുടെ വിവാഹത്തിന്റെ ന്യായമായ ചെലവുകള്‍ വഹിക്കേണ്ടത് ഒരു രക്ഷിതാവെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ കടമയുടെ സ്വാഭാവികമായ ഭാഗമായതിനാല്‍, എതിർകക്ഷി ഈ ആവശ്യത്തിനായി 10 ലക്ഷം രൂപ നല്‍കണമെന്നാണ് കോടതിയുടെ അഭിപ്രായം. ഭാര്യയുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ ഇക്കാര്യത്തില്‍ പരിഗണിക്കേണ്ടതില്ല.’ ബെഞ്ച് പറഞ്ഞു.

ദീർഘകാലമായി വേർപിരിഞ്ഞാണ് താമസിക്കുന്നതെന്നും വിവാഹബന്ധം ഒത്തുചേർക്കാനാവാത്ത വിധം തകർന്നുവെന്നും കണക്കിലെടുത്ത്, 2019-ല്‍ കുടുംബകോടതി ഇവർക്ക് വിവാഹമോചനം നല്‍കിയിരുന്നു. 2023-ല്‍ ഡല്‍ഹി ഹൈക്കോടതി ഈ വിധി ശരിവെക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ ഇനിയും ഈ വിവാഹമോചന ഉത്തരവില്‍ ഇടപെടാൻ കാരണമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

വിവാഹത്തിന്റെ തുടക്കം മുതല്‍ കക്ഷികള്‍ക്കിടയില്‍ നിരന്തരമായ കലഹങ്ങളുണ്ടായിരുന്നെന്നും ഇത് ഭാര്യ പോലീസില്‍ ആവർത്തിച്ച്‌ പരാതി നല്‍കാൻ കാരണമായെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി വിവാഹമോചന ഉത്തരവ് ശരിവച്ചത്. വ്യാജ പരാതികള്‍ നല്‍കുന്നത് ക്രൂരതയാണെന്ന് ഹൈക്കോടതി വിലയിരുത്തി. 2009 മുതല്‍ ഇരുവരും വേർപിരിഞ്ഞാണ് താമസിക്കുന്നതെന്നും ഒത്തുതീർപ്പിന് ശ്രമങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

1997-ല്‍ ജനിച്ച മകളുടെ വിവാഹച്ചെലവിലേക്കായി 10 ലക്ഷം രൂപ നല്‍കണമെന്ന പരിമിതമായ ആവശ്യത്തിന് വേണ്ടിയാണ് ഭാര്യ ഈ കേസില്‍ വീണ്ടും അപ്പീല്‍ നല്‍കിയത്. ‘കക്ഷികള്‍ തമ്മിലുള്ള നിയമപോരാട്ടം നീണ്ടുപോയതും ബന്ധം കലുഷിതമാണെന്ന് വ്യക്തമാക്കുന്നു. എന്നിട്ടും, ഹർജിക്കാരിയായ ഭാര്യ തന്റെ ആവശ്യം പരിമിതപ്പെടുത്തിയതില്‍ യുക്തിയുണ്ട്.’ വിഷയം പരിശോധിച്ച ശേഷം ബെഞ്ച് പറഞ്ഞു.

‘രണ്ട് കുട്ടികളെയും അവർ മറ്റാരുടെയും പിന്തുണയില്ലാതെ സ്വന്തമായാണ് വളർത്തിയത്. മകളുടെ വിവാഹച്ചെലവുകള്‍ വഹിക്കുന്നത് ഒരു ചെറിയ ബാധ്യതയാണ്. മക്കള്‍ക്ക് വേണ്ടത് നല്‍കേണ്ടത് ഒരു പിതാവിന്റെ കടമയാണ്.’ കോടതി പറഞ്ഞു. എതിർകക്ഷിയായ പുരുഷന്റെ വരുമാനത്തെക്കുറിച്ച്‌ ഇരുകൂട്ടരും വിരുദ്ധമായ നിലപാടുകളാണ് സ്വീകരിച്ചത്. ‘എന്നിരുന്നാലും, രേഖകളും വാദങ്ങളും പരിഗണിച്ച്‌, മകളുടെ വിവാഹത്തിന് പണം നല്‍കാൻ എതിർകക്ഷിക്ക് കഴിവുണ്ടെന്ന് ഞങ്ങള്‍ക്ക് ബോധ്യമുണ്ട്,’ ബെഞ്ച് കൂട്ടിച്ചേർത്തു.

പണം നല്‍കണമെന്ന വ്യവസ്ഥയോടെ കോടതി വിവാഹമോചന ഉത്തരവ് ശരിവെച്ചു. 1996-ല്‍ വിവാഹിതരായ ദമ്ബതികള്‍ക്ക് 1997-ല്‍ ഒരു മകളും 1999-ല്‍ ഒരു മകനും ജനിച്ചു. 2009-ലാണ് ഭർത്താവ് ആദ്യമായി വിവാഹമോചന ഹർജി നല്‍കിയത്. ഇതിനിടെ, ഗാർഹിക പീഡന നിയമപ്രകാരം ഭാര്യയും പ്രത്യേകമായി പരാതി നല്‍കിയിരുന്നു. ഇതിനിടെ രണ്ട് കുട്ടികളുടെയും ഡിഎൻഎ പരിശോധന നടത്തണമെന്ന് ഭർത്താവ് ആവശ്യപ്പെട്ടെങ്കിലും ആ ഹർജി തള്ളി. ഗാർഹിക പീഡന കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഭാര്യക്ക് ഏഴ് ലക്ഷം രൂപ നല്‍കാനും ഇയാളോട് കോടതി ആവശ്യപ്പെട്ടിരുന്നു.

Hot Topics

Related Articles