മയൂർഭഞ്ച്: സ്കൂളിലെ പ്രാർത്ഥനയ്ക്ക് ശേഷം അധ്യാപികയുടെ കാൽ തൊട്ട് വന്ദിക്കാതിരുന്ന വിദ്യാർത്ഥികൾക്ക് ക്രൂരമർദ്ദനം. പ്രതിഷേധം ശക്തമായതിന് പിന്നാലെ അധ്യാപികയെ സസ്പെൻഡ് ചെയ്തു. ഒഡിഷയിലെ മയൂർഭഞ്ചിലാണ് സംഭവം. ആറ്, ഏഴ്, എട്ട് ക്ലാസുകളിൽ നിന്നുള്ള 31 വിദ്യാർത്ഥികളായിരുന്നു ആക്രമണത്തിന് ഇരയായത്. മർദ്ദനത്തിനിരയായ വിദ്യാർത്ഥികളും ഇവരുടെ മാതാപിതാക്കളും നൽകിയ പരാതിയിൽ സ്കൂൾ മാനേജ്മെന്റ് അന്വേഷണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അധ്യാപികയെ സസ്പെൻഡ് ചെയ്തത്.
ഒഡിഷ സംസ്ഥാന സർക്കാരിന് കീഴിലുളഅള സ്കൂളിലാണ് സംഭവം. രാവിലത്തെ അസംബ്ലിയിലെ പ്രാർത്ഥനയ്ക്ക് പിന്നാലെ ക്ലാസ് മുറികളിലേക്ക് പോയ വിദ്യാർത്ഥികൾക്കാണ് മർദ്ദനമേറ്റത്. തന്റെ കാലിൽ തൊട്ട് വന്ദിക്കാതെ ക്ലാസ് മുറിയിലേക്ക് പോയ വിദ്യാർത്ഥികളെ അധ്യാപിക പിന്തുടർന്ന് ചെന്ന് മർദ്ദിക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിവരമറിഞ്ഞ് മാതാപിതാക്കൾ സ്കൂളിലേക്ക് പ്രതിഷേധവുമായി എത്തുകയായിരുന്നു. ഇതിന് പിന്നാലെ വിദ്യാഭ്യാസ വകുപ്പ് സ്കൂളിൽ നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് സസ്പെൻഷൻ. വ്യാഴാഴ്ചയാണ് വിവാദമായ സംഭവം നടന്നത്. മുളവടി കൊണ്ടായിരുന്നു അധ്യാപികയുടെ മർദ്ദനം. വിദ്യാർത്ഥികളുടെ കയ്യിലും പുറത്തുമായിരുന്നു മുളവടിക്കുള്ള മർദ്ദനം. 2004 സെപ്തംബറിൽ സ്കൂളുകളിൽ വിദ്യാർത്ഥികളെ വടി കൊണ്ട് മർദ്ദിക്കുന്നത് വിലക്കിയിട്ടുള്ള സംസ്ഥാനമാണ് ഒഡിഷ.