ദില്ലി: ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ കനത്ത മഴയെത്തുടർന്ന് വീണ്ടും മേഘവിസ്‌ഫോടനം. മിന്നൽ പ്രളയത്തിലും മണ്ണിടിച്ചിലിലും വീടുകൾക്കും റോഡുകൾക്കും കേടുപാടുകൾ സംഭവിച്ചു. നിരവധി വാഹനങ്ങളും കടകളും ഒലിച്ചുപോയി. രണ്ടുപേരെ കാണാതായതായാണ് ഇതുവരെ പുറത്ത് വന്ന റിപ്പോർട്ട്.
സാഹസ്‌ത്രധാരയിലും തംസ നദിയിലും കാണാതായ ആളുകൾക്കായി തിരച്ചിൽ തുടരുകയാണ്. ചരിത്രപ്രസിദ്ധമായ ടപ്‌കേശ്വർ മഹാദേവ് ക്ഷേത്രത്തിൽ വെള്ളം കയറിയതിനെ തുടർന്ന് ക്ഷേത്രത്തിന്റെ പരിസരം വെള്ളത്തിനടിയിലായി. ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും രണ്ട് പേരെ കാണാതായതായി അധികൃതർ അറിയിച്ചു. ദുരന്തബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഡെറാഡൂൺ, ചമ്പാവത്, ബാഗേശ്വർ, നൈനിറ്റാൾ എന്നീ നാല് ജില്ലകളിൽ കനത്ത മഴയ്ക്ക് റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും സംസ്ഥാനത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്.