ന്യൂഡല്‍ഹി: യുഎസ്- ഇന്ത്യ വ്യാപാര കരാറിന്റെ ആറാം ഘട്ട ചർച്ചകള്‍ ആരംഭിച്ചു. ചർച്ചകള്‍ക്കായി യുഎസ് പ്രതിനിധി സംഘം ഇന്ത്യയിലെത്തി.ട്രംപിന്റെ തീരുവ പ്രഖ്യാപനത്തോടെ മരവിച്ച ഇന്ത്യ-യുഎസ് വ്യാപാര കരാറിന് ചർച്ചയിലൂടെ ജീവൻവെക്കുമെന്നാണ് പ്രതീക്ഷ. ഇന്ത്യയ്ക്കുമേല്‍ തീരുവ ഏർപ്പെടുത്തിയതിനുശേഷം ഇരുരാജ്യങ്ങളും തമ്മില്‍ നേരിട്ട് നടക്കുന്ന ആദ്യ വ്യാപാര ചർച്ചയാണിത്.
യുഎസ് വ്യാപാരരംഗത്തെ പ്രധാന ഇടനിലക്കാരനായ ബ്രെൻഡൻ ലിഞ്ചും സംഘമാണ് യുഎസില്‍ നിന്ന് ഡല്‍ഹിയിലെത്തിയത്. ചർച്ചയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് വാണിജ്യ മന്ത്രാലയത്തിലെ പ്രത്യേക സെക്രട്ടറി രാജേഷ് അഗർവാള്‍ പങ്കെടുക്കുന്നുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതിനെ തുടർന്നാണ് ഇന്ത്യക്കെതിരെ യുഎസ് പ്രസിഡന്റ് ട്രംപ് തീരുവയുദ്ധം പ്രഖ്യാപിച്ചത്. 50 ശതമാനമെന്ന കനത്ത തീരുവ ചുമത്തിയതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുകള്‍ വീണു. യുഎസും ഇന്ത്യയും തമ്മിലുള്ള വ്യാപാര തടസങ്ങള്‍ പരിഹരിക്കുന്നതിനുള്ള ചർച്ചകള്‍ തുടരുകയാണെന്ന് കഴിഞ്ഞയാഴ്ച ട്രംപ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ, ഇന്ത്യയും യുഎസും സ്വാഭാവിക പങ്കാളികളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതികരിച്ചിരുന്നു. ഇതോടെയാണ് വീണ്ടും വ്യാപാര കരാറില്‍ ശുഭസൂചനകള്‍ കണ്ടുതുടങ്ങിയത്.