കോട്ടയം : കേരള സംസ്ഥാന ഭാഗ്യക്കുറിയെ തകർക്കുന്നതിനെതിരെ പ്രക്ഷോഭത്തിലേക്ക് കേരള ഭാഗ്യക്കുറി സംരക്ഷണ സമിതി. പ്രക്ഷോഭത്തിന്റെ ഭാഗമായി സെപ്റ്റംബർ 18 രാവിലെ 10 ന് കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചും ധർണ്ണയും നടക്കും.ലോട്ടറിയുടെ മേലുള്ള ജി.എസ്.ടി. 40% മായി വർദ്ധിപ്പിക്കാനുള്ള തീരുമാനത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിന്തിരിയണമെന്ന് കേരള ഭാഗ്യക്കുറി സംരക്ഷണ സമിതി സംസ്ഥാന സമര പ്രഖ്യാപന കൺവെൻഷൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. നിലവിൽ ലോട്ടറിക്ക് ജി.എസ്.ടി. 28 ശതമാനമാണ്. അത് 40 ശതമാനമായി വർധിപ്പിച്ചത് കേരള ഭാഗ്യക്കുറിയെ തകർക്കും.തൊഴിലാളികളുടെ വരുമാനത്തെ സാരമായി ബാധിക്കും.
സമൂഹത്തിൽ ഏറ്റവും കൂടുതൽ പ്രയാസമനുഭവിക്കുന്നവരാണ് ലോട്ടറി തൊഴിലാളികൾ. ഭിന്നശേഷിക്കാരും പ്രായമായവരും രോഗികളുമായ രണ്ട് ലക്ഷത്തോളം പേർ ഈ മേഖലയിൽ ഉപജീവനം നടത്തുന്നുണ്ട്.ജി.എസ്.ടി 28 ശതമാനം എന്ന സ്ലാബ് ഒഴിവാക്കുമെന്ന് പറയുകയും ലോട്ടറി മേഖലയിൽ 40 ശതമാനമായി ഉയർത്തുകയും ചെയ്യുന്നത് അനീതിയാണ്.ക്ഷേമനിധി ബോർഡ് നടപ്പാക്കി വരുന്ന പെൻഷൻ, ബോണസ്, ചികിത്സാധനസഹായം, മരണാനന്തര കുടുംബസഹായം, വിദ്യാഭ്യാസ ധനസഹായം, പ്രസവ ധനസഹായം, ഭിന്നശേഷിക്കാർക്കുള്ള മുച്ചക്രവാഹനങ്ങൾ, സൗജന്യ യൂണിഫോം. സൗജന്യ ഭവനപദ്ധതി തുടങ്ങിയ ആനുകൂല്യങ്ങളുടെ വിതരണത്തെ പോലും ഈ നികുതി വർദ്ധന പ്രതികൂലമായി ബാധിക്കും.ലോട്ടറിയിൽ നിന്നും ലഭിക്കുന്ന വരുമാനമുപയോഗിച്ചാണ് സംസ്ഥാന സർക്കാർ കാരുണ്യ ചികിത്സാ പദ്ധതി നടപ്പാക്കുന്നത്. പ്രതിവർഷം ഏകദേശം 6 ലക്ഷം പേർക്ക് സൗജന്യ ചികിത്സ ലഭിക്കുന്നു. 42 ലക്ഷം കുടുംബങ്ങൾ ഈ സൗജന്യ ചികിത്സാ പദ്ധതിയിൽ ഗുണഭോക്താക്കളാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എല്ലാ നിയമവ്യവസ്ഥയും പാലിച്ച് സർക്കാർ നേരിട്ട് നടത്തുന്നതാണ് കേരള ഭാഗ്യക്കുറി. 2017 ൽ ജി.എസ്.ടി. ആരംഭിച്ചത് മുതൽ 12 ശതമാനം മാത്രമായിരുന്നു ലോട്ടറിക്കുള്ള നികുതി. 2020 ൽ അത് 28 ശതമാനമാക്കി വർദ്ധിപ്പിച്ചു. ഇപ്പോഴാവട്ടെ, 40 ശതമാനമായി ഉയർത്തിയിരിക്കുകയാണ്.ഫലത്തിൽ 350 ശതമാനത്തിൻ്റെ വർദ്ധനവ് മറ്റൊരു മേഖലയിലും ഇത്തരമൊരു ഭീമമായ വർദ്ധനവില്ല. ലോട്ടറിക്ക് ജി.എസ്.ടി വർദ്ധിപ്പിക്കാനുള്ള നീക്കത്തിൽനിന്നും പിന്തിരിയണമെന്നാവശ്യപ്പെട്ടുകൊണ്ട് ഭാഗ്യക്കുറി സംരക്ഷണ സമിതിയുടെ നേത്യത്വത്തിൽ 18 വ്യാഴാഴ്ച രാവിലെ 10 മണിക്ക് കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടക്കും.