ലഹോർ: ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ ഇന്ത്യ നടത്തിയ ബഹാവൽപൂർ ആക്രമണത്തിൽ ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറിന്റെ കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടതായി ഭീകര സംഘടന ആദ്യമായി സമ്മതിച്ചു. വൈറലായ ഒരു വീഡിയോയിൽ, ജെയ്ഷ് കമാൻഡർ മസൂദ് ഇല്യാസ് കശ്മീരി സുരക്ഷാ ഉദ്യോഗസ്ഥർക്കൊപ്പം സംസാരിക്കുന്നുണ്ട്.
ഭീകര സംഘടനയ്ക്കുണ്ടായ നഷ്ടങ്ങൾ കശ്മീരി തുറന്നു സമ്മതിച്ചു. മെയ് ഏഴിന് ബഹാവൽപൂരിലെ ജമിയ മസ്ജിദ് സുബ്ഹാൻ അല്ലാഹ് എന്ന ജെയ്ഷ് ആസ്ഥാനത്ത് ഇന്ത്യ നടത്തിയ ആക്രമണത്തിൽ അസറിന്റെ കുടുംബം ‘ചിതറിപ്പോയി’ എന്ന് കശ്മീരി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഏപ്രിൽ 22ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് പ്രതികാരമായാണ് ഈ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത്. പഹൽഗാം ഭീകരാക്രമണത്തിൽ 25 വിനോദസഞ്ചാരികൾ കൊല്ലപ്പെട്ടിരുന്നു. ബഹാവൽപൂരിന് പുറമെ, പാകിസ്ഥാനുള്ളിലെ എട്ട് ഭീകരകേന്ദ്രങ്ങൾ കൂടി ഇന്ത്യ തകർത്തിരുന്നു. പാകിസ്ഥാനിലെ 12-ാമത്തെ വലിയ നഗരമായ ബഹാവൽപൂരിലെ ആക്രമണത്തിൽ അസറിന്റെ 10 ബന്ധുക്കൾ കൊല്ലപ്പെട്ടു. ഇതിൽ സഹോദരി, സഹോദരിയുടെ ഭർത്താവ്, മരുമകൻ, മരുമകൾ, അടുത്ത കുടുംബാംഗങ്ങൾ എന്നിവരും ഉൾപ്പെടുന്നു. പുലർച്ചെ നടന്ന ആക്രമണത്തിൽ അസറിന്റെ നാല് സഹായികളും കൊല്ലപ്പെട്ടു.
പള്ളിയിലെ ഒരു താഴികക്കുടത്തിന് കനത്ത നാശനഷ്ടമുണ്ടായതായും കെട്ടിടത്തിനുള്ളിൽ വലിയ നാശനഷ്ടങ്ങൾ ഉണ്ടായതായും ഉപഗ്രഹ ചിത്രങ്ങൾ വ്യക്തമാക്കുന്നു. പാകിസ്ഥാൻ ഈ സംഭവം അംഗീകരിച്ചിട്ടില്ലെങ്കിലും, മെയ് മാസത്തിൽ അസറിന്റെ കുടുംബാംഗങ്ങൾക്ക് സർക്കാർ ചെലവിൽ സംസ്കാര ചടങ്ങുകൾ നടത്തിയതായി ദൃക്സാക്ഷികളും വിദേശ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.
പൊതുസ്ഥലങ്ങളിൽ അപൂർവ്വമായി മാത്രം കാണാറുള്ള അസർ, സംസ്കാര ചടങ്ങിൽ എത്തുകയും മിനിട്ടുകൾക്കകം സ്ഥലം വിടുകയും ചെയ്തു.
മസൂദ് അസർ എവിടെയാണ്?
ഐക്യരാഷ്ട്രസഭ വിലക്കേർപ്പെടുത്തിയ ഭീകരവാദിയായ അസർ, 2016-ലെ പത്താൻകോട്ട് ആക്രമണം, 2019-ലെ പുൽവാമ ആക്രമണം എന്നിവയുൾപ്പെടെ ഇന്ത്യയിൽ നടന്ന പ്രധാന ഭീകരാക്രമണങ്ങളുടെ സൂത്രധാരനാണ്. 44 സൈനികരാണ് പുൽവാമ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. അസർ അവസാനമായി പാക് അധീന കശ്മീരിലെ ഗിൽജിത്-ബാൾട്ടിസ്ഥാൻ മേഖലയിലാണ് ഉണ്ടായിരുന്നത് എന്നാണ് ഇന്റലിജ00ൻസ് റിപ്പോർട്ട്. തന്റെ താവളമായ ബഹാവൽപൂരിൽ നിന്ന് 1,000 കിലോമീറ്ററിലധികം അകലെയുള്ള സ്കർദുവിലാണ് ഇയാളെ കണ്ടത്. അസർ അഫ്ഗാനിസ്ഥാനിലായിരിക്കാമെന്ന് മുൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ സർദാരിയുടെ വാദത്തിന് ഇത് വിരുദ്ധമാണ്.