കോട്ടയം: തൃക്കൊടിത്താനം തെങ്ങണയിലെ സ്വർണ വിൽപ്പന ശാല കുത്തിത്തുറന്ന് അഞ്ചു പവൻ സ്വർണവും ഒരു കിലോ വെള്ളിയും കവർന്ന കേസിൽ പ്രതികളെന്നു സംശയിക്കുന്ന ഇതര സംസ്ഥാനക്കാരുടെ ചിത്രം പുറത്ത് വിട്ട് പൊലീസ്. സിസിടിവി ക്യാമറയിൽ പതിഞ്ഞ ചിത്രമാണ് പൊലീസ് സംഘം പുറത്ത് വിട്ടത്. തൃക്കൊടിത്താനം തെങ്ങണയിൽ പ്രവർത്തിച്ചിരുന്ന സുരേഷ് എന്നയാളുടെ സ്ഥാപനത്തിൽ ഞായറാഴ്ചയാണ് മോഷണം നടന്നത്.



കഴിഞ്ഞ ദിവസം കട അടച്ച ശേഷം ഉടമ വീട്ടിൽ പോയതായിരുന്നു. പുലർച്ചെ എത്തി നോക്കിയപ്പോഴാണ് സ്ഥാപനത്തിന്റെ പൂട്ട് തകർത്തതായി കണ്ടെത്തിയത്. തുടർന്ന് ഇവർ വിവരം തൃക്കൊടിത്താനം പൊലീസിൽ അറിയിച്ചു. തൃക്കൊടിത്താനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എ.ജെ അരുണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ അന്വേഷണത്തിൽ സംഭവത്തിൽ ഉൾപ്പെട്ട പ്രതികൾ എന്ന് സംശയിക്കുന്ന രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ കണ്ടെത്തുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മോഷണം നടത്തിയ കടയിലെ സിസിടിവി ക്യാമറ തിരിച്ച് വച്ച ശേഷമാണ് പ്രതികൾ സംഭവ സ്ഥലത്ത് നിന്ന് രക്ഷപെട്ടത്. തുടർന്ന് പൊലീസ് സംഘം പ്രതികൾക്കായി നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രദേശത്ത് നിന്ന് മറ്റ് സിസിടിവി ക്യാമറാ ദൃശ്യങ്ങൾ കണ്ടെത്തി. ഇതിൽ നിന്നാണ് പ്രതികളെന്നു സംശയിക്കുന്നവരുടെ ദൃശ്യങ്ങൾ കണ്ടെത്തിയത്. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ തൃക്കൊടിത്താനം പൊലീസിൽ അറിയിക്കുക.