ഗാസ: ബന്ദികളാക്കപ്പെട്ട ഇസ്രയേലുകാരുടെ പേരില്‍ ‘വിടവാങ്ങല്‍’ പോസ്റ്റർ ഒരുക്കി ഹമാസിന്റെ സായുധസേനാ വിഭാഗം. ബന്ദികളാക്കപ്പെട്ട നാല്‍പ്പതിലധികം പേരുടെ ചിത്രമാണ് വിടവാങ്ങല്‍ ചിത്രമെന്ന അടിക്കുറിപ്പോടെ ഖസം ബ്രിഗേഡ് പുറത്തിറക്കിയത്. 47 പേരുടെ മുഖങ്ങളാണ് ഈ പോസ്റ്ററില്‍ കാണാനാകുന്നത്. ഗാസയില്‍ ഇസ്രയേല്‍ ശക്തമായ ആക്രമണം തുടരുന്നതിനിടെയാണ് ഹമാസിന്റെ പുതിയ നീക്കമെന്നതും ശ്രദ്ധേയമാണ്.
1986-ല്‍ ലെബനനില്‍ കാണാതാവുകയും പിന്നീട് 2016-ല്‍ കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിക്കപ്പെടുകയും ചെയ്ത ഇസ്രയേലിന്റെ വ്യോമസേനാ ക്യാപ്റ്റൻ റോണ്‍ അരാദിന്റെ പേരാണ് പോസ്റ്ററിലെ മുഴുവൻ ബന്ദികള്‍ക്കും ഹമാസ് നല്‍കിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. റോണ്‍ അരാദ് 1, റോണ്‍ അരാദ് 2, റോണ്‍ അരാദ് 3….. എന്നിങ്ങനെയാണ് ബന്ദികളാക്കപ്പെട്ടവരുടേയും മരിച്ചവരുടേയും ചിത്രങ്ങള്‍ക്ക് താഴെയുള്ള പേര്. ഖസം ബ്രിഗേഡ് ആണ് ശനിയാഴ്ച ഈ ചിത്രം ഓണ്‍ലൈനില്‍ പങ്കുവെച്ചതെന്ന് അല്‍ജസീറ റിപ്പോർട്ട് ചെയ്യുന്നു.
നെതന്യാഹുവിന്റെ വിസമ്മതവും സമീറിന്റെ വഴങ്ങലും കാരണം ഗാസ സിറ്റിയില്‍ സൈനിക നടപടി ആരംഭിക്കുമ്ബോള്‍ ഒരു വിടവാങ്ങല്‍ ചിത്രമെന്നാണ് ഇതിന് അടിക്കുറിപ്പായി നല്‍കിയിരിക്കുന്നത്. ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനായി ഹമാസുമായുള്ള കരാർ നിരന്തരം നെതന്യാഹു നിരസിക്കുന്നതിനേയും എതിർപ്പുകള്‍ക്കിടയിലും ഇസ്രയേല്‍ സൈനിക മേധാവി ഇയാല്‍ സമീറിന്റെ നേതൃത്വത്തില്‍ നടത്തുന്ന കര-വ്യോമ ആക്രമണങ്ങളെക്കുറിച്ചുള്ള പരാമർശമാണ് ഇതെന്ന് റിപ്പോർട്ടില്‍ പറയുന്നു.
20 ബന്ദികള്‍ ഇപ്പോഴും ഗാസയില്‍ ജീവനോടെ ഉണ്ട് എന്നാണ് ഇസ്രയേല്‍ അധികൃതർ പറയുന്നത്. എന്നാല്‍ 20 -ല്‍ താഴെ പേർ മാത്രമായിരിക്കാം ജീവിച്ചരിക്കുന്നതെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറയുന്നത്. ഹമാസിനെ ഇല്ലാതാക്കുമെന്നും ബന്ദികളാക്കപ്പെട്ടവരെ തിരികെ എത്തിക്കുമെന്നും ട്രംപും നെതന്യാഹുവും നിരന്തരം പറയുന്നതിനിടെയാണ് വിടവാങ്ങല്‍ ചിത്രമെന്ന പോസ്റ്റർ ഒരുക്കി ഹമാസ് നേതാക്കള്‍ ഇപ്പോള്‍ ഓണ്‍ലൈനില്‍ ബന്ദികളുടെ ചിത്രം പ്രദർശിപ്പിച്ചിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇസ്രയേല്‍ ഗാസയില്‍ ശക്തമായ കരയാക്രമണം നടത്തുന്നതിനിടെ ബന്ദികളാക്കപ്പെട്ടവരുടെ ജീവൻ അപകടത്തിലാണെന്ന് ഹമാസ് നിരന്തരം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇസ്രയേലിന്റെ ബോംബാക്രമണത്തില്‍ ചിലർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ടായിരുന്നു. അതേസമയം ഗാസയില്‍ കരയാക്രമണം ശക്തമാക്കിയിരിക്കുകയാണ് ഇസ്രയേല്‍.