ദില്ലി: സുകേഷ് ചന്ദ്രശേഖർ സൂത്രധാരനായ 200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ ബോളിവുഡ് നടി ജാക്വലിൻ ഫെർണാണ്ടസ് സുപ്രീം കോടതയിൽ അപ്പീൽ നൽകി. 200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് നടി സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിച്ചത്. കേസ് റദ്ദാക്കാനാകില്ലെന്ന ദില്ലി ഹൈക്കോടതി ഉത്തരവിനെതിരെയാണ് ജാക്വലിൻ ഫെർണാണ്ടസ് സുപ്രീം കോടതിയെ സമീപിച്ചത്.
കേസിൽ 2022 ൽ പട്യാല കോടതിയിൽ നിന്ന് ജാമ്യം നേടിയ ജാക്വലിൻ ഫെർണാണ്ടസ് വർഷങ്ങളായി നിയമ പോരാട്ടത്തിലാണ്. കേസിലെ ഒന്നാം പ്രതി സുകേഷിൽ നിന്ന് സമ്മാനങ്ങൾ കരസ്ഥമാക്കിയതുൾപ്പെടെയുള്ള ആരോപണങ്ങളാണ് ജാക്വിലിൻ നേരിടുന്നത്. തട്ടിപ്പിൽ ഒരു പങ്കുമില്ലെന്നും തട്ടിപ്പിനെക്കുറിച്ച് അറിവില്ലെന്നുമാണ് നടി പറയുന്നത്. തട്ടിപ്പിനെക്കുറിച്ച് അറിവില്ലാതെയാണ് സമ്മാനങ്ങൾ സ്വീകരിച്ചതെന്നുമാണ് ജാക്വിലിന്റെ വാദം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഫോർട്ടിസ് ഹെൽത്ത് കെയർ മുൻ പ്രമോട്ടർ ശിവിന്ദർ സിങ്ങിന്റെ ഭാര്യ അതിഥി സിങ് നൽകിയ പരാതിയിൽ ദില്ലി പൊലീസാണ് 200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസെടുത്തത്. ആദ്യം സുകേഷിനെയും പിന്നീട് ഭാര്യയും നടിയുമായ ലീന മരിയ പോളിനെയും അറസ്റ്റ് ചെയ്തിരുന്നു. കേസിൽ ഇരുപതിലധികം പേർ അറസ്റ്റിലായിട്ടുണ്ട്. ദില്ലി പൊലീസ് സ്പെഷ്യൽ സെല്ലിന്റെ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയാണ് കേസ് രജിസ്റ്റ് ചെയ്തത്.
സുകേഷ് ചന്ദ്രശേഖർ സൂത്രധാരനായ 200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ കൂട്ടുപ്രതിയായ നടിയും മോഡലുമായ ലീന മരിയ പോളടക്കമുള്ളവർ ജയിലിലാണ്. ആരോഗ്യകാരണങ്ങൾ അടക്കം ചൂണ്ടിക്കാട്ടി ലീന നൽകിയ ജാമ്യാപേക്ഷ ഇക്കഴിഞ്ഞ ജൂണിൽ സുപ്രീംകോടതി തള്ളിയിരുന്നു. ഹൈക്കോടതി വാദം കേൾക്കുന്ന സാഹചര്യത്തിൽ ഇടപെടുന്നില്ലെന്നാണ് സുപ്രീം കോടതി അന്ന് അറിയിച്ചത്. മൂന്നര വർഷമായി താൻ ജയിലിൽ ആണെന്നും വേഗത്തിൽ ഹൈക്കോടതി തീരുമാനമെടുക്കുന്നില്ലെന്നും ലീന ജാമ്യാപേക്ഷ വാദിച്ചിരുന്നു.
വേഗത്തിൽ ഹർജി പരിഗണിക്കാൻ സുപ്രീംകോടതി ഹൈക്കോടതിക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്. ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയറിന്റെ മുന്‍ പ്രമോട്ടര്‍ ശിവേന്ദര്‍ സിങ്ങിന്റെ ഭാര്യയെ കബളിപ്പിച്ച് സുകേഷും സംഘവും 200 കോടി വാങ്ങി തട്ടിപ്പ് നടത്തിയെന്നാണ് കേസ്. വായ്പ തട്ടിപ്പ്, കള്ളപണം വെളുപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്ക് ജയിലില്‍ കഴിയുന്ന ശിവേന്ദര്‍ സിങ്ങിനെയും സഹോദരന് മല്‍വീന്ദര്‍ മോഹന്‍ സിങ്ങിനെയും പുറത്തിറക്കാന്‍ 200 കോടി രൂപ ആവശ്യപ്പെടുകയായിരുന്നു. കേസില്‍ 2021 ലാണ് ലീന മരിയ പോളിനെ പൊലീസ് അറസ്റ്റ് ചെയ്തത്.