പത്തനംതിട്ട : ഒരുവർഷത്തോളം പലദിവസങ്ങളായി 10 വയസ്സുകാരിക്കെതിരെ ഗുരുതരമായ നിലയിൽ ലൈംഗികാതിക്രമം കാട്ടിയ 72 കാരൻ റിമാൻഡിൽ. വെച്ചൂച്ചിറ ചേത്തക്കൽ കാക്കാരിക്കൽ വീട്ടിൽ സാമൂവൽ മകൻ പൊടിയൻ എന്ന് വിളിക്കുന്ന സൈമൺ (72) ആണ് വെച്ചൂച്ചിറ പോലീസിന്റെ പിടിയിലായത്. ഇയാളുടെ വീട്ടിൽ കൊച്ചുമകളുടെ അടുക്കൽ ട്യൂഷൻ പഠിക്കാനെത്തുന്ന ബാലികയെയാണ് 2020 ൽ പലദിവസങ്ങളിൽ പീഡനത്തിന് വിധേയയാക്കിയത്. ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ഈമാസം 23 വരെയുള്ള കാലയളവിൽ പലതവണ ലിംഗപ്രദർശനം നടത്തുകയും മറ്റും ചെയ്ത പ്രതിയെ ലൈംഗിക പീഡനത്തിനും പോക്സോ നിയമപ്രകാരവും എടുത്ത കേസിൽ,വീട്ടിൽ നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു. 25 ന് ചൈൽഡ് ലൈനിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ വെച്ചൂച്ചിറ പോലീസ് സ്റ്റേഷനിലെ ആശാ ഗോപാലകൃഷ്ണൻ കുട്ടിയുടെ വീട്ടിലെത്തി, വിശദമായ മൊഴി രേഖപ്പെടുത്തി, തുടർന്ന് എസ് ഐ സണ്ണിക്കുട്ടി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐ പി എസ് ന്റെ നിർദേശപ്രകാരം അന്വേഷണം ഊർജ്ജിതമാക്കുകയും, പ്രതിയെ അന്നുരാത്രിതന്നെ ഇയാളുടെ വീട്ടിൽ നിന്നും കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. തുടർന്ന് വിശദമായ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. വെച്ചൂച്ചിറ പോലീസ് ഇൻസ്‌പെക്ടർ അവധിയായതിനാൽ റാന്നി ഡി വൈ എസ് പി മാത്യു ജോർജ്ജിന്റെ നിർദേശാനുസരണം പെരുമ്പെട്ടി പോലീസ് ഇൻസ്‌പെക്ടറായ ജോബിൻ ജോർജ്ജ് തുടർ നടപടികൾ സ്വീകരിച്ചു. അന്വേഷണസംഘത്തിൽ വെച്ചൂച്ചിറ പോലീസ് ഇൻസ്‌പെക്ടർ ജർലിൻ വി സ്കറിയ, എസ് ഐ സണ്ണിക്കുട്ടി, എ എസ് ഐ സുഭാഷ്, സി പി ഒ മാരായ അലക്സ്, സുമിൽ, ആശ എന്നിവരാണുള്ളത്.