തിരുവനന്തപുരം: നര്‍ത്തകി മന്‍സിയയ്ക്ക് കൂടല്‍മാണിക്യം ഉത്സവത്തോടനുബന്ധിച്ചുള്ള ‘നൃത്തോല്‍സവത്തില്‍’ പങ്കെടുക്കാന്‍ അവസരം നിഷേധിച്ചതില്‍ പ്രതിഷേധവുമായി ഡിവൈഎഫ്ഐ.
‘ശാസ്ത്രീയ നൃത്തരൂപങ്ങള്‍ സ്വായത്തമാക്കിയത് കൊണ്ട് മത യഥാസ്ഥിതികരില്‍ നിന്ന് നേരത്തേ കനത്ത എതിര്‍പ്പുകള്‍ നേരിടേണ്ട വന്ന കലാകാരിയാണ് മന്‍സിയ. സാമൂഹ്യ പരിവര്‍ത്തനത്തിന് വലിയ ചുവട് വെപ്പ് നടത്തിയ ഇത്തരം പ്രതിഭകളെ പ്രോത്സാഹിപ്പിക്കുകയാണ് പരിഷ്കൃത സമൂഹം ചെയ്യേണ്ടത്. അന്ധവിശ്വാസങ്ങളെ അകറ്റി നിര്‍ത്തിക്കൊണ്ട് കേരളത്തിന്റെ പൊതു ഇടങ്ങളെ മതേതരമായ കലാ സാംസ്കാരിക കൂട്ടായ്മകള്‍ക്കുള്ള വേദിയാക്കി മാറ്റണം.’- ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
മന്‍സിയ ശ്യാം എന്ന പേരില്‍ അപേക്ഷ നല്കിയപ്പോള് അംഗീകരിക്കുകയും പിന്നീട് അവര്‍ ഹിന്ദുമതത്തില്‍ പെട്ടയാളല്ലെന്ന് മനസിലായപ്പോള്‍ അംഗീകാരം പിന്‍വലിക്കുകയും ചെയ്തു എന്നാണ് ക്ഷേത്ര ഭരണ സമിതി ഈ വിഷയത്തില്‍ നല്‍കിയിരിക്കുന്ന വിശദീകരണം. ഇത് സാംസ്കാരിക കേരളത്തിന് അങ്ങേയറ്റം അപമാനമാണെന്നും ഡിവൈഎഫ്ഐ വിമര്‍ശനം ഉയര്‍ത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മന്‍സിയയ്ക്ക് അവസരം നിഷേധിച്ചതിന് പിന്നാലെ ക്ഷേത്രം തന്ത്രി പ്രതിനിധി രാജിവെച്ചിരുന്നു. ഭരണസമിതിയില്‍ നിന്നാണ് തന്ത്രി പ്രതിനിധി എന്‍പിപി നമ്പൂതിരി രാജിവെച്ചത്. ഹൈന്ദവരായ കലാകാരന്മാര്ക്കാണ് പരിപാടി അവതരിപ്പിക്കാന്‍ അവസരം എന്ന് വ്യക്തമായിയാണ് പത്രപരസ്യം എന്നായിരുന്നു സംഭവത്തില്‍ കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്റെ വിശദീകരണം. ഏപ്രില്‍ 21ന് ആറാം ഉത്സവദിനത്തില്‍ ഉച്ചക്കുശേഷം നാലുമുതല്‍ അഞ്ചുവരെ ഭരതനാട്യം അവതരിപ്പിക്കാന്‍ നോട്ടീസിലടക്കം പേര് അച്ചടിച്ച ശേഷമാണ് ക്ഷേത്ര ഭാരവാഹികള്‍ മന്‍സിയക്ക് അവസരം നിഷേധിച്ചത്.