കണ്ണൂര്‍: അമല്‍ നീരദ് -മമ്മൂട്ടിയുടെ ചിത്രം ഭീഷ്മപര്‍വം സ്റ്റൈല്‍ ‘ചാമ്പിക്കോ’ ഫോട്ടോഷൂട്ടുമായി സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജനും സംഘവും. ജയരാജന്റെ മകന് ജെയിന് രാജ് ആണ് ഫോട്ടോഷൂട്ടിന്റെ വിഡിയോ ‘തലൈവര്‍’ എന്ന തലക്കെട്ടോടെ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്. ഇരുപതോളം പാര്ട്ടിപ്രവര്ത്തകര്ക്കൊപ്പമാണ് ‘മൈക്കളപ്പന്‍’ ആയി ജയരാജന് വിഡിയോയിലെത്തുന്നത്.
സമൂഹ മാധ്യമങ്ങളിലാകെ ഇപ്പോള്‍ വൈറലാണ് ‘ചാമ്പിക്കോ’ ഫോട്ടോ സെഷന്. അഞ്ഞൂറ്റി കുടുംബത്തിലെ മൈക്കളപ്പനായെത്തുന്ന മമ്മൂട്ടി കുടുംബത്തിനൊപ്പം ഗ്രൂപ്പ് ഫോട്ടോ എടുക്കുന്ന രംഗത്തിലെ ‘ചാമ്പിക്കോ’ എന്ന ഡയലോഗും ട്രെന്‍ഡിങ്ങാണ്. സ്റ്റൈലിഷ് ആയ കഥാപാത്രവും സ്ലോ മോഷനും മാസ്മരിക പശ്ചാത്തല സംഗീതവും കൊണ്ട് അമല്‍ നീരദ് സൃഷ്ടിച്ച രംഗം അതേ രീതിയില്‍ റീ ക്രിയേറ്റ് ചെയ്യാനാണ് പലരും മത്സരിക്കുന്നത്. അധ്യാപകര്‍ മുതല്‍ എംഎല്‍എമാര്‍ വരെ ‘ചാമ്പിക്കോ’ ട്രെന്‍ഡിങ് ഫോട്ടോയിലുണ്ട്.