കോട്ടയം : വർഷങ്ങൾക്ക് മുൻപ് കാണാതായ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജ് രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിനി ജെസ്ന മരിയ ജെയിംസിനെ തീവ്രവാദികള്‍ വ്യാജ പാസ്പോര്‍ട്ടില്‍ വിദേശത്തേക്ക് കടത്തിയതായി സംശയമുണ്ടെന്ന് സിബിഎ എഫ്‌ഐആര്‍. ജന്മഭൂമിയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ ജെസ്‌ന ജീവനോടെയുണ്ടെന്ന് പ്രത്യക്ഷത്തില്‍ സിബിഐയും സമ്മതിക്കുകയാണ്.
തിരുവനന്തപുരം സിബിഐ കോടതിയില്‍ സമര്‍പ്പിച്ച എഫ്‌ഐആറില്‍ ജെസ്നയുടെ തിരോധാനത്തിന് പിന്നില്‍ ഗൗരവകരമായ വിഷയമുണ്ടെന്നും ഇതില്‍ അന്തര്‍ സംസ്ഥാന കണ്ണികളുണ്ടെന്നും വ്യക്തമാക്കി. ദൃക്സാക്ഷികളില്ലാത്ത കേസില്‍ സാഹചര്യത്തെളിവുകള്‍ മാത്രമുള്ളതിനാലും തെളിവുകളുടെ കണ്ണികള്‍ കോര്‍ത്തിണക്കേണ്ടതിനാലും അതീവ രഹസ്യമായി അന്വേഷണം പുരോഗമിക്കുന്നതിനാലും തെളിവുകള്‍ ചോര്‍ന്നു പോകാതിരിക്കാന്‍ അഡീഷണല്‍ റിപ്പോര്‍ട്ടായി മുദ്ര വച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എഫ്‌ഐആറിലെ വിവരങ്ങള്‍ ചോരാന്‍ സാധ്യതയുള്ളതിനാല്‍ പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ല. വെളിപ്പെടുത്തിയാല്‍ സുഗമമായ അന്വേഷണത്തെ ബാധിക്കും. സംശയിക്കപ്പെടുന്ന വ്യക്തികള്‍ ഒളിവില്‍ പോകാന്‍ സാധ്യതയുണ്ട്. ചില പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടന്‍ കസ്റ്റഡിയിലാകുമെന്നുമുള്ള സൂചനയും എഫ്‌ഐആറിലുണ്ട്. നേരത്തെ പത്തനംതിട്ട എസ് പിയായിരുന്ന കെജി സൈമണും സമാന രീതിയില്‍ വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരുന്നു. അന്ന് ജെസ്‌ന ചെന്നൈയിലുണ്ടെന്ന സൂചനകളാണ് പുറത്തു വന്നത്. ജെസ്‌നയെ കണ്ടെത്തുന്നതിന് തൊട്ടടുത്തുവരെ എത്തിയെന്നും സൈമണ്‍ സൂചന നല്‍കിയിരുന്നു.
2018 മാര്‍ച്ച് 20നാണ് ജെസ്‌ന മരിയ ജെയിംസിനെ കാണാതായത്. രാവിലെ എരുമേലി മുക്കൂട്ടുതറയിലെ വീട്ടില്‍ നിന്നു പിതൃസഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞു പോയ ജെസ്ന പിന്നെ മടങ്ങിയെത്തിയിട്ടില്ല. 2018 മുതല്‍ ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചിട്ട് തുമ്ബുണ്ടാക്കാന്‍ സാധിക്കാത്ത കേസ് ഏറ്റെടുക്കാന്‍ തയാറാണെന്ന് 2021 ഫെബ്രുവരി 19ന് ഹൈക്കോടതിയില്‍ സിബിഐ ബോധിപ്പിക്കുകയായിരുന്നു. പിന്നാലെ കേസ് സിബിഐ ഏറ്റെടുത്തു.
കേസന്വേഷണത്തില്‍ പൊലീസും ക്രൈംബ്രാഞ്ചും നിഷ്‌ക്രിയത്വം പാലിക്കുന്നതിനാല്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ട് ജെസ്നയുടെ സഹോദരന്‍ ജെയിസ് ജോണ്‍ ജെയിംസും അഡ്വ. സി. രാജേന്ദ്രന്‍ വഴി ക്രിസ്ത്യന്‍ ഫോറവും സമര്‍പ്പിച്ച റിട്ട് ഹര്‍ജിയില്‍ ഹൈക്കോടതി സിബിഐയോട് നിലപാടറിയിക്കാന്‍ ഉത്തരവിട്ടിരുന്നു. സിബിഐ അതീവ രഹസ്യമായി നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് പ്രാഥമിക തെളിവുകള്‍ ശേഖരിച്ച് കേസെടുക്കാന്‍ തയാറാണെന്ന് ഹൈക്കോടതിയില്‍ അറിയിച്ചത്. തുടര്‍ന്ന് അന്വേഷണം ഏറ്റെടുത്ത സിബിഐ തിരുവനന്തപുരം യൂണിറ്റാണ് കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചത്.
അന്വേഷണ ഏജന്‍സികളുടെ വിശ്വാസ്യതയെ പോലും ചോദ്യം ചെയ്യപ്പെടുന്ന കേസായി ജെസ്‌നയുടെ തിരോധാനം മാറിയിരുന്നു. ലോക്കല്‍ പൊലീസില്‍ നിന്നും ജില്ലാ ക്രൈം ബ്രാഞ്ചും പിന്നീട് സംസ്ഥാന ക്രൈം ബ്രാഞ്ചും ഒടുവില്‍ സിബിഐയിലും ജെസ്‌ന കേസിന്റെ അന്വേഷണം എത്തി നില്‍ക്കുന്നു. ഇത്രയും ദുരൂഹതയും വെല്ലുവിളിയും നിറഞ്ഞ ഒരു കേസ് അന്വേഷണ ഏജന്‍സികള്‍ക്ക് മുന്‍പില്‍ അടുത്ത കാലത്തെങ്ങും എത്തിച്ചേര്‍ന്നിട്ടില്ല. ബെംഗളൂരു, പൂണെ, ഗോവ, ചെന്നൈ എന്നിവിടങ്ങളിലെല്ലാം പൊലീസ് അന്വേഷണം നടത്തുകയും പതിനായിരത്തിലധികം ഫോണ്‍ കോളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കും ചെയ്‌തെങ്കിലും യാതൊരു ഫലമുണ്ടായില്ല. എരുമേലി വരെ ജെസ്‌ന പോയതായി സിസിടിവി ദൃശ്യങ്ങളില്‍ തെളിഞ്ഞിരുന്നുവെങ്കിലും അതിനു ശേഷം ജെസ്‌ന എവിടെ പോയി എന്നത് ഉത്തരം കിട്ടാത്ത ചോദ്യമായി തുടരുകയാണ്. നിലവില്‍ സിബിഐ തിരുവനന്തപുരം യൂണിറ്റാണ് ജെസ്‌നയുടെ തിരോധാനക്കേസ് അന്വേഷിക്കുന്നത്.
ലോക്കല്‍ പൊലീസും ക്രൈം ബ്രാഞ്ചും മാറി മാറി അന്വേഷിച്ചിട്ടും കേസില്‍ യാതൊരു പുരോഗതിയും ഇല്ലാത്ത സാഹചര്യത്തില്‍ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അഭിജിത്, ജെസ്‌നയുടെ സഹോദരന്‍ ജെയ്‌സ് ജോണ്‍ എന്നിവര്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കുകയായിരുന്നു. ഇത് പരിഗണിച്ച ഹൈക്കോടതി കേസ് സിബിഐക്ക് കൈമാറാന്‍ ഉത്തരവിടുകയായിരുന്നു. അതിനിടെ എന്നെങ്കിലും തന്റെ മകള്‍ തിരിച്ചു വരുമെന്നും അന്വേഷണ ഏജന്‍സികളില്‍ വിശ്വാസമുണ്ടെന്നും മറ്റൊരു മാതാപിതാക്കള്‍ക്കും ഇത്തരമൊരു അവസ്ഥ ഉണ്ടാകരുതെന്നും ജെസ്‌നയുടെ പിതാവ് ജെയിംസ് പറഞ്ഞു. ഉത്തരമില്ലാത്ത ചോദ്യം മാത്രമായി ജെസ്‌നയുടെ തിരോധാനം അവസാനിക്കരുതെന്നും സത്യം പുറത്തുവരണമെന്നും അതിനായി കാത്തിരിക്കുകയാണെന്നും ജെസ്‌നയുടെ മറ്റു കുടുംബാംഗങ്ങളും വ്യക്തമാക്കുന്നു.