കൊല്ലം : കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ കൈമാറിയ കേസിലെ തൊണ്ടി മുതലായ മൊബൈല്‍ ഫോണ്‍ കോടതിയില്‍ മാറ്റി നല്കിയ പൊലീസുദ്യോഗസ്ഥനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ആയ ഉദ്യോഗസ്ഥനെ കൊല്ലം ജില്ലാ ക്രൈംബ്രാഞ്ച് ആണ് പിടികൂടിയത്. ഗ്രേഡ് എസ് ഐ ഷൂജയാണ് അറസ്റ്റിലായത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ കൊല്ലം പരവൂര്‍ പൊലീസ് സ്റ്റേഷനില്‍ ജോലി ചെയ്യുമ്പോഴാണ് ഷൂജ തൊണ്ടി മുതലില്‍ കൃത്രിമം കാട്ടിയത്. ഓപ്പറേഷന് പി ഹണ്ടിന്റെ ഭാഗമായി ഷൂജയുടെ ബന്ധുവായ ആളുടെ ഫോണ്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.
ഈ ഫോണ്‍ സ്റ്റേഷനില്‍ കൊവിഡ് വോളന്റിയറായി സേവനം നടത്തിയ സെയ് ദലി എന്ന യുവാവിന് ഷൂജ കൈമാറി. പിന്നീട് പുതിയ ഫോണാണ് കോടതിയില്‍ തെളിവായി നല്‍കിയത്. ഐഎംഇഐ നമ്പരില്‍ വ്യത്യാസം കണ്ടപ്പോഴാണ് കൃത്രിമം വ്യക്തമായത്. തുടര്‍ന്ന് പരവൂര്‍ സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിത ഉദ്യോഗസ്ഥയടക്കം ഒമ്പതു പൊലീസുകാരെ സ്ഥലം മാറ്റി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാല്‍ ഷൂജ അപ്പോഴെല്ലാം ആര്‍ക്കും സംശയത്തിന് ഇടനല്‍കിയില്ല. അച്ചടക്ക നടപടിക്ക് വിധേയരായ പൊലീസുകാര്‍ അന്വേഷണം ആവശ്യപ്പെട്ടതോടെയാണ് കൊല്ലം ജില്ലാ ക്രൈംബ്രാഞ്ചിന് അന്വേഷണം ഏല്‍പ്പിച്ചത്. ഐ എം ഇ എ നമ്പര്‍ വച്ചുള്ള അന്വേഷണത്തില്‍ ക്രൈംബ്രാഞ്ച് സെയ്ദലിയാണ് ഫോണ്‍ ഉപയോഗിച്ചിരുന്നതെന്ന് വ്യക്തമായി.
ഇതിനിടെ വാഹന മോഷണ കേസില്‍ അറസ്റ്റിലായ സെയ്ദാലിയെ ചോദ്യം ചെയ്തപ്പോഴാണ് തൊണ്ടി മാറ്റിയത് ഷൂജയാണെന്ന് വ്യക്തമായത്. കുറച്ചു ദിവസം സൂക്ഷിക്കണമെന്ന് പറഞ്ഞാണ് ഷൂജ തനിക്ക് മൊബൈല്‍ കൈമാറിയതെന്ന് സെയ്ദാലി ക്രൈംബ്രാഞ്ചിനെ അറിയിച്ചു.ഇതോടെയാണ് ഷൂജയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. പൊലീസ് അസോസിയേഷനിലെ സ്വാധീനം ഉപയോഗിച്ച് കേസ് ഇല്ലാതാക്കാന്‍ ഷൂജ ശ്രമിച്ചിരുന്നു. എന്നാല്‍ സ്ഥലം മാറ്റ നടപടിക്ക് വിധേയരായ ഉദ്യോഗസ്ഥരുടെ സമ്മര്‍ദ്ദം ശക്തമായതോടെയാണ് ഷൂജയെ അറസ്റ്റ് ചെയ്യാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്.