കണ്ണൂർ: സി.പി.എമ്മിന്റെ 22 ആമത് പാർട്ടി കോൺഗ്രസിന് കണ്ണൂരിൽ തുടക്കമായി. പൊതുസമ്മേളനവേദിയായ എ.കെ.ജി നഗറിൽ വൈകിട്ട് സ്വാഗതസംഘം ചെയർമാൻകൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ പതാക ഉയർത്തി. ഇ.കെ. നായനാരുടെ പേരിലുള്ള അക്കാദമിയങ്കണത്തിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് പ്രതിനിധി സമ്മേളനം.
ഏപ്രിൽ ആറ് ബുധനാഴ്ച രാവിലെ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പാർട്ടി കോൺഗ്രസ് ഉദ്ഘാടനം ചെയ്യും. സി.പി.ഐ ജനറൽ സെക്രട്ടറി ഡി.രാജ അഭിവാദ്യം ചെയ്യും. പ്രതിനിധികളും നിരീക്ഷകരും കേന്ദ്ര കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെ 815 പേരാണ് കോൺഗ്രസിൽ പങ്കെടുക്കുന്നത്. അതേസമയം പാർട്ടി അംഗത്വത്തിൽ ഇടിവുണ്ടായെന്ന സി.പി.എം സംഘടനാ റിപ്പോർട്ട് പുറത്തു വന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പാർട്ടിയ്ക്ക് സ്വാധീനവും ഭരണവുമുണ്ടായിരുന്ന പശ്ചിമബംഗാളിലും ത്രിപുരയിലും ബി.ജെ.പിയുടെ വളർച്ച തിരിച്ചറിഞ്ഞില്ലെന്നും റിപ്പോർട്ടിലുണ്ട്. ആർ.എസ്.എസ് സ്വാധീനം മനസിലാക്കുന്നതിൽ പാർട്ടി പരാജയപ്പെട്ടു. പല സംസ്ഥാനങ്ങളിലും ബിജെപിയ്ക്ക് പകരം മറ്റ് പാർട്ടികളെ എതിർത്തു. പാർട്ടി ക്ളാസുകളിൽ ആർഎസ്എസിനെക്കുറിച്ച് പഠനം നിർബന്ധമാക്കണമെന്നും പുതിയ സിസി തെറ്റുതിരുത്തൽ രേഖ നടപ്പാക്കണമെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.