പനച്ചിക്കാട് : മുഴുവൻ വീടുകളിലും കുടിവെള്ളം എത്തിക്കുന്നതിനും കാർഷിക പാരമ്പര്യം തിരികെ കൊണ്ടുവരുന്നതിനും പഞ്ചായത്തിനെ പൂർണമായും മാലിന്യമുക്തമാക്കുന്നതിനും തുക നീക്കിവച്ച് പനച്ചിക്കാട് ഗ്രാമ പഞ്ചായത്ത് ബജറ്റ് പാസാക്കി. 42 കോടി 31 ലക്ഷത്തി രണ്ടായിരം രൂപ വരവും 40 കോടി 5 ലക്ഷത്തി പന്ത്രണ്ടായിരം രൂപ ചിലവും രണ്ടു കോടി 25 ലക്ഷത്തി തൊണ്ണൂറായിരം രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡന്റ് റോയി മാത്യു അവതരിപ്പിച്ചത്. ആയുർവേദ സുഗന്ധദ്രവ്യമായ ചന്ദനത്തിന്റെ തൈ വീടുകളിൽ നട്ടുവളർത്തുന്നതിന് ചന്ദനമഴ എന്ന പദ്ധതിയും തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ 15000 വീടുകളിലും തെങ്ങിൻ തൈ നടുന്നതിന് കേര ഗ്രാമം പദ്ധതിയും നടപ്പിലാക്കും.
ഹരിത കർമ്മസേന ശേഖരിക്കുന്ന പ്ലാസ്റ്റിക്ക്മാലിന്യം കൊണ്ട് നിർമ്മിക്കുന്ന ചെടിച്ചട്ടികളിൽ തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് ഫലവൃക്ഷ തൈകൾ നട്ട് വീടുകളിൽ വിതരണം ചെയ്യുന്ന മധുരം – മാലിന്യം എന്ന സമഗ്ര മാലിന്യ നിർമാർജന പരിപാടി നടപ്പിലാക്കുവാൻ തുക നീക്കിവയ്ക്കും.ജൽ ജീവൽ മിഷൻ പദ്ധതി വഴി മുഴുവൻ വീടുകളിലും കുടിവെള്ളമെത്തിക്കും. കിണറുകൾ റീചാർജ് ചെയ്യും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ദിവസ വേതനത്തിന് ജീവനക്കാരെ നിയമിച്ചും ഈ ആവശ്യത്തിനായി ഇലക്ട്രിക്ക് വാഹനം വാങ്ങിയും , പരാതി രഹിതമായി മുഴുവൻ വഴി വിളക്കുകളും പ്രകാശിപ്പിക്കുന്നതിനും പുതിയത് സ്ഥാപിക്കുന്നതിനും പൗർണ്ണമി പദ്ധതി ഈ വർഷം നടപ്പിലാക്കും. പഞ്ചായത്തിന്റെ ശ്മശാന ഭൂമിയിൽ വാതക ശ്മശാനം നിർമിക്കും. പാതിയപ്പള്ളിക്കടവിൽ കുട്ടികളുടെ പാർക്ക്, ഗ്രാമീണചന്ത എന്നിവ തുടങ്ങും. പാറയ്ക്കൽ കടവും പടിയറക്കടവും പ്രാദേശിക ടൂറിസം കേന്ദ്രങ്ങളാക്കും. നെൽകൃഷിയുൾപ്പെടെ കാർഷിക മേഖലയുടെ ഉൽപ്പാദന വർദ്ധനവ് ലക്ഷ്യമിട്ട് 3 കോടി രൂപ നീക്കി വച്ചു.
ജീവിത ശൈലീ രോഗികളെ വീടുകളിൽ ചെന്ന് പ്രഷർ, ഷുഗർ, കൊളസ്ട്രോൾ എന്നിവ പരിശോധിക്കുന്നതിനായി ആരോഗ്യ ഗ്രാമം പദ്ധതി ക്യാൻസർ , വൃക്കരോഗം തുടങ്ങിയ മാരക രോഗങ്ങൾ ബാധിച്ച പാവപ്പെട്ട രോഗികൾക്ക് മരുന്നും ഡയാലിസിസ് കിറ്റും നൽകുന്ന കാരുണ്യ പദ്ധതി എന്നിവ നടപ്പിലാക്കുവാൻ ബജറ്റിൽ തുക വകയിരുത്തിയതായും അഭ്യസ്തവിദ്യരായ പട്ടികജാതി വിഭാഗത്തിന് പി എസ് സി പരീക്ഷാ പരിശീലനത്തിനായി ലക്ഷ്യ പദ്ധതി നടപ്പാക്കുമെന്നും വൈസ് പ്രസിഡന്റ് റോയി മാത്യു പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് ആനി മാമ്മൻ അദ്ധ്യക്ഷത വഹിച്ചു.