മിമിക്രി കലാകാരൻ പാമ്പാടി ലെനീഷിന്റെ കൊലപാതകം : പ്രതികൾക്ക് ശിക്ഷ വാങ്ങി നൽകിയത് പൊലീസ് – പ്രോസിക്യൂഷൻ മികവ് : കൊലപാതകമടക്കം എല്ലാത്തിനും നേരിട്ട് തെളിവ് കണ്ടെത്തി പൊലീസ്

കോട്ടയം : പാമ്പാടിയിൽ മിമിക്രി കലാകാരൻ ലെനീഷിന്റെ കൊലപ്പെടുത്തി ചാക്കിൽക്കെട്ടി തള്ളിയ കേസിൽ നിർണ്ണായകമായത് പൊലീസിന്റെയും പ്രോസിക്യൂഷന്റെയും മികവ്. പഴുതുകൾ എല്ലാം അടച്ച് തലനാരിഴ കീറി നടത്തിയ അന്വേഷണവും , ഇടർച്ചയില്ലാതെ ആ തെളിവുകൾ കോടതിയിൽ അവതരിപ്പിക്കാൻ സാധിച്ചതുമാണ് കേസിൽ പ്രതികൾക്ക് ശിക്ഷ വാങ്ങി നൽകിയത്.  സെയിൽസ്മാനും മിമിക്രിതാരവുമായിരുന്ന ചങ്ങനാശേരി മുങ്ങോട്ടുപുതുപ്പറമ്പിൽ ലെനീഷിനെ(31) കൊലപ്പെടുത്തി ചാക്കിൽക്കെട്ടി റോഡരികിൽ തള്ളുകയായിരുന്നു.

Advertisements

ലെനീഷിന്റെ കാമുകിയും എസ്.എച്ച് മൗണ്ടിനു സമീപം നവീൻ ഹോം നഴ്സിങ്ങ് സ്ഥാപന ഉടമയുമായ തൃക്കൊടിത്താനം കടമാൻചിറ പാറയിൽ പുതുപ്പറമ്പിൽ ശ്രീകല, ക്വട്ടേഷൻ സംഘാംഗങ്ങളായ മാമ്മൂട് കണിച്ചുകുളം വെട്ടിത്താനം ഷിജോ സെബാസ്റ്റിയൻ (28), ദൈവംപടി ഗോപാലശേരിൽ ശ്യാംകുമാർ (ഹിപ്പി ശ്യാം -31), വിത്തിരിക്കുന്നേൽ രമേശൻ (ജൂഡോ രമേശൻ, 28)  എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. കൊലപാതകം നടത്തിയ ശേഷം പ്രതികൾ ചേർന്ന് മനുമോന്റെ ഓട്ടോറിക്ഷയിലാണ് മൃതദേഹം പാമ്പാടിയ്ക്കു സമീപം റോഡരികിൽ ഉപേക്ഷിച്ചത്. കേസിലെ അഞ്ചാം പ്രതിയായ കൊച്ചുതോപ്പ് പാറാംതോട്ടത്തിൽ മനുമോനെ (24) പ്രോസിക്യൂഷൻ മാപ്പ് സാക്ഷിയാക്കിയിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേസിൽ ഏറെ നിർണ്ണായകമായ നീക്കമായിരുന്നു ഇത്. കേസിൽ കൊലപാതകം ഒഴികെ എല്ലാ പ്രവർത്തനങ്ങൾക്കും പ്രതികൾക്കൊപ്പം മനുവും ഉണ്ടായിരുന്നു. കേസിൽ മനു മാപ്പ് സാക്ഷിയായതോടെ ഈ തെളിവുകൾ എല്ലാം പൊലീസിനും പ്രോസിക്യൂഷനും കോടതിയിൽ കൃത്യമായി തെളിയിക്കാനായി. ഇത് കൂടാതെ കൊല്ലപ്പെട്ട ലെനീഷും പ്രതികളും തമ്മിലുള്ള ബന്ധവും കൃത്യമായി തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചു. കൊലപാതകം നടന്ന സ്ഥലത്ത് നിന്ന് പ്രതികളായ ശ്രീകലയുടെയും , ഷിജോയുടെയും രക്തം ലഭിച്ചിരുന്നു. ഈ രക്ത സാമ്പിളുകൾ പ്രതികളുടേതാണ് എന്ന് കോടതിയിൽ തെളിയിക്കാനായതും നിർണ്ണായകമായി.

ഇത് കൂടാതെ ഒന്നാം പ്രതി ശ്രീകല കൊല്ലപ്പെട്ട ലെനീഷിനെ ഫോണിൽ ബന്ധപ്പെട്ടതിനും , പ്രതികൾ തമ്മിൽ നിരന്തരം ഫോണിൽ ബന്ധമുണ്ടായിരുന്നു എന്നതും തെളിയിക്കാൻ പ്രോസിക്യൂഷന് നിഷ്പ്രയാസം സാധിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ഗിരിജ ബിജുവാണ് കോടതിയിൽ ഹാജരായത്. കേസിന്റെ വിധി പ്രസ്താവം കേൾക്കാൻ അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനും പാമ്പാടി സിഐയുമായ ഇപ്പോഴത്തെ എറണാകുളം വിജിലൻസ് ഡിവൈ.എസ്.പി സാജു വർഗീസും , പാമ്പാടിയിലെ അന്നത്തെ എസ്.ഐയും ഇപ്പോഴത്തെ കോട്ടയം ഈസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസറുമായ ഇൻസ്പെക്ടർ യു. ശ്രീജിത്തും കോടതിയിൽ എത്തിയിരുന്നു. അന്ന് കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പിയും നിലവിൽ കോട്ടയം അഡീഷണൽ എസ്.പിയുമായ എസ്.സുരേഷ് കുമാറാണ് കേസ് അന്വേഷിച്ചത്.

Hot Topics

Related Articles