ആലപ്പുഴ: അപ്പര്‍കുട്ടനാട് പാടശേഖരങ്ങള്‍ക്ക് വേനല്‍മഴ ഭീഷണിയാകുന്നു. വിളവെത്താറായ പാടങ്ങളില്‍ നെല്ല് പൂര്‍ണമായും വെള്ളത്തിലായി. കഴിഞ്ഞ ഏതാനും ദിവസമായി വേനല്‍മഴ ശക്തമായതോടെയാണ് പാടശേഖരങ്ങളില്‍ വെള്ളം നിറഞ്ഞത്. പത്തനംതിട്ട ജില്ലയിലെ നെല്ലുത്പാദനത്തിന്റെ 70 ശതമാനവും പെരിങ്ങര, കടപ്ര, നിരണം, നെടുന്പ്രം പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന അപ്പര്‍കുട്ടനാട് മേഖലയിലാണ്.
പ്രളയക്കെടുതിയിലായിരുന്നതിനാല്‍ ഇത്തവണ കൃഷി താമസിച്ചാണ് തുടങ്ങിയത്. സാധാരണ നിലയില്‍ ഒക്ടോബറില്‍ ആരംഭിക്കേണ്ട കൃഷി ഇത്തവണ പൂര്‍ത്തിയായത് ജനുവരിയിലാണ്. 90 ദിവസം കൊണ്ട് പാകമാകുന്ന മണിരത്‌നം വിത്ത് പലയിടത്തും പരീക്ഷിച്ചിരുന്നു. എന്നാല്‍ മൂന്നു മാസം പോലും ആകുന്നതിനു മുന്‍പ് മഴ എത്തിയത് ഇത്തരം കര്‍ഷകരെ വിഷമത്തിലാക്കി. 125 മുതല്‍ 130 ദിവസം വരെ വേണ്ടിവരുന്ന ഉമയും വിതച്ചവരുണ്ട്.