കൊച്ചി: കനത്ത പ്രതിഷേധങ്ങള്‍ക്കിടെ ഏകീകൃത കുര്‍ബാന അര്‍പ്പിച്ച് എറണാകുളം അങ്കമാലി അതിരൂപത. വിമത വിഭാഗം പ്രതിഷേധത്തിനൊരുങ്ങുമെന്ന സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയിലായിരുന്നു കുര്‍ബാന. സെന്റ്മേരീസ് ബസിലിക്കയില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ നേതൃത്വത്തില്‍ ആണ് പരിഷ്കരിച്ച കുര്‍ബാന അര്‍പ്പിച്ചത്. അതേസമയം എറണാകുളം അങ്കമാലി അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ആന്റണി കരിയില്‍ കുര്‍ബാന ചടങ്ങില്‍ നിന്ന് വിട്ടു നിന്നു.
1999ലാണ് സിറോ മലബാര്‍ സഭയിലെ ആരാധനാക്രമം പരിഷ്കരിക്കാന്‍ സിനഡ് ശുപാര്‍ശ ചെയ്തത്. അതിന് വത്തിക്കാന്‍ അനുമതി നല്‍കിയത് ഈ വര്‍ഷം ജൂലൈയിലാണ്. കുര്‍ബാന അര്‍പ്പണ രീതി ഏകീകരിക്കാനായിരുന്നു സിനഡ് തീരുമാനം. കുര്‍ബാനയുടെ ആമുഖ ഭാഗം ജനാഭിമുഖമായും പ്രധാനഭാഗം അള്‍ത്താരയ്ക്ക് അഭിമുഖമായും അവസാനഭാഗം ജനാഭിമുഖമായും നിര്‍വഹിക്കുക എന്നതാണ് ഏകീകരിച്ച രീതി. നിലവില്‍ ചങ്ങനാശ്ശേരി അതിരൂപതയിലുളളത് ഏകീകരിച്ച രീതി തന്നെയാണ്. എന്നാല്‍ എറണാകുളം അങ്കമാലി അതിരൂപത,തൃശ്ശൂര്‍, തലശ്ശേരി അതിരൂപതകളില്‍ ജനാഭിമുഖ കുര്‍ബനയാണ് നിലനില്‍ക്കുന്നത്. കുര്‍ബാനയുടെ പാഠം എല്ലാവരും അംഗീകരിച്ചെങ്കിലും അത് അര്‍പ്പിക്കുന്ന രീതിയിലാണ് തര്‍ക്കം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നവംബര്‍ 28 മുതല്‍ സിറോ മലബാര്‍ സഭയിലെ ബസലിക പള്ളികളില്‍ പുതുക്കിയ കുര്‍ബാന നടപ്പാക്കാന്‍ ആയിരുന്നു സിനഡ് നിര്‍ദേശം. എന്നാല്‍ എതിര്‍പ്പുകള്‍ തുടര്‍ന്നതോടെയാണ് ഏകീകൃത കുര്‍ബാന വൈകിയത്. ഏകീകൃത കുര്‍ബാനയെ ചൊല്ലിയുള്ള തര്‍ക്കം തുടരുന്നതിനിടെ ഫ്രാന്‍സിസ് മാര്‍പ്പാപ്പ നേരിട്ടാണ് എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് കത്ത് അയച്ചത്. അതിരൂപത മേജര്‍ ആര്‍ച്ച് ബിഷപ്പ്, വൈദികര്‍, സന്യസ്തര്‍, വിശ്വാസികള്‍ എന്നിവര്‍ക്കാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ കത്ത്.
സിനഡ് നിശ്ചയിച്ച പോലെ 2021 നവംബര്‍ 28 മുതല്‍ എറണാകുളം-അങ്കമാലി അതിരൂപത മാത്രം ഏകീകൃത കുര്‍ബാന നടപ്പാക്കാത്ത് ഖേദകരമാണ്. ഈസ്റ്ററിന് മുമ്പ് സിനഡ് നിശ്ചയിച്ച പോലെ ഏകീകൃത കുര്‍ബാനയിലേക്ക് മാറണം എന്നാണ് കത്തിലെ നിര്‍ദ്ദേശം. വേദനാജനകമാണെങ്കിലും ത്യാഗത്തിന് തയ്യാറാകണം. ഏകീകൃത ക്രമത്തിലേക്ക് മാറാന്‍ സമയം വേണമെങ്കില്‍ ഇടവകകള്‍ക്ക് ആവശ്യപ്പെടാം. കര്‍ത്താവില്‍ വിതച്ചാല്‍ അവിടത്തൊടൊത്ത് കൊയ്യാമെന്നും കാറ്റ് വിതച്ചാല്‍ കൊടുങ്കാറ്റ് കൊയ്യേണ്ടി വരുമെന്നും വ്യക്തമാക്കിയാണ് മാര്‍പ്പാപ്പ കത്ത് ചുരുക്കുന്നത്.