ന്യൂഡൽഹി : എടിഎം കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള പണം പിന്‍വലിക്കല്‍ രീതി ഇന്ന് സര്‍വ്വ സാധാരണമാണ്. കൊറോണ സമയത്ത് യുപിഐ വഴിയുള്ള പണമിടപാടും എല്ലാവര്ക്കും പരിചിതമായി. ക്യുആര്‍ കോഡ് സ്കാന്‍ ചെയ്തും മൊബൈല്‍ നമ്പര്‍ വഴിയും ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം തുടങ്ങിയ ആപ്ലിക്കേഷനുകള്‍ വഴി പണമിടപാട് നടത്തുന്നവരാണ് ഏറെയും. ഈ സാഹചര്യത്തില്‍ എടിഎമ്മിന്റെ ഉപയോഗവും മുന്‍പില്ലാത്തവിധം കുറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കാനും ഇതേ രീതി നടപ്പാക്കാനൊരുങ്ങുകയാണ് ആര്‍ബിഐ. എടിഎം കൗണ്ടറില്‍ നിന്നും പണം പിന്‍വലിക്കാന്‍ ഇനി കാര്‍ഡ് ആവശ്യമില്ലന്നതാണ് പുതിയ നിർദേശം.
യുപിഐ ഉപയോഗിച്ച് എല്ലാ ബാങ്കുകളില്‍ നിന്നും എടിഎം നെറ്റുവര്‍ക്കുകളില്‍ നിന്നും കാര്‍ഡ് രഹിത രീതിയില്‍ പണം പിന്‍വലിക്കാനുള്ള സൗകര്യം ലഭ്യമാക്കും. രാജ്യത്തെ എല്ലാ ബാങ്കുകളിലെ എടിഎം വഴിയും കാര്‍ഡ് രഹിത പണം പിന്‍വലിക്കല്‍ നടപ്പിലാക്കും. റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കാര്‍ഡ് രഹിത പിന്‍വലിക്കല്‍ രീതി എന്ന് പറയുമ്പോള്‍ തന്നെ നാല് സംശയങ്ങളാണ് പ്രധാനമായും മനസില്‍ വരുന്നത്. എന്താണ് കാര്‍ഡ് രഹിത പണം പിന്‍വലിക്കല്‍ രീതി, ഈ പുതിയ രീതി എന്തിനാണ് ഉപയോഗിക്കുന്നത്, എങ്ങനെയാണ് ഇതുവഴി പണം പിന്‍വലിക്കുക, ഒരാള്‍ക്ക് എത്രരൂപവരെ മിനിമം പിന്‍വലിക്കാം.
ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഇല്ലാതെ തന്നെ എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കാന്‍ സാധിക്കുന്ന രീതിയാണ് കാര്‍ഡ് രഹിത പണം പിന്‍വലിക്കല്‍ രീതി. എടിഎം കൗണ്ടറില്‍ നിന്നും കാര്‍ഡ് ഇല്ലാതെ ഇതുവഴി പണം പിന്‍വലിക്കാന്‍ സാധിക്കും. ചില ബാങ്കുകളില്‍ കാര്‍ഡ് രഹിത പണം പിന്‍വലിക്കല്‍ നിലവിലുണ്ട്. ഇത് മറ്റെല്ലാ ബാങ്കുകളിലേക്കും വ്യാപിപ്പിക്കാനാണ് റിസര്‍വ് ബാങ്കിന്റെ തീരുമാനം.
എങ്ങനെയാണ് ഇതുവഴി പണം പിന്വലിക്കുന്നതെന്നാല്, ഉപഭോക്താവിന്റെ കൈവശം ബാങ്കില്‍ രജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്ബര്‍ ഉള്ള മൈബൈല്‍ ഫോണ്‍ ഉണ്ടായിരിക്കണം. കാര്‍ഡുകള്‍ കൈവശമില്ലാത്ത പക്ഷം എടിഎമ്മില്‍ നിന്നും യുപിഐ വഴി പണം പിന്‍വലിക്കാനുള്ള മെസ്സേജ് ഫോണില്‍ ലഭ്യമാകും. എടിഎമ്മില്‍ കാര്‍ഡ് ഉപയോഗിക്കാതെയുള്ള ഓപ്ഷന് തിരഞ്ഞെടുക്കണം. ശേഷം പിന്‍വലിക്കാന്‍ ആഗ്രഹിക്കുന്ന തുക പിന്‍വലിക്കല്‍ പരിധിക്കുള്ളില്‍ നല്‍കണം. പിന്നാലെ മൊബൈല്‍ നമ്ബറില്‍ ഒടിപി വരും. ഈ ഒടിപി ഉപയോഗിച്ച് പണം പിന്‍വലിക്കാവുന്നതാണ്. ക്യുആര്‍ കോഡ് സ്കാന്‍ ചെയ്തും പണം പിന്‍വലിക്കാന്‍ സാധിക്കും. ഇതിനായി അതത് ബാങ്കിന്റെ ആപ്പ് ഡൗണ്‍ലോഡ് ചെയ്യേണ്ടിതായി വരും.
കാര്‍ഡ് രഹിത രീതി വഴി പണമിടപാടുകള്‍ വേഗത്തില്‍ നിര്‍വ്വഹിക്കാന്‍ സാധിക്കുമെന്നതാണ് ഒരു പ്രത്യേകത. കൂടാതെ എടിഎം തട്ടിപ്പുകള്‍ തടയാനും ഇതുവഴി സാധിക്കും. ഏറ്റവും പ്രധാനപ്പെട്ടത് എന്താണെന്ന് വെച്ചാല്‍ കാര്‍ഡ് എടുക്കാന്‍ മറന്നാലോ മറ്റൊ ഫോണ്‍ ഉണ്ടെങ്കില്‍ നമുക്ക് പണം പിന്‍വലിക്കാന്‍ സാധിക്കും എന്നതാണ്. ഇത്തരത്തിലുള്ള പ്രതിദിന ഇടപാടിന് പരിധിയും ആര്‍ബിഐ നിശ്ചയിച്ചിട്ടുണ്ട്. 5,000 മുതല്‍ 20,000 രൂപ വരെയാണ് ഇങ്ങനെ പിന്‍വലിക്കാന്‍ അനുവദിക്കുന്നത്. എന്നാല്‍ ഓരോ ബാങ്കുകളിലും ഈ പരിധി വ്യത്യാസമായിരിക്കും.
ലോകം വിരല്‍ത്തുമ്പില്‍ കൊണ്ടുവന്ന ഇന്റര്‍നെറ്റിന്റെ വിശാലതയാണ് പണമിടപാടുകളും നമ്മുടെ വിരല്‍ത്തുമ്പില്‍ എത്തിക്കുന്നത്. ഇനി അങ്ങോട്ട് എടിഎം കാര്‍ഡുകളുടെ ഭാരമില്ലാത്ത കീശയുമായി നടക്കാമെന്നര്ത്ഥം.