ന്യൂഡല്‍ഹി: പാചകവാതക വില വര്‍ധനവിനെക്കുറിച്ചുള്ള മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയുടെ ചോദ്യത്തിനു മുന്നില്‍ കുടുങ്ങി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. മഹിളാ കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ നെറ്റ ഡിസൂസയാണ് സ്മൃതി ഇറാനിക്ക് നേരെ ചോദ്യമുയര്‍ത്തിയത്. ഡല്‍ഹി – ഗുവാഹത്തി വിമാനത്തിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. യാത്രക്കാര്‍ ഇറങ്ങുന്നതിനിടെ നടന്ന നാടകീയ സംഭവങ്ങള്‍ നെറ്റ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു.
വിഡിയോ പുറത്തുവന്നതോടെ കോണ്‍ഗ്രസ് നേതാക്കളും ഇതു സൈബര്‍ ഇടങ്ങളില്‍ പങ്കിടുന്നുണ്ട്.യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇന്ധ വിലവര്‍ധനവിനെതിരെ സംസ്ഥാനങ്ങളില്‍ പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്. പാചകവാതക വിലവര്‍ധനവിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കു വാക്‌സീനുകളെയും പാവപ്പെട്ടവരെയുമാണ് സ്മൃതി ഇറാനി കുറ്റപ്പെടുത്തിയതെന്ന് ദൃശ്യങ്ങള്‍ പങ്കുവച്ച് നെറ്റ ഡിസൂസ ട്വീറ്റ് ചെയ്തു. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ സിലണ്ടര്‍ ആക്കി ഇന്നലെ കര്‍ണാടകയില്‍ പോസ്റ്ററുകള്‍ സ്ഥാപിച്ചിരുന്നു. യുപിഎ കാലത്ത് സിലണ്ടര്‍ ഉയര്‍ത്തി തെരുവില്‍ പ്രതിഷേധിച്ച നേതാവാണ് സ്മൃതി ഇറാനി.