കോട്ടയം : ശുഷ്കിച്ച് മൃതപ്രായനായ ഒരാൾ , നേരെ നിൽക്കുവാൻ പോലും നന്നേ ബുദ്ധിമുട്ടിയ ആ യുവാവ് ഒരുപക്ഷേ പ്രതീക്ഷയുടെ ആ ചുവപ്പ് കണ്ടാകും ആ വാതിൽക്കൽ വന്ന് നിന്നത്. സെക്കന്റുകളുടെ വ്യത്യാസത്തിൽ ആ യുവാവിന്റെ പ്രതീക്ഷകൾക്ക് ചിറക് വിടർത്തിക്കൊണ്ട് മുറിക്കുള്ളിൽ നിന്ന് മറുപടിയും പരിഹാരവുമെത്തി. വിശപ്പ് എന്ന മാറാ രോഗത്തിന് അടിമയായിരുന്നു അയാൾ എന്ന് തിരിച്ചറിയുവാൻ മുറിക്കുള്ളിൽ ഇരുന്ന വിദ്യാർത്ഥി നേതാക്കൻമാർക്ക് നിമിഷങ്ങൾ മാത്രം മതിയായിരുന്നു. വിശന്നു വലഞ്ഞ വയറിന് അന്നമായിരുന്നു ആ മുറി . ചരിത്രം എഴുതിച്ചേർത്ത ആക്രമണങ്ങളുടെ തീരാ പ്രതിസന്ധി ഘട്ടത്തിലും തകർന്ന് വിഴാതെ പിടിച്ചു നിന്ന രണ്ട് മുറികൾ ……. കോട്ടയം തിരുനക്കരയിലെ മോട്ടറാഫീസ്.
സിമന്റും മണ്ണും ചേർത്ത് പണിതുയർത്തിയ ഒരു കെട്ടിടത്തിന് ആത്മാവ് ഉണ്ടാകുമോ ? ചോദ്യം ഒട്ടും റിയലിസ്റ്റിക്ക് അല്ല. പക്ഷേ ഈ സംശയം അവിടെ ഒരു നേരമെങ്കിലും ചിലവഴിച്ച ആളുകൾക്ക് തോന്നിയിട്ടുണ്ടെങ്കിൽ അത് അത്ഭുതാവഹമല്ല. ആശ അറ്റ നിമിഷങ്ങളിൽ ഇടതുപക്ഷ പ്രവർത്തകർക്ക് ആവേശമായി മാറിയ ഓഫീസ്. ചരിത്രത്തിന്റെ ഇന്നലെകളിൽ എകെജി ഉൾപ്പടെ കടന്ന് വന്ന ഓർമ്മകളുടെ തീരാ കഥ പുസ്തകം . അതായിരുന്നു തിരുനക്കരയിലെ ആ ഇടുങ്ങിയ മുറികൾ .
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആശയങ്കകൾക്ക് വാക്കുകൾ കൊണ്ട് ആവേശം പകർന്ന ഇടം. സാധാരണക്കാരന്റെ ജീവിത സ്വപ്നങ്ങൾക്ക് പ്രതീക്ഷ പകർന്ന കനപ്പെട്ട ചിന്തകൾ ഉദയം കൊണ്ട ഇടം. പലരും പരാജയപ്പെടുമെന്ന് കരുതിയ വലിയ മഹാ സമരങ്ങളുടെ ചിന്തകൾ ബീജാവാപം ചെയ്ത സമരകഥകളുടെ ഈറ്റില്ലം അതായിരുന്നു ആ ഇടുങ്ങിയ മുറി. തുറന്നിട്ട വാതായനങ്ങൾക്ക് വിശാലമായ ഹൃദയത്തിന്റെ ഉൾക്കാമ്പുണ്ട്….
എന്ന് കാട്ടിത്തന്ന ചുമരുകൾ .
മനുഷ്യസ്നേഹത്തിന്റെ മാസ്മരിക ഭാവത്താൽ… പൊരുതുന്ന ജീവിതങ്ങളുടെ കനൽ കണ്ണുകളിൽ തിളക്കമേകുന്ന പ്രതീക്ഷകളുടെയും , പങ്കുവെക്കലുകളുടെയും തീരാത്ത കഥകളുടെ ചരിത്രം എഴുതി ചേർത്ത ,
ഒരുപാട് സൗഹൃദങ്ങൾ പങ്കുവെച്ച സ്വർഗം. അതാണ് കോട്ടയത്തെ സിപിഎമ്മിന് മോട്ടറാഫീസ്.
ഇരവ് പകലുകളിൽ വിശപ്പറിയാതെ സൗഹൃദങ്ങൾ വിപ്ലവം പറഞ്ഞ കേന്ദ്രം. കഥയും കവിതയും രാഷ്ട്രീയവും സമാസമം ചേർത്ത് തയ്യാറാക്കിയെടുത്ത ആശ്വാസത്തിന്റെ കൗൺസലിങ് സെന്റർ അതായിരുന്നു ആ പഴയ മുറി. കവിതകൾ പരിചിതമല്ലാത്ത വരികൾ വാതുറന്നിട്ടില്ലാത്ത ഒരുവനെ കൊണ്ട് പോലും തന്റെ ചുമരിൽ സ്നേഹത്തിന്റെ കുത്തിക്കുറിക്കലുകൾക്ക് പ്രേരിപ്പിക്കുന്ന ലഹരിയുടെ പേര് കൂടിയായിരുന്നു അത്.
ബീഡിക്കറ പുരണ്ട ചുണ്ടുകൾക്കും , പൊടി മീശ വളർന്നു തുടങ്ങിയ മുഖങ്ങൾക്കും ഏറെ പ്രിയങ്കരമായ ഇടം. ഒന്നിനും മറ്റൊന്ന് പകരമാവില്ല. നഗരം ചുറ്റി കറങ്ങി കാണാൻ കണ്ണഞ്ചിപ്പിക്കുന്ന എന്ത് തന്നെ നിരന്നാലും ഒടുവിൽ കയറി വന്നിരിക്കുവാൻ പ്രേരിപ്പിക്കുന്ന ലഹരി നിറഞ്ഞ വികാരത്തിന്റെ വിശാല വേദിയായിരുന്നു ആ ഇടം.
ഇന്ന് ആ ചേർന്നടയാത്ത വാതിലുകളും പൊടി പിടിച്ച , നൂറ്റാണ്ടിന്റെ പഴക്കമുള്ള ഇളകി തുടങ്ങിയ ചുമരുകളും , ആരൊക്കെ യിരുന്നാലും തകർന്ന് വീഴാത്ത വളഞ്ഞ് നിൽക്കുന്ന ബെഞ്ചും എകെജിയും , സുഗുണൻ ചേട്ടനും , ഇഎംഎസും , കൃഷ്ണ പിള്ളയും, അജീഷ് വിശ്വനാഥനും , എല്ലാം എല്ലാം ഓർമ്മയിൽ മറയുകയാണ്……
കരഞ്ഞു കലങ്ങിയ കണ്ണുകളിൽ തിളക്കവും, മിടിപ്പിന്റെ വേഗത കൂടിയ ഹൃദയങ്ങളിൽ ആശയും പകർന്ന സ്നേഹത്തിന്റെ ഇടം കബറടക്കപ്പെട്ടിരിക്കുന്നു. എണ്ണമറ്റ സൗഹൃദങ്ങളുടെ , പകരം വയ്ക്കാനില്ലാത്ത സ്നേഹത്തിന്റെ ബീജം പേറിയ ഇന്നലെകൾ . അതാണ് ഉയർന്ന് പൊങ്ങിയ യന്ത്രക്കൈയിൽ എരിഞ്ഞടങ്ങിയത്. കണ്ണൂരിൽ പാർട്ടി ചരിത്രം രചിക്കുമ്പോൾ കോട്ടയത്തിന് ഇന്ന് നഷ്ടമായിരിക്കുന്നത് പാർട്ടിയുടെ മറ്റൊരു ചരിത്രം കൂടിയാണ്. തലമുറകളുടെ മിനുടസ് എഴുതിച്ചേർത്ത താളുകൾ അവസാനിക്കാത്ത ആ മിനുറ്റ്സ് ബുക്കിന്റെ പുറം ചട്ടയും ഇന്ന് മാറ്റപ്പെട്ടിരിക്കുന്നു.
ശീതീകരിച്ച മുറിയും , സുഖ സംവിധാനങ്ങൾ നിറച്ച പുതിയ കെട്ടിടങ്ങളും നിരത്തി മോട്ടറാഫീസ് എന്ന തിലകക്കുറിയും ചാർത്തി കൂട് മാറിയാലും …… അത് മോട്ടർ തൊഴിലാളികളുടെ കേന്ദ്രം മാത്രമായി അവശേഷിക്കും …… എല്ലാവരുടെയും ഇന്നലെകളിൽ ഒരു പോലെ പ്രിയപ്പെട്ട വാക്കുകൾക്ക് അതീതമായ ആ വികാരമാകണമെങ്കിൽ …… ആവില്ല ….. ആ വില്ലൊരിക്കലും …….
പഴകിപ്പൊളിഞ്ഞ ആ മുറിയിൽ ചരിത്രം ഉറങ്ങുകയായിരുന്നു ഇന്നലെ വരെ , ഇന്ന് വിളിച്ചുണർത്തി പുതുക്കിയ ഇടം സമ്മാനിക്കുമ്പോൾ മരണപ്പെടുന്ന ജീവിതങ്ങൾക്ക് ശാന്തിയുണ്ടാകുമോ ? ഇല്ല ഒരിക്കലുമുണ്ടാവില്ല. കോട്ടയത്തിന്റെ ഹൃദയം തകർന്നു ……. തകർത്തു ….