കോഴിക്കോട്: കോടഞ്ചേരിയില്‍ ക്രിസ്ത്യന്‍ യുവതിയും മുസ്ളീം വിഭാഗത്തില്‍പെട്ട സിപിഎം നേതാവും വിവാഹം കഴിച്ചതിനെ തുടര്‍ന്ന് ഉയര്‍ന്നുവന്ന ലൗ ജിഹാദ് ആരോപണം എതിര്‍ക്കാനാവില്ലെന്ന സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയേറ്റ് അംഗവും മുന്‍ എംഎല്‍എയുമായ ജോര്‍ജ് എം തോമസിന്റെ നിലപാട് നാക്കുപിഴയെന്ന് സിപിഎം. അതേസമയം, ഡിവൈഎഫ്ഐ നേതാവിന്റെ ഒളിച്ചോട്ടം ഒഴിവാക്കാമായിരുന്നുവെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനനല്‍ പറഞ്ഞു.
ഷെജിന്‍ ജോയ്സ്നയുമായി ഒളിച്ചോടിയ നടപടി ശരിയല്ലെന്ന് ജോര്‍ജ് എം തോമസ് വിമര്‍ശിച്ചു. ഇത്തരമൊരു പ്രണയമുണ്ടെങ്കില്‍ പാര്‍ട്ടിയോട് അറിയിക്കണമായിരുന്നു. അടുത്ത സഖാക്കളോടോ പാര്‍ട്ടി ഘടകത്തിലോ സംഘടനയിലോ ആരുമായും ഇതേക്കുറിച്ച് സംസാരിച്ചിട്ടില്ല. ക്രൈസ്തവ സമുദായം വലിയ തോതില്‍ പാര്‍ട്ടിയുമായി അടുക്കുന്ന സമയമാണ്. ഈ ഘട്ടത്തില്‍ ഇത്തരമൊരു നീക്കം പാര്‍ട്ടിക്ക് വലിയ തിരിച്ചടിയാണ് പ്രദേശത്ത് ഉണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജോയ്സ്ന 15 ദിവസം മുന്‍പാണ് വിദേശത്ത് നിന്ന് വന്നത്. 15 ദിവസം കൊണ്ട് ഇത്രയും ആഴത്തിലുള്ള പ്രണയം ഉണ്ടാകുമോയെന്ന് തനിക്ക് അറിയില്ല. ഷെജിനെതിരെ പാര്‍ട്ടി അച്ചടക്ക നടപടിയെടുക്കുമെന്നും ജോര്‍ജ് എം തോമസ് പറഞ്ഞു. ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും അടക്കമുള്ള സംഘടനകള്‍ ഉന്നത വിദ്യാഭ്യാസം നേടിയ വിദ്യാര്‍ത്ഥിനികളെ ലൗ ജിഹാദില്‍ കുടുക്കുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ഡിവൈഎഫ്ഐ നേതാവ് ഷെജിനും ജോയ്സ്നയും തമ്മിലുള്ള വിവാഹം വിവാദമായ സാഹചര്യത്തിലായിരുന്നു ജോര്‍ജ് എം തോമസിന്റെ പ്രതികരണം.
പ്രശ്നത്തില്‍ വിശദീകരണവുമായി ഡിവൈഎഫ്ഐ രംഗത്തെത്തി. സംഘടനാ സംസ്ഥാന ട്രഷറര്‍ എസ്.കെ സജീഷാണ് വിഷയത്തില്‍ സമൂഹമാദ്ധ്യമത്തിലൂടെ വിശദീകരണം നല്‍കിയത്. ഡിവൈഎഫ്ഐ കണ്ണോത്ത് മേഖലാ സെക്രട്ടറി ഷെജിനും പങ്കാളി ജ്യോയ്സ്നയും തമ്മിലെ വിവാഹത്തെ തുടര്‍ന്ന് ഉയര്‍ന്ന ആരോപണങ്ങള്‍ നിര്‍ഭാഗ്യകരമാണ്. പ്രായപൂര്‍ത്തിയായ രണ്ടുപേരുടെ വിവാഹം അവരുടെ മാത്രം സ്വകാര്യ വിഷയമാണ്. ജാതി മത വര്‍ഗ ഭേദമില്ലാതെ പ്രണയിക്കാനും ഒന്നിച്ച് ജീവിക്കാനും ആഗ്രഹിക്കുന്നവര്‍ക്ക് ഡിവൈഎഫ്ഐ പിന്തുണ നല്‍കുമെന്നും സ്ഥാപിതശക്തികള്‍ മനപൂര്‍വം കെട്ടിച്ചമച്ച അജണ്ടയാണ് ലവ്ജിഹാദ് എന്ന പ്രയോഗമെന്നും സജീഷ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ജോര്‍ജ് എം തോമസിന്റെ ആരോപണം ഖേദകരമാണെന്നും ഡിവൈഎഫ്ഐ പറയുന്നു.
അതേസമയം, സ്വന്തം ഇഷ്ടപ്രകാരമാണ് ഷെജിനൊപ്പം ജീവിക്കുന്നതെന്നും തന്നെ തട്ടിക്കൊണ്ടുപോയതല്ലെന്നും ജ്യോത്സന പറഞ്ഞു. ലൗജിഹാദ് എന്നത് തെറ്റായ ആരോപണമാണ്. ഒരിക്കലും മതംമാറാന്‍ ഷെജിന്‍ തന്നെ നിര്‍ബന്ധിച്ചിട്ടില്ല. മരിക്കുവോളം തന്റെ മതവിശ്വാസം അനുസരിച്ച് ജീവിക്കുമെന്നും ജ്യോത്സന പറഞ്ഞു.തനിക്കെതിരെ വര്‍ഗീയ ശക്തികള്‍ വ്യക്തിഹത്യക്ക് ശ്രമിക്കുകയാണെന്ന് ഷിജിന് പറഞ്ഞു. മൃഗീയമായ സൈബര്‍ ആക്രമണം നടക്കുന്നു. നാട്ടിലെ ചില വര്‍ഗീയ സംഘടനകളും വ്യക്തികളുമാണ് ഇതിന് പിന്നില്‍. വിഷയത്തില്‍ പാര്‍ട്ടി പ്രാദേശിക നേതൃത്വവും ഡി വൈ എഫ് ഐയും എല്ലാ സംരക്ഷണവും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ഷെജിന്‍ പറഞ്ഞു. തങ്ങള്‍ക്കെതിരെ വധഭീഷണി നിലനില്‍ക്കുന്നുണ്ടെന്നും ഇരുവരും പറഞ്ഞു