മീഡിയ ഡെസ്ക്ക് : സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന ഒരു ചിത്രമുണ്ട്. അന്തരിച്ച സിപി എം നേതാവ് ജോസഫൈനെ പാർട്ടി കോൺഗ്രസ് വേദിയിൽ കൈ പിടിച്ചു നടത്തുന്ന ഒരു പെൺകുട്ടിയുടെ ചിത്രം . റെഡ് വളണ്ടിയർ വേഷത്തിൽ ജോസഫൈനെ ചേർത്തുപിടിച്ച് നടക്കുന്നത് അഞ്ജലിയാണ്. പയ്യന്നൂരിൽ നിന്നുള്ള എസ് എഫ് ഐ നേതാവ്. മരണത്തിന് തൊട്ട് മുൻപുള്ള നിമിഷം വരെയും മാധ്യമ പൊതുബോധം ആക്ഷേപ ശരങ്ങൾ ഉയർത്തിയ , വനിതാ കമ്മീഷൻ അദ്ധ്യക്ഷയായിരുന്ന ഒരു സ്ത്രീ ….. തികഞ്ഞ കമ്യൂണിസ്റ്റ്, ജീവിതമാകെയും ഒടുവിൽ മരണം കൊണ്ട് പോലും കമ്യൂണിസ്റ്റ് എന്ന് തെളിയിച്ച വ്യക്തിത്വം. മരണം ആളുകളെ വിശുദ്ധരാക്കുന്ന പൊതുബോധത്തിന്റെ ജല്പനങ്ങൾ പക്ഷെ അവർക്ക് അവിശ്യമില്ല. മരണത്തിന് ശേഷം താരാട്ട് പാടുന്ന ആളുകൾ ഇടയ്ക്കെപ്പോഴെങ്കിലും അവരുമായി ഒരു നിമിഷം ചിലവഴിച്ചിരുന്നെങ്കിൽ ഒരു പക്ഷേ ഈ ആക്രമണ ശരങ്ങൾ അവർക്ക് ഉന്നയിക്കുവാൻ കഴിഞ്ഞേക്കില്ല.
അവസാന നിമിഷങ്ങളിൽ സഖാവിനൊപ്പം ചിലവഴിച്ച എസ് എഫ് ഐ പ്രവർത്തകയ്ക്കും പറയാനുള്ളത് അത് മാത്രമാണ്. സ്നേഹത്തിന്റെ പുതിയ ഭാവത്തെ പകർന്ന് നൽകി ഓർമ്മകൾ അവസാനിപ്പിച്ച് കടന്നുപോയ ഒരു കമ്യൂണിസ്റ്റ്കാരിയെ കുറിച്ച് അഞ്ജലി ഫെയ്സ്ബുക്കിൽ കുറിച്ച പോസ്റ്റ് വൈറലാവുകയാണ് ……
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അഞ്ജലിയുടെ കുറിപ്പ്:
സ്റ്റാലിന്റെ വരവ് പ്രതീക്ഷിച്ച് അക്ഷമയോടെ കാത്തിരുന്ന കണ്ണൂർ നഗരത്തിന്റെ തിരക്കിനെ കീറി മുറിച്ചു കൊണ്ടായിരുന്നു സമ്മേളന നഗരിയിൽ നിന്നും പുറപ്പെട്ട ആംബുലൻസ് കടന്നു പോയത്. അൽപ സമയം മുൻപ് വരെ ചിരിയോടെ എതിരേറ്റ ജോസഫൈൻ സഖാവായിരുന്നു ആ ആംബുലൻസിൽ എന്നറിഞ്ഞത് വല്ലാത്തൊരു തരം മരവിപ്പോടെയായിരുന്നു . ജോസഫൈൻ സഖാവിനെ മുമ്പൊരിക്കലും ഞാൻ നേരിട്ടു കണ്ടിട്ടോ സംസാരിച്ചിട്ടോ ഇല്ലായിരുന്നു. പാർട്ടികോൺഗ്രസ് വേദിയിലെ രണ്ടാംദിനം ദീഷ്ണേച്ചിയായിരുന്നു എന്നെ സഖാവിനടുത്തേക്ക് അയച്ചത്.
ജോസഫൈൻ സഖാവിന്റെ എല്ലാകാര്യങ്ങളും നോക്കി കൂടെ ഉണ്ടാവണം എന്ന നിർദ്ദേശം ലഭിക്കുമ്പോൾ അല്പം ആശങ്കയോടെയായിരുന്നു ഞാൻ കാറിനടുത്തേക്ക് ചെന്നത്. കാരണം, കേട്ടു പഴക്കം വന്നു പോയ കഥകളിലൊക്കെ സഖാവിനു കാർക്കശ്യകാരിയുടെ മുഖമായിരുന്നു. പക്ഷെ എൻറെ അനാവശ്യ വേവലാധികളെയൊക്കെ കാറ്റിൽ പറത്തിക്കൊണ്ടായിരുന്നു അവർ കാറിൽ നിന്നും ഇറങ്ങി വന്നത്. നിറഞ്ഞ ചിരിയോടെ മോളെ എന്നു വിളിച്ചുകൊണ്ടായിരുന്നു എന്റെ ആശങ്കകളെ മഞ്ഞുപോലുരുക്കി കളഞ്ഞത്. ഇതിനു മുൻപു വരെ തീർത്തും അന്യരായ രണ്ടുപേർ ഒരിക്കൽ പോലും തമ്മിൽ കണ്ടിട്ടാല്ലാത്തവർ പക്ഷെ എത്ര പെട്ടന്നായിരുന്നു അവർ എൻ്റെ ചിരപരിചയക്കാരിയായിമാറിയത്.
കൈ ചേർത്ത് പിടിച്ച് കൂടെ നടക്കുമ്പോൾ അവർ എൻ്റെ ബുദ്ധിമുട്ടുകളെ കുറിച്ചായിരുന്നു പറഞ്ഞു കൊണ്ടിരുന്നത് .
“ഞാൻ കാരണം ബുദ്ധിമുട്ട് ആയല്ലേ മോളേ” എന്ന ഒറ്റ ചോദ്യം തന്നെയായിരുന്നു സഖാവ് ആവർത്തിച്ചാവർത്തിച്ച് ചോദിച്ചു കൊണ്ടിരുന്നത്. തന്റെ ശാരീരിക വിഷമതകൾ ഏറെ ബുദ്ധിമുട്ടിക്കുമ്പോഴും അവർ അതിനെക്കുറിച്ച് തെല്ലൊന്നുപോലും ആലോചിക്കാതെ അല്പനേരത്തെ പരിചയം മാത്രമുള്ള എന്റെ ബുദ്ധിമുട്ടുകളെകളെകുറിച്ച് ആശങ്കപ്പെടുമ്പോൾ എനിക്ക് അത്ഭുതമായിരുന്നു. മനുഷ്യർക്ക് എങ്ങനെ ഇത്ര ചെറുതാവാൻ സാധിക്കുന്നു എങ്ങനെ ഇത്ര ലളിതമാവാൻ സാധിക്കുന്നു. ചിലർ അങ്ങനെയൊക്കെയായിരിക്കണം
പക്ഷെ ഞാനറിയാതെ എൻ്റെ വലതു കൈയ്യോടു ചേർന്ന് അത്രമേൽ വലിയ ലോകം എൻ്റെ തൊട്ടടുത്തായി മാറുകയായിരുന്നു. സമ്മേളന വേദിയിലെ കസേരയിലേക്കിരുത്തി തിരിഞ്ഞ് നടക്കാനൊരുങ്ങുമ്പോൾ എന്റെ പേരിനൊപ്പം കുലുങ്ങിച്ചിരിച്ചുക്കൊണ്ടായിരുന്നു സഖാവ് എന്നെ യാത്രയാക്കിയത്. സമ്മേളന
തിരക്കുകളുടെ ഓട്ടത്തിനിടയിൽ ഒരു നോക്കുമാത്രമായാണ് ഞാൻ സഖാവിനെ അവസാനമായി കണ്ടത്.
ഡോക്ടർമാരുടെ കൂടെ നെബുലൈസർ മാസ്ക്കിനൊപ്പമായിരുന്നു ആ കാഴ്ച പക്ഷെ അതിനിടയിലും അവർ കൈപൊക്കി അഭിവാദ്യം ചെയ്തു കൊണ്ടായിരുന്നു ആ അവസാന കാഴ്ചയെ അവിസ്മരണീയമാക്കിയത്. ആശുപത്രിയിൽ നിന്നും നിവേദ് ഏട്ടൻ്റെ ഫോൺ കോൾ വന്നപ്പോഴും മനസ്സ് പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു ഒന്നും പറ്റില്ലായെന്ന് കാരണം കൈകൾ ചേർത്ത്പിടിച്ചപ്പോൾ ഞാൻ അനുഭവിച്ച നേർത്ത ചൂട് അപ്പോഴും അവിടെ തന്നെ ബാക്കിയായിരുന്നു.
സഖാവിന്റെ മരണ വാർത്ത സ:സീതറാം യെച്ചൂരി ഔദ്യോഗികമായി അറിയിക്കുമ്പോഴേക്കും കണ്ണൂർ നഗരംമുഴുവൻ ചുവപ്പിലലിഞ്ഞു ചേർന്നു കഴിഞ്ഞിരുന്നു.
ഭൗതിക ശരീരവും വഹിച്ചുള്ള ആംബുലൻസ് പതിയെ ആ തിരക്കിനെയും വകഞ്ഞുമാറ്റി അങ്കമാലിയിലേക്ക് യാത്രയായി.
സമാപന സമ്മേളന വേദിയിലെ പതിനായിരക്കണക്കിനു ആൾക്കാർക്കിടയിലും എന്റെ കണ്ണുകൾ സഖാവിനെ തേടികൊണ്ടിരിക്കുകയായിരുന്നു.എനിക്കുറപ്പായിരുന്നു അവർക്ക് അത്ര പെട്ടന്നൊന്നും അവിടെ നിന്നും പോകാൻസാധിക്കുകയില്ലിയെന്ന്.ആർത്തിരമ്പുന്ന ചുവപ്പിനെ നോക്കി ഈൻക്വിലാബ് വിളിക്കാതെ മടങ്ങാൻ അവർക്കെങ്ങനെ സാധിക്കും.
എന്തൊരു മരണമാണിത്. ദേശാഭിമാനിയുടെ തലവാചകം പോലെ അക്ഷരാർത്ഥത്തിൽ ചുവപ്പിലലിഞ്ഞു ചേർന്നു കൊണ്ടുള്ള മടക്കം.
പഴയ കാല നേതാവ് രാജമ്മ ഭാസ്‌ക്കറിനെ ആശ്ലേഷിച്ചുകൊണ്ട് ഉമ്മകൾ നൽകുന്ന വീഡിയോ പല തവണകണ്ടു കഴിഞ്ഞു എവിടെയോ ഒരു ശൂന്യതയാണിപ്പോഴും. ഞാനിതെഴുതുമ്പോൾ പുറത്ത് മഴപെയ്തു കൊണ്ടിരിക്കുകയാണ്.പ്രിയപ്പെട്ടവരുടെ യാത്രാമൊഴിയാണോ മഴ?എനിക്കറിയില്ല!!പക്ഷെ തോരാതെ മഴ പെയ്തുകൊണ്ടിരിക്കുന്നുണ്ട്.