തൃശൂര്‍: വിഷു കൈനീട്ടം നല്‍കി സ്ത്രീകള്‍ കാലുപിടിച്ച സംഭവത്തിലൂടെ വിവാദത്തിലായ സുരേഷ് ഗോപിക്കെതിരെ എല്‍ ഡി എഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. കേട്ടകേള്‍വിയില്ലാത്ത സംഭവമാണിതെന്ന് അദ്ദേഹം പറഞ്ഞു. മലയാളിയുടെ ശീലങ്ങളുടെ പുറത്തേക്ക് കൊണ്ടുപോകാനുള്ള ശൈലിയാണിത്. ഉത്തരേന്ത്യയിലെ സംസ്‌കാരം ഇവിടെയും നടപ്പാക്കാനാണ് ശ്രമം. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് ക്ഷേത്രങ്ങളെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഒരിടത്ത് കൈനീട്ടം വാങ്ങിയ ശേഷം കാറിലിരിക്കുന്ന സുരേഷ് ഗോപിയുടെ കാല്‍തൊട്ട് വന്ദിക്കുന്ന സ്ത്രീകളുടെ വിഡിയോയ്ക്കെതിരെയും സമൂഹമാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനമുയര്‍ന്നു. സ്ത്രീകള്‍ വരിയായിവന്ന് കൈനീട്ടം വാങ്ങിയ ശേഷം താരത്തിന്റെ കാല്‍തൊട്ട് വന്ദിച്ച് മടങ്ങുന്നതാണ് വിഡിയോയില്‍. അവസാനം എല്ലാവര്‍ക്കൊപ്പം ഫോട്ടോയും എടുത്താണ് അദ്ദേഹം മടങ്ങിയത്.