തിരുവനന്തപുരം : വല്ലാര്‍പാടം രാജ്യാന്തര കണ്ടെയ്നര്‍ ടെര്‍മിനലിലൂടെയുള്ള ട്രാന്‍സ്ഷിപ്മെന്റ് കണ്ടെയ്നര്‍ നീക്കം ഗണ്യമായി വര്‍ധിക്കുന്നതിനിടെയുണ്ടായ ശ്രീലങ്കന്‍ പ്രതിസന്ധി കൂടുതല്‍ മെയിന്‍ ലൈന്‍ വെസലുകള്‍ വല്ലാര്‍പാടത്തേക്ക് എത്താന്‍ സഹായിച്ചേക്കും. ലങ്കയിലെ രാഷ്ടീയ – സാമ്പത്തിക പ്രതിസന്ധി നീളുന്നതും അവിടുത്തെ വമ്പന്‍ ട്രാന്‍സ്ഷിപ്മെന്റ് ഹബ്ബായ കൊളംബോ തുറമുഖത്തെ തിരക്കും കണ്ടെയ്നര്‍ നീക്കത്തിലെ കാലതാമസവും വന്‍കിട മെയിന്‍ ലൈന്‍ ചരക്കു കപ്പല്‍ സര്‍വീസുകളെ വല്ലാര്‍പാടത്തേക്കു ശ്രദ്ധ തിരിക്കാന്‍ പ്രേരിപ്പിക്കുമെന്നാണു വിലയിരുത്തല്‍.
ലങ്കന്‍ പ്രതിസന്ധി രൂക്ഷമാകുന്നതിനു മുന്‍പു തന്നെ വല്ലാര്‍പാടം വഴിയുള്ള ട്രാന്‍സ്ഷിപ്മെന്റ് കണ്ടെയ്നര്‍ നീക്കം വര്‍ധിച്ചു തുടങ്ങിയിരുന്നു. കണ്ടെയ്നറുകളും മറ്റു ചരക്കുകളും കപ്പലുകള്‍ മാറ്റിക്കയറ്റി ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്ന രീതിയാണു ട്രാന്‍സ്ഷിപ്മെന്റ്. കയറ്റുമതി കണ്ടെയ്നറുകള്‍ ഫീഡര്‍ കപ്പലുകളില്‍ കൊളംബോയും വല്ലാര്‍പാടവും പോലുള്ള ട്രാന്‍സ്ഷിപ്മെന്റ് ഹബ്ബുകളിലെത്തിച്ചാണു മെയിന്‍ ലൈന്‍ വെസലുകളില്‍ വിദേശ തുറമുഖങ്ങളിലേക്ക് അയയ്ക്കുന്നത്. കഴിഞ്ഞ വര്‍ഷം 25 മെയിന്‍ലൈന്‍ സര്‍വീസുകളാണു കൂടുതലായി എത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എംഎസ്‌സി, മേഴ്സ്ക്, സിഎംഎ തുടങ്ങിയ വമ്പന്‍മാരാണു കൊളംബോയ്ക്കു ബദലായി വല്ലാര്‍പാടത്തേക്കു സര്‍വീസുകള്‍ നടത്തിയത്. രാജ്യാന്തര കപ്പല്‍പാതയോടു ചേര്‍ന്നു കിടക്കുന്നതാണു വല്ലാര്‍പാടം ടെര്‍മിനലിന്റെ വാണിജ്യപരമായ സവിശേഷതയെന്നു ടെര്‍മിനല്‍ ഓപ്പറേറ്റര്‍മാരായ ഡിപി വേള്‍ഡിന്റെ കൊച്ചി സിഇഒ പ്രവീണ്‍ ജോസഫ് പറഞ്ഞു. ‘ദക്ഷിണേന്ത്യയുടെ കയറ്റുമതി – ഇറക്കുമതി ചരക്കു കൈകാര്യം ചെയ്യുന്ന സമുദ്ര കവാടമായി വല്ലാര്‍പാടം മാറിയിട്ടുണ്ട്. തീരദേശ ചരക്കു കൈകാര്യത്തില്‍ 12 മാസത്തിനിടെ 48 % വര്‍ധന നേടാനായി’.