പാലക്കാട് : എലപ്പുള്ളിയില്‍ എസ്.ഡി.പി.ഐ പ്രാദേശിക നേതാവ് സുബൈര്‍ കൊല്ലപ്പെട്ട കേസില്‍ നിർണ്ണായക വിവരങ്ങൾ ശേഖരിച്ച് പൊലീസ്. കേസിലെ പ്രതികളെ കണ്ടെത്താൻ തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചു. അഞ്ചംഗ കൊലയാളി സംഘം കൊഴിഞ്ഞാമ്പാറ എത്തിയശേഷം തമിഴ്നാട്ടിലേക്ക് കടന്നതായാണ് സൂചന. പ്രതികള്‍ സഞ്ചരിച്ച വാഗണാര്‍ കാറിന്‍റേതെന്നു കരുതുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. കാര്‍ കേന്ദ്രീകരിച്ചാണ് അന്വേഷണ സംഘം നീങ്ങുന്നത്. കൃത്യമായി തയാറാക്കിയ പദ്ധതി പ്രകാരമാണ് കൊല നടത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
കൊല്ലെപ്പെട്ട സുബൈറിന്‍റെ നീക്കങ്ങള്‍ ദിവസങ്ങളായി സംഘം നിരീക്ഷിച്ചതായാണ് വിവരം. അഞ്ച് മാസം മുമ്പ് കൊല്ലപ്പെട്ട ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്‍റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം നീളുന്നുണ്ട്. കൊലപാതകം രാഷ്ട്രീയ കാരണങ്ങളാലാണെന്ന സുബൈറിന്‍റെ പിതാവ് അബൂബക്കറിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണിത്. അഥേസമയം, സുബൈറിന്‍റെ കൊലപാതകം രാഷ്ട്രീയ കൊലപാതകമെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. രാഷ്ട്രീയ വിരോധം വെച്ച് വെട്ടിക്കൊലപ്പെടുത്തിയെന്നാണ് എഫ്‌ഐആര്‍. മാരകായുധങ്ങള്‍ ഉപയോഗിച്ചുള്ള സംഘടിത ആക്രമണമാണ് നടന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൊല്ലപ്പെട്ട സുബൈറിന്‍റെ അച്ഛന്‍ അബൂബക്കറിന്‍റെ പരാതിയിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പാലക്കാട് കസബ പൊലീസാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഉച്ചയ്ക്ക് പള്ളിയില്‍ നിന്ന് പ്രാര്‍ത്ഥന കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെയാണ് ഉപ്പയുടെ കണ്‍മുന്നില്‍ വെച്ച് സുബൈറിനെ കൊലപ്പെടുത്തിയത്. സംഭവ സ്ഥലം സന്ദര്‍ശിച്ച പാലക്കാട് എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം കസബ പൊലീസ് സ്‌റ്റേഷനില്‍ പ്രത്യേക യോഗം ഇന്നലെ ചേര്‍ന്നിരുന്നു.
തുടര്‍ന്ന് പ്രത്യേക സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചിട്ടുണ്ട്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി നേതൃത്വം നല്‍കുന്ന സംഘത്തില്‍ മൂന്ന് സിഐമാരുണ്ട്. പാലക്കാട്, ചിറ്റൂര്‍, ആലത്തൂര്‍ ഡിവൈഎസ്പിമാര്‍ പ്രത്യേക സംഘത്തിന് പുറത്തുനിന്ന് സഹായം നല്‍കും. കൊലയാളി സംഘത്തില്‍ അഞ്ചുപേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇവര്‍ കൊഴിഞ്ഞാമ്പാറ ഭാഗത്തേക്ക് കൃത്യത്തിന് ശേഷം പോയതെന്നും പൊലീസിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം മുന്നോട്ട് പോകുന്നത്.
അക്രമിസംഘത്തിലെ രണ്ട് പേരെ താന്‍ കണ്ടുവെന്നാണ് പാലക്കാട് എലപ്പുള്ളി പാറയില്‍ കൊല്ലപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈറിന്റെ പിതാവ് അബൂബക്കര്‍ പറഞ്ഞത്. ഇവര്‍ മുഖം മൂടി ധരിച്ചിരുന്നില്ല. ഇരുവരെയും കണ്ടാല്‍ തിരിച്ചറിയുമെന്നും അബൂബക്കര്‍ പറഞ്ഞു. വീടിന് നേരെ ഇതിന് മുമ്പ് ആക്രമണം ഉണ്ടായിരുന്നതായി സുബൈറിന്റെ മകന്‍ സജാദ് പറഞ്ഞു. വീടിന് നേരെ ചിലര്‍ കല്ലെറിഞ്ഞിരുന്നു. പൊലീസില്‍ പരാതിപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ല. ഉപ്പയുടേത് വാഹനാപകടം എന്നാണ് ആദ്യം കരുതിയത് എന്നും സജാദ് പറഞ്ഞു.