തൃശൂർ : വെങ്ങിണിശേരിയില്‍ അപകടത്തില്‍പ്പെട്ട കാറില്‍ നിന്നും രക്തക്കറയുള്ള വടി വാള്‍ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായത് കോട്ടയം അതിരമ്പുഴ സ്വദേശികളായ ക്വട്ടേഷൻ സംഘമാണ് എന്നും കണ്ടെത്തിയിട്ടുണ്ട്. സംഭവശേഷം രക്ഷപ്പെട്ട സംഘം സഞ്ചരിച്ച കാറിനെ പൊലീസ് വാഹനം ഇടിച്ചിട്ട് പിടികൂടി. കോട്ടയം അതിരമ്പുഴ സ്വദേശി ലിബിന്‍, വിബിന്‍, നിക്കോളാസ് ഉള്‍പ്പടെ അഞ്ചുപേരെ പൊലീസ് സാഹസികമായി പിടികൂടി. ഇവരെ ചോദ്യം ചെയ്തു വരികയാണ്. കാറില്‍ നിന്ന് സ്വര്‍ണാഭരണങ്ങളും പൊലീസ് കണ്ടെത്തി. ക്വട്ടേഷന്‍ സംഘമാണ് പ്രതിയിലായവരെന്നാണ് സൂചന. സംഭവത്തില്‍ പൊലീസുകാരടക്കം അഞ്ചു പേര്‍ക്ക് പരിക്കേറ്റു.
വെങ്ങിണിശ്ശേരി സഹകരണ ബാങ്കിന് മുന്‍വശത്ത് ചൊവ്വാഴ്ച രാവിലെയാണ് മിനി ലോറിയുമായി കാര്‍ ഇടിച്ചത്. അപകടശേഷം കാറിലുണ്ടായിരുന്ന നാലുപേര്‍ പിന്നാലെ വന്ന കാറില്‍ കയറി രക്ഷപ്പെട്ടു. സംശയംതോന്നി നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി പരിശോധന നടത്തിയപ്പോഴാണ് ഡിക്കിയില്‍ വടിവാള്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇരിങ്ങാലക്കുട ഡിവെഎസ്പി ബാബു തോമസ്, സിറ്റി സ്പെഷല്‍ ബ്രാഞ്ച് എസിപി കെ സുമേഷ് എന്നിവരുടെ നേതൃത്വത്തില്‍ അഞ്ചു ടീമുകളായി അന്വേഷണം ആരംഭിച്ചു. പാലക്കല്‍, പെരിഞ്ചേരി, ചെവ്വൂര്‍ ഭാഗങ്ങളിലെ സിസിടിവികളില്‍ കാര്‍ കണ്ടെത്തി. കാര്‍ ചേര്‍പ്പ് ഭാഗത്തേക്ക് വരുന്നതായി വിവരം ലഭിച്ച് ചേര്‍പ്പ് സിഐ ടി വി ഷിബുവിന്റെ നേതൃത്വത്തില്‍ കാറിനെ പിന്തുടര്‍ന്ന് ഇടിക്കുകയായിരുന്നു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച മൂന്നുപേരേ കൈയോടെ പിടികൂടി. രണ്ടുപേരെ പിന്നീടും പിടികൂടി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇടിയില്‍ പൊലീസ് ജീപ്പും കാറും തകര്‍ന്നു. കാറിലുണ്ടായിരുന്ന കോട്ടയം സ്വദേശികളായ നിഖില്‍, അലക്സ് എന്നിവര്‍ക്കും പൊലീസ് ജീപ്പിലുണ്ടായിരുന്ന ചേര്‍പ്പ് സബ്‌ഇന്‍സ്പെക്ടര്‍ ജെയ്സണ്‍ , ജൂനിയര്‍ സബ്‌ഇന്‍സ്പെക്ടര്‍ അരുണ്‍ , സിപിഒ ഷാനി എന്നിവര്‍ക്കും പരിക്കേറ്റു. ഇവരെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്ലം സ്വദേശി മുഹമ്മദ് നസീം എന്നയാളുടെ പേരിലുള്ള കെഎല്‍ 89 – ബി976 നമ്പറിലുള്ള ഹുണ്ടായി കാറാണ് രാവിലെ അപകടത്തില്‍ പ്പെട്ടത്. ഇതില്‍ നിന്നാണ് വടിവാള്‍ കണ്ടെത്തിയത്. പിന്‍തുടര്‍ന്ന് പിടികൂടിയ കാര്‍ ചേര്‍പ്പ് സ്വദേശിയുടേതാണെന്നാണ് സൂചന. ഈ കാറില്‍ വടിവാള്‍ കത്തി അടക്കമുള്ള നിരവധി മാരകായുധങ്ങളും ഇലക്‌ട്രോണിക് ത്രാസ്, പ്ലാസ്റ്റിക് കവറുകള്‍ സ്വര്‍ണവളകള്‍, പണം എന്നിവ കണ്ടെടുത്തു. പൊലീസും ഫോറന്‍സിക് വിദഗ്ധരും പരിശോധന നടത്തിയതില്‍ വടിവാളില്‍ രക്തക്കറ കണ്ടെത്തിയിരുന്നു.