എരുമേലി കനകപ്പലത്ത് നായകൾക്ക് വിഷം നൽകി സൈനികന്റെ വീട്ടിൽ മോഷണശ്രമം : ഉടമ എഴുന്നേറ്റതോടെ മോഷ്ടാക്കൾ സ്ഥലം വിട്ടു

എരുമേലി : അർദ്ധ രാത്രിയിൽ വളർത്തുനായകൾക്ക് വിഷം നൽകിയും പശുക്കളെ തൊഴുത്തിൽ നിന്ന് അഴിച്ചു വിട്ടും കുടിവെള്ള ടാപ്പുകൾ തുറന്നുവിട്ടും വീട്ടുകാരുടെ ശ്രദ്ധ തിരിച്ച് മോഷണം നടത്താൻ ആസൂത്രിത ശ്രമം. വിഷം കഴിച്ച നായകളിൽ ഒന്ന് തുടർച്ചയായി കുരയ്ക്കുന്നത് കേട്ട് വീട്ടുടമ പരിസരം നിരീക്ഷിച്ചതോടെ മോഷ്ടാക്കൾ സ്ഥലം വിട്ടു. കഴിഞ്ഞ ദിവസം രാത്രിയിൽ എരുമേലി കനകപ്പലത്ത് മുൻ സൈനികൻ തടത്തേൽ സജിതിന്റെ വീട്ടിലാണ് സംഭവം.

Advertisements

ഏതാനും ദിവസങ്ങൾക്ക് അപരിചിതരായ രണ്ട് സ്ത്രീകൾ വീട്ടിൽ വന്നിരുന്നെന്നും റോഡരുകിൽ ഈ സമയം രണ്ട് പേർ ബൈക്കിൽ ഉണ്ടായിരുന്നെന്നും സ്ത്രീകളുടെ പെരുമാറ്റത്തിൽ ദുരൂഹതയുണ്ടായിരുന്നെന്നും മോഷണ ശ്രമത്തിന് പിന്നിൽ ഇവർ ആയിരിക്കാമെന്ന് സംശയം ഉണ്ടെന്നും വീട്ടുടമ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മോഷണ ശ്രമമുണ്ടായ ദിവസം രാത്രിയിൽ വളർത്തു നായയുടെ അസാധാരണമായ കുര കേട്ട് സജിത് വീടിന് പുറത്ത് ഇറങ്ങിയപ്പോൾ രണ്ട് നായകളുടെയും വായിൽ നിന്ന് നുരയും പതയും കണ്ടു. കൂടുതൽ അവശ നിലയിലായിരുന്ന ഒരു നായ ചത്തു. മറ്റേ നായയെ പെട്ടന്ന് തന്നെ മുക്കൂട്ടുതറയിലെ ഗവ. വെറ്ററിനറി സർജൻ ഡോ. സുബിന്റെ നിർദേശപ്രകാരം അടിയന്തിര ചികിത്സ നൽകിയതിനാൽ ജീവൻ രക്ഷിക്കാനായി. ഈ നായയുടെ ഉള്ളിൽ ചെന്ന വിഷം കരളിന്റെ പ്രവർത്തനത്തെ ഗുരുതരമായി ബാധിച്ചിട്ടുണ്ടെന്നും ചികിത്സ തുടരുകയാണെന്നും ഇന്നലെ ചികിത്സ നൽകാൻ എത്തിയ ഡോ. സുബിൻ പറഞ്ഞു.

രാത്രിയിൽ നായയുടെ കുര കേട്ട് ഉണർന്ന സജിത് വീടിന് പുറത്തിറങ്ങിയപ്പോൾ മുറ്റത്തെ ടാപ്പിൽ നിന്നും വെള്ളം ഒഴുകിക്കൊണ്ടിരിക്കുകയായിരുന്നു. ആരോ ടാപ്പ് തുറന്നു വിട്ടതാണെന്ന് മനസിലായി. തൊഴുത്തിൽ കെട്ടിയിട്ടിരുന്ന പശുവിനെ പറമ്പിൽ നിന്ന് കണ്ടെത്തി. പശുവിനെ അഴിച്ചു വിടുകയും ടാപ്പ് തുറന്നുവിടുകയും നായകൾക്ക് വിഷം നൽകിയതും വീട്ടിൽ മോഷണം നടത്താനുള്ള ശ്രമം ആയിരുന്നെന്ന് സംശയിക്കുന്നു. സംഭവം സംബന്ധിച്ച് പരാതി നൽകിയതിന് തുടർന്ന് ഇന്നലെ എസ് ഐ എം എസ് അനീഷിന്റെ നേതൃത്വത്തിൽ എരുമേലി പൊലിസ് എത്തി വീടും പരിസരവും പരിശോധിച്ച് തെളിവെടുപ്പ് നടത്തി.

ഏതാനും ദിവസങ്ങൾക്ക് മുമ്പ് 59 ഉം 30 ഉം പ്രായം തോന്നിക്കുന്ന അപരിചിതരായ രണ്ട് സ്ത്രീകൾ ധന സഹായം ചോദിച്ച് വീട്ടിൽ വന്നിരുന്നെന്നും ഈ സമയം വീട്ടിൽ ഭാര്യ മാത്രമാണ് ഉണ്ടായിരുന്നതെന്നും സജിത് പറഞ്ഞു. നായകൾ എന്താണ് പകൽ കുരയ്ക്കാത്തതെന്ന് സ്ത്രീകൾ സജിതിന്റെ ഭാര്യയോട് ചോദിച്ചിരുന്നു. അവ രാത്രിയിൽ ഉറങ്ങില്ലെന്നും അതുകൊണ്ട് പകൽ ഉറങ്ങുമെന്നും അതിനാലാണ് പകൽ സമയങ്ങളിൽ കുരയ്ക്കാത്തതെന്ന് സജിതിന്റെ ഭാര്യ മറുപടി നൽകി. സ്ത്രീകൾ വീട്ടുമുറ്റത്ത് നിൽക്കുമ്പോൾ ഇവരെ കാത്തു നിൽക്കുന്ന പോലെ അപരിചിതരായ രണ്ട് പുരുഷൻമാർ സമീപത്തെ റോഡരികിൽ ഉണ്ടായിരുന്നെന്നും ഇത് കണ്ട് സംശയം തോന്നി അവർ ആരാണെന്ന് തിരക്കിയപ്പോൾ ധന സഹായത്തിന് കാത്തു നിൽക്കാതെ സ്ത്രീകൾ പെട്ടന്ന് സ്ഥലം വിട്ടേന്നും സജിതിന്റെ ഭാര്യ പറഞ്ഞു. മോഷണ ശ്രമത്തിന് പിന്നിൽ ഈ സംഭവവുമായി ബന്ധം ഉണ്ടോയെന്ന് സംശയം ഉയർന്നിട്ടുണ്ട്.

സംഭവം സംബന്ധിച്ച് വിശദമായ അന്വേഷണം ആരംഭിച്ചെന്ന് പൊലിസ് അറിയിച്ചു. കഴിഞ്ഞയിടെ മോഷണവും ഒട്ടേറെ മോഷണ ശ്രമങ്ങളും മേഖലയിലുണ്ടായി. വള്ളപ്പുരയ്ക്കൽ ഈപ്പൻ ജേക്കബിന്റെ വീട്ടിൽ കതക് വെട്ടിപ്പൊളിച്ച് സ്വർണം ഉൾപ്പടെ വിലപിടിപ്പുള്ള സാധനങ്ങൾ മോഷ്ടിച്ച സംഭവത്തിൽ പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല.

Hot Topics

Related Articles