ബെയ്ജിംങ്: കൊവിഡ് ചൈനയിൽ വ്യാപകമായി പടരുന്നതായി റിപ്പോർട്ടുകൾ. ചൈനയിലെ ഷാങ്ഹായിൽ അധികൃതർ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കർശനമാക്കിയതായി വിദേശ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത വീടുകൾ ഉൾപ്പെടുന്ന തെരുവുകൾ പൂർണമായും അടച്ച് പൂട്ടുകയാണ്. ഇതിനായി രണ്ട് മീറ്ററിലധികം ഉയരമുള്ള വേലികൾ തെരുവുകളിൽ സ്ഥാപിക്കുന്ന തിരക്കിലാണ് ഇപ്പോൾ സർക്കാർ നിയോഗിച്ച തൊഴിലാളികൾ. തെരുവുകൾ വേലി ഉപയോഗിച്ച് അടച്ച് പൂട്ടുന്നതിന്റെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം മുതൽ സോഷ്യൽ മീഡിയയിൽ വൈറലാണ്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജനം കൊവിഡിനൊപ്പം ജീവിക്കാൻ ആരംഭിച്ചിട്ടും, ചൈനീസ് സർക്കാർ കൊവിഡിന്റെ പേരിൽ പൗരൻമാരുടെ അവകാശങ്ങൾ അടിച്ചമർത്താനാണ് ശ്രമിക്കുന്നത്. ഒരാൾക്കെങ്കിലും കൊവിഡ് പോസിറ്റീവായി എന്ന് കണ്ടാൽ ആ പ്രദേശം മുന്നറിയിപ്പ് നൽകാതെ ദിവസങ്ങളോളം അടച്ചിടുന്ന കാഴ്ചയാണിപ്പോഴുള്ളത്. ചൈനയുടെ സാമ്ബത്തിക കേന്ദ്രമായ ഷാങ്ഹായിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് രാജ്യത്തിന്റെ സമ്ബദ്വ്യവസ്ഥയ്ക്കും തിരിച്ചടിയാണ്. നഗരത്തിൽ പലയിടങ്ങളും കഴിഞ്ഞ മൂന്നാഴ്ചയിലേറെയായി ലോക്ക്ഡൗണിലാണ്. കൊവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം 39 പേരാണ് ഇവിടെ മരണപ്പെട്ടത്. കഴിഞ്ഞ ഒരാഴ്ചയായി കൊവിഡ് മരണ സംഖ്യയും ചൈനയിൽ ഉയരുകയാണ്. വളരെ വേഗത്തിൽ പകരുന്നതും എന്നാൽ മാരകമല്ലാത്തതുമായ ഒമിക്രോണാണ് ചൈനയിൽ ഇപ്പോൾ പടരുന്നത്.