കോട്ടയം : ആക്രിയാണെന്ന് കരുതി ചികഞ്ഞ് നോക്കണ്ട , ഈ ബൈക്കിൽ തൊട്ടാൽ ഞെട്ടും ! പത്തും ഇരുപതും വർഷം പഴക്കമായതിന്റെ പേരിൽ സ്ക്രാപ്പാക്കാൻ വച്ച ബൈക്കുകളെ പുതുപുത്തൻ ഇലക്ട്രിക്ക് ബൈക്കാക്കി നിരത്തിലിറക്കാനുള്ള സാങ്കേതിക വിദ്യയുമായി പത്താമുട്ടം സെന്റ് ഗിറ്റ്സ് കോളജിലെ സൃഷ്ടി പ്രദർശനം. പത്തനംതിട്ട മുസലിയാർ എൻജിനീയറിങ്ങ് കോളജിലെ മിടുമിടുക്കന്മാരായ കുട്ടികളാണ് ആക്രിയാക്കാൻ വച്ച ബൈക്കിനെ സൂപ്പറാക്കി കളത്തിലിറക്കിയത്. പഴയ ടി വി എസ് വിക്ടർ ബൈക്കിന്റെ എൻജിൻ ഭാഗം അഴിച്ച് മാറ്റി , ഇലക്ട്രിക് മോട്ടോർ ഘടിപ്പിച്ചാണ് കുട്ടികളുടെ പരീക്ഷണം.
രാജ്യത്ത് ഉപയോഗിക്കുന്ന ബൈക്കുകൾക്ക് നിശ്ചിത കാലാവധി നിശ്ചയിച്ചിട്ടുണ്ട്. ഈ കാലാവധിയിൽ ബൈക്കുകൾ സാധാരണ ഉപേക്ഷിക്കാറാണ് പതിവ്. എന്നാൽ , ഈ മോട്ടോർ സൈക്കിളുകൾ ഉപേക്ഷിക്കാതെ റീ സൈക്കിൾ ചെയ്ത് പുനരുപയോഗിക്കാനുള്ള പദ്ധതിയാണ് പത്തനംതിട്ട മുസലിയാർ എൻജിനീയറിങ്ങ് കോളജിലെ അവസാന വർഷ ഇലക്ട്രിക്കൽ എൻജിനീയറിങ്ങ് വിദ്യാർത്ഥികൾ ചേർന്ന് തയ്യാറാക്കിയിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഉപയോഗിക്കാതെ ഇരിക്കുന്ന മോട്ടോർസൈക്കിളിന്റെ എൻജിൻ ഭാഗം അഴിച്ചു മാറ്റിയ ശേഷം , ഇവിടെ ഇലക്ട്രിക് മോട്ടോർ ഘടിപ്പിക്കും. ഇതിലേക്ക് പവർ എത്തിക്കുന്നതിനായി ബാറ്ററിയും ഘടിപ്പിക്കും. ഇത്തരത്തിലാണ് ഇലക്ട്രിക് ബൈക്ക് ആക്കി ഉപേക്ഷിക്കപ്പെട്ട ബൈക്കിനെ മാറ്റുന്നത്. സാധാരണക്കാർക്ക് ഏറെ പ്രയോജനകരമാകുന്ന പദ്ധതിയാണ് ഇതിലൂടെ വിദ്യാർഥികൾ ലക്ഷ്യമിടുന്നത്. പത്തനംതിട്ട മുസ്ലിയാർ എൻജിനീയറിംങ്ങ് കോളജിലെ ഫൈനൽ ഇയർ വിദ്യാർത്ഥികളായ അനന്തു കൃഷ്ണൻ എസ് , ഷുഹൈബ് ഷൈബു , സുജിത്ത് ലാൽ എസ് എന്നിവർ ചേർന്നാണ് പ്രോജക്ട് തയ്യാറാക്കിയത്.
ടെക്‌നോളജി വിദ്യാർഥികളുടെ നവീന ആശയങ്ങളെ പ്രോത്സാഹിപ്പിച്ച് ആവിഷ്കരണ തലത്തിൽ എത്തിക്കുക എന്ന ലക്ഷ്യവുമായി സെന്റ്ഗിറ്റ്സ് എഞ്ചിനീയറിംഗ് കോളേജ് സംഘടിപ്പിച്ചുവരുന്ന സൃഷ്ടിയുടെ എട്ടാമത് എഡിഷനാണ് പത്താമുട്ടത്തെ കോളേജ് ക്യാമ്പസിൽ ആരംഭിച്ചിരിക്കുന്നത്. ഏപ്രിൽ 26 ചൊവ്വാഴ്ചയും ക്യാമ്പസിൽ പ്രദർശനം തുടരും. സാങ്കേതികവിദ്യാ രംഗത്തെ ഇന്ത്യയിലെ യുവതലമുറയെ വ്യാവസായികമേഖലയുമായി ബന്ധപ്പെടുത്തി ടെക്‌നോളജി രംഗത്തെ ഏറ്റവും പുതിയ വിജ്ഞാന മേഖലകൾ പരിചയപ്പെടുത്തുക എന്ന ദൗത്യമാണ് സെന്റ്ഗിറ്റ്സ് പ്രദർശനത്തിലൂടെ നിർവഹിക്കുന്നത്.
സാങ്കേതികവിദ്യ പാർശ്വവൽക്കരിക്കപ്പെട്ടവർക്കായ് എന്നതാണ് ഈ വർഷത്തെ പ്രദർശനവിഷയം. പാർശ്വവൽക്കരിക്കപ്പെട്ടവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് നയിക്കുവാൻ പര്യാപ്തമായ സാങ്കേതിക കണ്ടുപിടുത്തങ്ങളായിരിക്കും മേളയുടെ മുഖ്യ ആകർഷണം. അപകടകരമായ തൊഴിലിടങ്ങളിലെ പുതിയ സാങ്കേതിക സുരക്ഷാസംവിധാനങ്ങൾ, അതിവേഗത്തിലുള്ള കമ്യുണിക്കേഷൻ & മൊബിലിറ്റി, ആരോഗ്യ-കാർഷിക മേഖലകളിലെ പുതുതലമുറ സാങ്കേതിക വിദ്യകൾ, ഭിന്നശേഷിക്കാർക്ക് സഹായകരമായ നൂതന സാങ്കേതിക ഉപകരണങ്ങൾ, ദാരിദ്ര്യ നിർമ്മാർജ്ജനത്തിനായുള്ള ടെക്‌നോളജി സാദ്ധ്യതകൾ, ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ സ്വാധീനം തുടങ്ങിയ പ്രധാന മേഖലകളിൽ ഊന്നിയുള്ള പ്രൊജെക്ടുകളാണ് പ്രദർശിപ്പിക്കപ്പെടുക. കൂടാതെ, ഐക്യരാഷ്ട്രസഭയുടെ 21-ാം നൂറ്റാണ്ടിലെ സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട ആശയങ്ങളും സൃഷ്ട്ടിയിൽ ഇടം പിടിച്ചിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാരിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന, യുവസംരംഭകര്‍ക്ക് സാങ്കേതികവും സാമ്പത്തികവുമായ സഹായം നല്‍കുന്ന കേരള സ്റ്റാര്‍ട്ട് അപ് മിഷൻ്റെ (KSUM) സഹകരണത്തോടെയാണ് പ്രദർശനവും മത്സരവും നടക്കുന്നത്. ബഹുരാഷ്ട്ര ടെക്‌നോളജി കമ്പനികളായ ആൻസിസ് (ANSYS), Entuple Technologies, മാത്ത് വർക്ക്‌സ് (MathWorks), കോൺസെപ്റ്റിയ കണക്ട് (Conceptia Konnect), റെസ്‌പൊ (Rezpo), നിയോ ടോക്യോ (NeoTokyo) സ്പീക്ക് ആപ്പ് (SpeakApp), മെഗാസൊലൂഷൻസ് (Mega Solutions) എന്നിവരാണ് സൃഷ്ടിയുടെ വ്യാവസായിക സഹകർത്താക്കൾ. കൂടാതെ, സെന്റ്ഗിറ്റ്സ് ഐ.ഇ.ഡി.സി (IEDC), സെന്റ്ഗിറ്റ്സ് സെന്റർ ഫോർ ഇന്നൊവേഷൻ & എന്റർപ്രണർഷിപ് (SCIE) എന്നിവരുമായി സഹകരിച്ചാണ് “സൃഷ്ടി” സംഘടിപ്പിക്കുന്നത്.
ചൊവ്വാഴ്ച്ച നടക്കുന്ന അവാർഡ് ദാന ചടങ്ങിൽ പാരഗൺ പോളിമർ പ്രോഡക്ട്സ് ഡയറക്ടർ റെജി കെ ജോസഫ് മുഖ്യാതിഥിയായിരിക്കും.
സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ഇൻസ്ട്രമെന്റേഷൻ, കംപ്യുട്ടർ സയൻസ്, കെമിക്കൽ, ഫുഡ് ടെക്നോളജി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, കമ്പ്യൂട്ടർ ആപ്പ്ളിക്കേഷൻസ്, അനലറ്റിക്കൽ, റോബോട്ടിക്‌സ് എന്നീ പന്ത്രണ്ട് വിഭാഗങ്ങളിലായി അഞ്ച് ലക്ഷം രൂപയോളം സമ്മാനത്തുകയുള്ള അവാർഡുകൾക്കായി പ്രോജക്ടുകൾ മത്സരിക്കും. പ്രദർശനത്തിലെ ഏറ്റവും മികച്ച പ്രോജക്ടിന് “ബെസ്റ്റ് ഇന്നൊവേഷൻ അവാർഡ്” ആയി ഒരു ലക്ഷം രൂപയും, മികച്ച ഗൈഡിനു 5,000 രൂപയും, ഓരോ വിഭാഗത്തിലെയും മികച്ച പ്രോജക്ടിന് 12,000 രൂപയും സമ്മാനമായി ലഭിക്കും. കൂടാതെ മികച്ച ജനപ്രിയ പ്രോജക്ടിനും, മികച്ച സ്ഥാപനത്തിനും, മികച്ച ബിസിനസ് പ്ലാനിനും പ്രത്യേകം പുരസ്ക്കാരങ്ങൾ ഒരുക്കിയിരിക്കുന്നു.
മുൻവർഷങ്ങളിലേതുപോലെ ഇന്ത്യയിലെ പതിനേഴോളം സംസ്ഥാനങ്ങളിലെ മുൻനിര സ്ഥാപനങ്ങളിലെ വിദ്യാർഥികളുടെ ആയിരത്തിഇരുനൂറോളം ആധുനിക സാങ്കേതിക ആവിഷ്കാരങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ആശയങ്ങൾ സൃഷ്ടിയിൽ പ്രദർശിപ്പിക്കപ്പെടും. കൂടാതെ സെന്റ്ഗിറ്റ്സിലെ വിവിധ എഞ്ചിനീയറിംഗ് ഡിപ്പാർട്ട്മെന്റുകൾ ഒരുക്കുന്ന പ്രോജക്ടുകളും പ്രദർശനത്തിൽ ഇടം പിടിക്കും. പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കും സൗജന്യമായി രണ്ടു ദിവസത്തെ പ്രദർശനം വീക്ഷിക്കാവുന്നതാണ്.