തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വാട്സ് ആപ്പ് വഴി പണം തട്ടാൻ ശ്രമം. കോയമ്ബത്തൂർ സ്വദേശിയുടെ ഫോൺ നമ്പർ ഉപയോഗിച്ചാണ് പണം തട്ടാൻ ശ്രമിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ പേഴ്സണൽ സ്റ്റാഫിനോടാണ് പണം ആവശ്യപ്പെട്ടത്. ഇതേ തുടർന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സൈബർ പൊലീസിൽ പരാതി നൽകി. സംഭവവുമായി ബന്ധപ്പെട്ട് കോയമ്പത്തൂർ സ്വദേശിയെ ചോദ്യം ചെയ്തു. പിന്നിൽ ഉത്തരേന്ത്യൻ സംഘമാണെന്നാണ് പൊലീസിന്റെ സംശയം.
നേരത്തെ സ്പീക്കർ എം.ബി. രാജേഷിന്റെ പ്രൈവറ്റ് സെക്രട്ടറി ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കോട്ടയം ഉഴവൂർ സ്വദേശിനിയുടെ പരാതിയിലാണ് പ്രതി പ്രവീൺ ബാലചന്ദ്രൻ പിടിയിലായത്. വാട്ടർ അതോറിറ്റിയിൽ ജോലി വാഗ്ദാനം ചെയ്ത് 10,000 രൂപയാണ് ഇയാൾ യുവതിയിൽ നിന്നും തട്ടിയത്.