കോഴിയെ ജീവനോടെ തൂവൽ പറിച്ച് വെട്ടി കഷണങ്ങളാക്കിയ ഇറച്ചിക്കട ജീവനക്കാരൻ അറസ്റ്റിൽ : പിടിയിലായത് ചെങ്കവിള സ്വദേശിയായ മലയാളി

തിരുവനന്തപുരം: ജീവനുള്ള കോഴിയുടെ തൂവൽ പറിക്കുകയും കഷണങ്ങളാക്കുകയും ചെയ്ത ഇറച്ചിക്കട ജീവനക്കാരൻ അറസ്റ്റിൽ. തിരുവനന്തപുരം ജില്ലയിലെ പൊഴിയൂരുമായി അതിർത്തി പങ്കിടുന്ന തമിഴ്നാട്ടിലെ കൊല്ലങ്കോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ ചെങ്കവിള സ്വദേശിയും മലയാളിയുമായ മനു എന്ന സുരേന്ദ്രൻ ആണ് അറസ്റ്റിലായത്. ചെങ്കവിള കണ്ണനാഗം ജങ്ഷനിലെ ഒരു ഇറച്ചിക്കടയിലെ ജീവനക്കാരനാണ് ഇയാൾ.

Advertisements

ഇയാൾക്കെതിരെ മൃഗങ്ങൾക്കെതിരായ ക്രൂരതകൾ തടയൽ നിയമം- 1960ന്റെ 11 (1) വകുപ്പനുസരിച്ച് കേസെടുത്തതായും കോടതിയിൽ ഹാജരാക്കുമെന്നും കൊല്ലങ്കോട് എസ്ഐ ജയകുമാർ പറഞ്ഞു. കേരള- തമിഴ്നാട് അതിർത്തിയായ ചെങ്കവിളയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സംഭവത്തിന്റെ വീഡിയോ പ്രചരിക്കുകയും വൻ പ്രതിഷേധമുയരുകയും ചെയ്തതോടെ ഒളിവിൽ പോയ ഇയാൾക്കായി നടത്തിയ തിരച്ചിലിനൊടുവിലാണ് പിടിയിലായത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇവിടെ ഈസ്റ്റർ സമയത്താണ് ഇയാൾ ജോലിക്ക് കയറിയത്. ഈ സമയത്ത് നടന്ന സംഭവത്തിന്റെ വീഡിയോ ആണ് കഴിഞ്ഞദിവസം പുറത്തുവന്നത്. ഇതോടെ ഇയാൾക്കെതിരെ പ്രതിഷേധം വ്യാപകമായിരുന്നു. കോഴിയെ ജീവനോടെ പപ്പും പൂടയും പറിച്ച ശേഷം ഇതിനെ ഉയർത്തിപ്പിടിച്ച് ചിരിക്കുന്നത് വീഡിയോയിൽ കാണാം. തൂവലുകൾ പറിക്കുമ്പോൾ മുതൽ കോഴി കരയുന്നത് വീഡിയോയിൽ കേൾക്കാം. എന്നാൽ ഇതൊന്നും ഇയാളിൽ മനസലിവുണ്ടാക്കുന്നില്ല.

തുടർന്ന് ചിറകുകളും കാലുകളും അറുത്ത ശേഷം ചിരിച്ചുകൊണ്ട് മുതുകത്ത് വെട്ടുകയും ചെയ്ത ശേഷവും ഉയർത്തിപ്പിടിച്ച് ചിരിക്കുന്നുണ്ട്. തുടർന്ന് മടക്കിയൊടിച്ച് രണ്ടാക്കി വലിച്ചുകീറുകയും കുടലും പിണ്ഡവും മറ്റും വലിച്ചു പുറത്തിടുന്നതും വീഡിയോയിൽ കാണാം. ഈ സമയമെല്ലാം കോഴി പിടയ്ക്കുന്നുണ്ട്. ചിരിച്ചുകൊണ്ടാണ് ഇയാളിതെല്ലാം ചെയ്യുന്നത്. ഏറ്റവുമൊടുവിലാണ് ഇയാൾ കോഴിയുടെ കഴുത്ത് അറുക്കുന്നത്. ഈ സമയം സമീപത്തു വരുന്ന മറ്റൊരാളും ചിരിക്കുന്നുണ്ട്.

ഇത്തരം പൈശാചിക മനസുള്ളവരെ തുറുങ്കിലടയ്ക്കണമെന്ന് നിരവധി പേർ ആവശ്യപ്പെട്ടിരുന്നു. സംഭവത്തിൽ പ്രതിഷേധവുമായി കേരള സംസ്ഥാന ചിക്കൻ വ്യാപാരി സമിതിയും രം​ഗത്തെത്തിയിരുന്നു. യുവാവിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് സംഘടനാ സംസ്ഥാന സെക്രട്ടറി പി.എസ് ഉസ്മാൻ ആവശ്യപ്പെട്ടിരുന്നു.

Hot Topics

Related Articles