എസ്.എച്ച് മൗണ്ടിൽ നിന്നും
ജാഗ്രതാ ന്യൂസ്
പ്രത്യേക ലേഖകൻ
കോട്ടയം: എം.സി റോഡിൽ നാഗമ്പടം എസ്.എച്ച് മൗണ്ടിനു സമീപം വാഹനാപകടത്തിൽ അയ്മനം സ്വദേശിയായ യുവാവ് മരിച്ചു. അമിത വേഗത്തിൽ പാഞ്ഞെത്തിയ ബൈക്ക് പെട്ടി ഓട്ടോറിക്ഷയിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റാണ് യുവാവ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന യുവാവിനെ മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അയ്‌മനം മണവത്ത്പുത്തൻപുരയിൽ ബാലു (27)വാണ് മരിച്ചത്. ഇയാളുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ.
വെള്ളിയാഴ്ച രാത്രി 8.45 ന് എം.സി റോഡിൽ നാഗമ്പടം എസ്.എച്ച് മൗണ്ട് മഠത്തിനു മുന്നിലെ റോഡിലായിരുന്നു അപകടം. പൈനാപ്പിൾ എടുക്കുന്നതിനായി കോട്ടയം ഭാഗത്തു നിന്നും മൂവാറ്റുപുഴയിലേയ്ക്കു പോകുകയായിരുന്നു പെട്ടി ഓട്ടോറിക്ഷ. ഈ സമയം എതിർദിശയിൽ നിന്നും അമിത വേഗത്തിൽ പാഞ്ഞെത്തുകയായിരുന്നു യുവാവ്. അമിത വേഗത്തിൽ ഏറ്റുമാനൂർ ഭാഗത്തു നിന്നും പാഞ്ഞെത്തിയ ബൈക്ക് ഇടിച്ചു കയറുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇടിയുടെ ആഘാതത്തിൽ പെട്ടി ഓട്ടോറിക്ഷ റോഡിലേയ്ക്കു മറിഞ്ഞു. അപകടത്തെ തുടർന്ന് ബൈക്ക് ഏതാണ്ട് പൂർണമായും തകർന്നു. ബൈക്കിന്റെ മുൻഭാഗം പൂർണമായും തവിട് പൊടിയായി. ബൈക്ക് യാത്രക്കാരനായ യുവാവിന് റോഡിൽ വീണാണ് പരിക്കേറ്റത്. റോഡിൽ തലയിടിച്ച് വീണ ഇയാൾ ആശുപത്രിയിലേയ്ക്കുള്ള യാത്രയ്ക്കിടെയാണ് മരിച്ചത്.
അപകടത്തെ തുടർന്ന് എം.സി റോഡിൽ വൻ ഗതാഗതക്കുരുക്ക് ഉണ്ടായി. അപകടമുണ്ടായതോടെ ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് റോഡിലെ ഗതാഗതം പുനസ്ഥാപിക്കാൻ ശ്രമിച്ചെങ്കിലും ഓട്ടോറിക്ഷ തവിട് പൊടിയായി കിടന്നതിനാൽ വാഹനം നീക്കം ചെയ്യാൻ സാധിച്ചില്ല. പരിക്കേറ്റ ഓട്ടോഡ്രൈവറെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം അറിഞ്ഞ് ഗാന്ധിനഗർ പൊലീസ് സംഘം സ്ഥലത്ത് എത്തി.