തിരുവല്ല : ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റായി വി വസീഫിനെയും സെക്രട്ടറിയായി വി കെ സനോജിനെയും തെരഞ്ഞെടുത്തു. പത്തനംതിട്ടയിൽ ചേർന്ന സംസ്ഥാന സമ്മേളനമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. അരുൺ ബാബു ആണ് ട്രഷറർ.
എ എ റഹീം അഖിലേന്ത്യ പ്രസിഡന്റായതിനെ തുടർന്ന് ഡിസംബറിലാണ് സനോജ് സംസ്ഥാന സെക്രട്ടറി പദവിയിലേക്ക് എത്തിയത്. നിലവിൽ ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റിയംഗമാണ് മുപ്പത്തിയേഴുകാരനായ സനോജ്. ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറിയായും എസ്എഫ്ഐ സംസ്ഥാന വൈസ്പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സിപിഎം കണ്ണൂർ ജില്ലാകമ്മിറ്റിയംഗം, വോളിബോൾ അസോസിയേഷൻ കണ്ണൂർ ജില്ലാ പ്രസിഡന്റ്, സംസ്ഥാന യുവജനക്ഷേമ ബോർഡ് അംഗം എന്നീ നിലകളിലും പ്രവർത്തിക്കുന്നു. കണ്ണൂർ മാലൂര്‍ നിട്ടാപറമ്പ് പത്മശ്രീയിൽ എം കെ പത്മനാഭന്റെയും വി കെ സുലോചനയുടെയും മകനാണ്. മലയാള സാഹിത്യത്തിൽ ബിരുദാനന്തര ബിരുദധാരിയാണ്. ഭാര്യ: ജസ്ന ജയരാജ് (റിപ്പോർട്ടർ, ദേശാഭിമാനി കണ്ണൂർ). മകൻ: ഏതൻ സാൻജെസ്.
കോഴിക്കോട് ജില്ലയിലെ കൊടിയത്തൂർ പഞ്ചായത്തിൽ വിദ്യാഭ്യാസ വകുപ്പിൽ നിന്ന് അക്കൗണ്ട് ഓഫീസർ ആയി വിരമിച്ച വളപ്പിൽ വീരാൻ കുട്ടിയുടെയും വഹീദയുടേയും മകനാണ് വസീഫ്. തിരുവനന്തപുരത്ത് ഗവ. ഹോമിയോ കോളജിൽ എം.ഡി ചെയ്യുന്ന ഡോ. അർഷിദ ആണ് ഭാര്യ. നിലവിൽ എഫ് എം എച്ച് എസ് എസ് വിഭാഗത്തിൽ ഹയർ സെക്കൻഡറി അധ്യാപകൻ ആണ്. സി പിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമായും കൊടിയത്തൂർ സർവീസ് സഹകരണ ബാങ്കിൽ പ്രസിഡൻ്റ് ആയും ചുമതല നിർവഹിക്കുന്നു.