സാധാരണക്കാരനെ അപമാനിച്ചും, അവഗണിച്ചും ആട്ടിയോടിക്കുന്ന കോൺഗ്രസ്‌ നേതാക്കൾ ഉമ്മൻ ചാണ്ടിയ്ക്കും കോൺഗ്രസിനും ചീത്തപ്പേരുണ്ടാക്കുന്നു : ഫെയ്സ്ബുക്കിൽ കടുത്ത വിമർശനവുമായി കോട്ടയം ജില്ലാ പഞ്ചായത്തംഗമായ കോൺഗ്രസ് നേതാവ്

കോട്ടയം : സാധാരണക്കാരനെ അപമാനിച്ചും, അവഗണിച്ചും ആട്ടിയോടിക്കുന്ന കോൺഗ്രസ്‌ നേതാക്കൾ ഉമ്മൻ ചാണ്ടിയ്ക്കും കോൺഗ്രസ് പാർട്ടിയ്ക്കും ചീത്തപ്പേര് ഉണ്ടാക്കുന്നതായുള്ള കടുത്ത വിമർശനവുമായി ജില്ലാ പഞ്ചായത്തംഗമായ കോൺഗ്രസ് നേതാവ്. കോട്ടയം ജില്ലാ പഞ്ചായത്തംഗമായ റെജി എം.  ഫിലിപ്പോസാണ് തന്റെ ഫെയ്സ്ബുക്കിൽ കടുത്ത വിമർശനം ഉന്നയിച്ചിരിക്കുന്നത്.

Advertisements

ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ
    കോൺഗ്രസ്‌ പാർട്ടി രക്ഷപെടണമെന്ന് ആഗ്രഹിക്കുന്നവരെ തോൽപ്പിക്കുന്നവർ പാർട്ടിക്കുള്ളിൽ തന്നെയുള്ളപ്പോൾ ഈ പാർട്ടി എങ്ങെനെ രക്ഷപെടും?
പല തവണ ആലോചിച്ചിട്ടാണ് ഇങ്ങനെയൊരു കുറിപ്പ് എഴുതുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഉമ്മൻ ചാണ്ടി എന്ന മനുഷ്യനെയും, മനുഷ്യ സ്നേഹിയെയും,  അദേഹത്തിന്റെ പൊതു പ്രവർത്തന ശൈലിയെയും നമുക്ക് നന്നായറിയാം….
മുന്നിൽ വരുന്ന ഏതൊരാളുടെയും ആവശ്യം എന്താണോ അത് നടത്തി കൊടുക്കാൻ പരമാവധി ശ്രമിക്കുന്ന ആളാണ്‌ ഉമ്മൻ ചാണ്ടി സർ. അത് വരുന്നവന്റെ രാഷ്ട്രീയം എന്താണെന്ന് നോക്കിയിട്ടല്ല. ആ ഉമ്മൻ ചാണ്ടി സാറിന്റെ അടുത്ത് സഹായത്തിനു എത്തുന്ന സാധാരണക്കാരനെ അപമാനിച്ചും, അവഗണിച്ചും ആട്ടിയോടിക്കുന്ന കോൺഗ്രസ്‌ നേതാക്കൾ ഉമ്മൻ ചാണ്ടി സാറിനും കോൺഗ്രസ്‌ പാർട്ടിക്കും ഉണ്ടാക്കുന്ന ചീത്തപ്പേരു വലുതാണ്.

ഉമ്മൻ ചാണ്ടി സാറിന്റെ വീട്ടിൽ സാധാരണ ഞായർ ദിവസം..
ഓരോരോ ആവശ്യങ്ങളും, സഹായ അഭ്യർത്ഥനയുമായി വലിയ ജനക്കൂട്ടമാണ് വരുന്നതെന്ന് നമുക്ക് അറിയാം.

മണർകാട് നിന്നും ഒരു ശുപാർശ ആവശ്യവുമായി ഒരാൾ ഉമ്മൻ ചാണ്ടി സാറിനെ കാണാൻ എത്തി. എന്നെ വിളിച്ചു ബന്ധപ്പെട്ട ആ വ്യക്തിയോട് ഞാനാണ് ഞായറാഴ്ച ഉമ്മൻ ചാണ്ടി സാറിന്റെ വീട്ടിലേക്ക് വന്നോളൂ, ഞാനും എത്താം എന്ന് അറിയിച്ചത്.
(എന്നാൽ എനിക്ക് അന്നേ ദിവസം വ്യക്തിപരമായ കാരണം കൊണ്ട് അവിടെ എത്തി ചേരാൻ സാധിച്ചില്ല. (78 വയസ്സായ എന്റെ അമ്മ,  കുറിച്ചിയിൽ ഉള്ള അമ്മ വീട്ടിലേയ്ക്കു പോകണം എന്ന്‌ പറഞ്ഞതിനാൽ ഞാൻ അങ്ങോട്ടേയ്ക്ക് പോയി.. ആയതിനാൽ എനിക്ക് ഇന്ന് സാറിന്റെ വീട്ടിൽ പോകാൻ കഴിഞ്ഞില്ല… )

ഉമ്മൻ ചാണ്ടി സാറിന്റെ വീട്ടിൽ എത്തിയ മണർകാട്ട് നിന്നുള്ള വ്യക്തി, എന്നെ കാണാത്തത് കൊണ്ട് വിളിച്ചപ്പോൾ ഞാൻ എത്താൻ കഴിയാത്ത സാഹചര്യം വിശദീകരിച്ചു. തുടർന്നു അവിടെ മണർകാട് നിന്നുള്ള ഏതെങ്കിലും കോൺഗ്രസ്‌ നേതാവ് ഉണ്ടോ എന്ന് അയാളോട് ഞാൻ തിരക്കി. ഡിസിസി ജനറൽ സെക്രട്ടറി ബാബു കെ കോര ഉണ്ടെന്ന് അയാൾ പറയുകയും ഫോണിലൂടെ ഞാൻ ബാബു കെ കോരയോട് ശുപാർശ തേടിയെത്തിയ വ്യക്തിയുടെ കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തു. ഉമ്മൻ ചാണ്ടി സാറിനെ കാണാൻ അവസരം ഉണ്ടാക്കി നൽകണം എന്ന് ബാബു കെ. കോരയോട് ഞാൻ പറഞ്ഞു. വേണ്ടത് ചെയ്യാമെന്ന് ബാബു കെ  കോര എനിക്ക് വാക്കും നൽകി.

എന്നാൽ ജനങ്ങളെ കേട്ടതിനു ശേഷം ഉമ്മൻ‌ചാണ്ടി സർ സ്ഥലത്തു നിന്നും മടങ്ങുകയും, ബാബു കെ. കോരയെ  വിശ്വസിച്ചു  അത്രയും നേരം കാത്തിരുന്ന ആൾക്ക് ഉമ്മൻ ചാണ്ടി സാറിനെ കാണാൻ പറ്റിയതുമില്ല. എന്താണ് അപേക്ഷ ഉമ്മൻ ചാണ്ടി സാറിന് നൽകാത്തതെന്ന്  അയാൾ   ബാബു കെ. കോരയോട്   ചോദിച്ചു.. എന്നാൽ  റെജിസാറിന്റെ  കൈയ്യിൽ കൊടുത്താൽ മതി എന്ന് പറഞ്ഞു അവഗണിക്കുകയാണ് ഉണ്ടായത്. അത്രയും നേരം ബാബു കെ കോരയെ വിശ്വസിച്ചു നിന്ന വ്യക്തി വിഷമത്തോടെയാണ് അവിടം വിട്ടത്.

പിന്നീട് ഒരു സ്വകാര്യ ചടങ്ങിൽ വച്ച് ബാബുവിനെ കണ്ടപ്പോൾ ഞാൻ ഈ കാര്യം ബാബുവിനോട് ചോദിച്ചു. അപ്പോൾ ബാബു പറഞ്ഞ മറുപടി ” നീ പോടാ,,, നീ പറയുന്ന കാര്യം ചെയ്യാൻ ഇരിക്കുന്നവനല്ല ഞാൻ ” എന്നാണ്.

നോക്കൂ… എത്രമാത്രം അഹങ്കാരമാണ് ഇവരെയൊക്കെ നയിക്കുന്നത്. എത്രമാത്രം ജനവിരുദ്ധതയാണ് ഇവരുടെ മുഖമുദ്ര. ഉമ്മൻ ചാണ്ടി സാറിനെ പോലെ ഏതൊരാൾക്കും രാഷ്ട്രീയ ഭേദമന്യേ ആശ്രയിക്കാൻ പറ്റുന്ന ഒരു വ്യക്തിയുടെ അടുത്ത് സഹായത്തിനായി എത്തിയ വ്യക്തിയെ പറഞ്ഞു പറ്റിക്കുകയും അപമാനിക്കുകയും ചെയ്ത ബാബു കെ കോരയെ പോലെയുള്ള കോൺഗ്രസ്‌ നേതാക്കളെ മുന്നിൽ നിർത്തി പാർട്ടി എങ്ങെനെ രക്ഷപ്പെടുമെന്നാണ് പറയുന്നത്.

കെപിസിസി പ്രസിഡന്റ്‌ ശ്രീ കെ സുധാകരൻ എല്ലാ ദിവസവും പ്രസംഗിക്കുന്ന കാര്യമാണ് ജനങ്ങളുമായി ബന്ധം വേണമെന്ന്… സാധാരണക്കാരായ ജനങ്ങൾ ഒരു ആവശ്യത്തിനായി വരുമ്പോൾ അവരെ പൊട്ടൻ കളിപ്പിക്കുന്ന ശൈലി കോൺഗ്രസ്‌ നേതാക്കൾക്ക് നല്ലതാണോ?

ഉമ്മൻ ചാണ്ടി സാർ എന്ന നല്ല മനുഷ്യനു ചീത്തപ്പേര് കേൾപ്പിക്കാൻ ഇത്തരം നേതാക്കൾ അദ്ദേഹത്തിന്റെ വീട്ടിൽ തമ്പടിച്ചു നിന്നാൽ മതി. സാധാരണക്കാരന്റെ ആവശ്യങ്ങളും വിഷമങ്ങളും മനസ്സിലാകണമെങ്കിൽ മണ്ണിൽ ജീവിക്കുന്ന നേതാവകണമെന്ന് ഓർത്താൽ നല്ലത്.

കൂട്ടത്തിൽ ബാബു കെ കോര ഒരു കാര്യം കൂടി എന്നോട് പറഞ്ഞു. ” സഹായം ചോദിച്ചു വന്നവൻ കോൺഗ്രസ്‌ ആണോ എന്ന് എങ്ങെനെ അറിയാൻ ആണെന്ന് “… ഉമ്മൻ ചാണ്ടി സാറിന്റെ വീട്ടിൽ വരുന്നവർ എല്ലാം കോൺഗ്രസ്‌കാരണോ? കോൺഗ്രസ്‌കാർക് മാത്രമേ സഹായം ചെയ്യൂ എന്ന് ഉമ്മൻ ചാണ്ടി സാർ പറഞ്ഞിട്ടുണ്ടോ? മുന്നിൽ വരുന്ന മനുഷ്യരുടെ ആവശ്യങ്ങൾക്ക് മാത്രം പരിഗണന നൽകുന്ന ആ വലിയ മനുഷ്യനെ അപമാനിക്കാൻ ദയവ് ചെയ്തു ഇത് പോലെ പെരുമാറരുത്.

പിന്നെ, കോൺഗ്രസ്‌കാർക്കേ സഹായം ചെയ്യൂ എന്നാണെങ്കിൽ ഈ പറയുന്ന ബാബു കെ കോര എന്ന മഹാൻ 35 കൊല്ലമായി അടക്കി ഭരിക്കുന്ന സഹകരണ ബാങ്കിൽ എത്ര കോൺഗ്രസുകാർക്ക് ജോലി കൊടുത്തിട്ടുണ്ട് എന്ന് പറയാമോ? ലക്ഷങ്ങൾ വാങ്ങി കീശയിൽ ഇട്ട് പാർട്ടിക്കാരല്ലാത്തവർക്ക് ജോലി കൊടുത്ത ആളൊക്കെയാണ് പാർട്ടി സ്നേഹം പറയുന്നത്.

സഹായം ചോദിച്ച വ്യക്തിക്ക് വേണ്ടതെല്ലാം ചെയ്യാനുള്ള ഏർപ്പാട് ഞാൻ ഉമ്മൻ ചാണ്ടി സാർ വഴി നടത്തിയിട്ടുണ്ട്. ഇത്രയും ഇവിടെ പറയാൻ കാരണം ജനവിരുദ്ധരായ ചിലരെ തുറന്ന് കാണിക്കാൻ വേണ്ടിയാണ്. കോൺഗ്രസിന്റെ പേര് പറഞ്ഞു ഖദർ ഇട്ട് ചെത്തി മിനുങ്ങി നടക്കുന്ന, പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്ഥാനവും ബാങ്ക് പ്രസിഡന്റ്‌ സ്ഥാനവും എല്ലാം ആസ്വദിച്ച ചിലരുടെ ഒക്കെ സാധാരണകാരോടുള്ള സമീപനം എല്ലാവരും അറിയണം.

ജനങ്ങളോട് ബന്ധമുണ്ടാകണം എന്ന് പ്രസംഗിക്കുന്ന കെപിസിസി പ്രസിഡന്റ്‌ ഇത്തരം ജനവിരുദ്ധരായ നേതാക്കളെ നിലക്ക് നിർത്തിയില്ലെങ്കിൽ ഒരു നാട്ടിൽ നിന്ന് തന്നെ കോൺഗ്രസ്‌ പാർട്ടി ഇല്ലാതാകും. ഉമ്മൻ ചാണ്ടി സാറിന്റെ വീട്ടിൽ വരുന്നവരോട് ഈ രീതിയിൽ പെരുമാറുന്ന ആളുകളെ ഉമ്മൻ ചാണ്ടി സാറും കരുതി ഇരിക്കുക.
സസ്നേഹം..
റെജി എം.  ഫിലിപ്പോസ്
മെമ്പർ,
ജില്ലാ പഞ്ചായത്ത്‌, കോട്ടയം..

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.