തിരുവനന്തപുരം: നേമം മണ്ഡലം തിരിച്ചുപിടിച്ച് ഒരു വര്‍ഷം പൂര്‍ത്തിയാകവെ ബിജെപിയെ പരിഹസിച്ച് മന്ത്രി വി ശിവന്‍കുട്ടി. മണിക്കൂറുകളുടെ ഇടവേളകളില്‍ രണ്ട് പോസ്റ്റുകളാണ് മന്ത്രി ശിവന്‍കുട്ടി പങ്കുവച്ചത്. ‘നേമം മണ്ഡലത്തിലെ കാവിക്കറ കഴുകിക്കളഞ്ഞിട്ട് ഇന്നേക്ക് ഒരു വര്‍ഷം’ എന്ന തലക്കെട്ടോടെ ചിത്രം പങ്കുവച്ചായിരുന്നു ശിവന്‍കുട്ടിയുടെ ആദ്യ പരിഹാസം. പിന്നാലെ ‘ഇനി പൂജ്യത്തിന്റെ കാര്യത്തില്‍ തര്‍ക്കം വേണ്ട. പൂജ്യം കണ്ട് പിടിച്ചത് നമ്മള്‍ തന്നെയാണ്’ എന്ന ക്യാപ്ഷനോടെ ‘താമര’യെ ഫ്‌ളഷ് ചെയ്യുന്ന ചിത്രവും മന്ത്രി പങ്കുവച്ചു.
ബിജെപിക്ക് വേണ്ടി കുമ്മനം രാജശേഖരനും യുഡിഎഫിന് വേണ്ടി കെ മുരളീധരനും കളത്തിലിറങ്ങിയ ത്രികോണ പോരാട്ടത്തിനൊടുവിലായിരുന്നു നേമം മണ്ഡലത്തില്‍ ശിവന്‍കുട്ടി വിജയിച്ചത്. 2016ല്‍ വി ശിവന്‍കുട്ടിയെ പരാജയപ്പെടുത്തിയായിരുന്നു ബിജെപി ഒ രാജഗോപാലിലൂടെ സംസ്ഥാനത്ത് അക്കൗണ്ട് നേടിയത്. 8671 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു അന്ന് ബിജെപി വിജയിച്ചത്. എന്നാല്‍ 2021ല്‍ അത് ആവര്‍ത്തിക്കാനായില്ല. സംസ്ഥാനത്താകെ ആഞ്ഞടിച്ച ഇടതുതരംഗത്തില്‍ നേമത്തും ബിജെപിക്ക് കാലിടറുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തായിരുന്നു. എന്നാല്‍ മുന്‍തവണത്തേതിനെ അപേക്ഷിച്ച് കോണ്‍ഗ്രസിന് വലിയ രീതിയില്‍ വോട്ടിംഗ് ശതമാനം വര്‍ധിപ്പിക്കാന്‍ സാധിച്ചിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയപ്പോള്‍ തന്നെ ബിജെപിയുടെ അക്കൗണ്ട് പൂട്ടുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചിരുന്നു. ”അഞ്ച് കൊല്ലം മുന്‍പ് ബിജെപി നേമത്ത് അക്കൗണ്ട് തുറന്നു. അത് ഇത്തവണ ഞങ്ങള്‍ ക്ലോസ് ചെയ്യും.” എന്നായിരുന്നു പിണറായി വിജയന്റെ വാക്കുകള്‍. അത് പോലെ തന്നെ സംഭവിച്ചു. നേമം പിടിച്ചെടുത്ത് നിയമസഭയിലെത്തിയ ശിവന്‍കുട്ടി രണ്ടാം പിണറായി സര്‍ക്കാരിന്റെ വിദ്യാഭ്യാസ മന്ത്രിയായി ചുമതല ഏല്‍ക്കുകയും ചെയ്തു.