ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്തിയതോടെ ഇടുക്കി ഡാമില്‍ ജലനിരപ്പുയര്‍ന്നു. ഡാമിലെ നിലവിലെ ജലനിരപ്പ് 2398.32 അടിയായി ഉയര്‍ന്നു. ഡാമില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് റൂള്‍ കര്‍വ് പരിധി പിന്നിട്ടതോടെയാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചത്. ഇതോടെ പെരിയാര്‍ തീരത്ത് അതീവ ജാഗ്രതാ നിര്‍ദേശം നല്കി. പെരിയാറില്‍ 60 സെന്റിമീറ്ററോളം ജലനിരപ്പുയരും.
മുല്ലപ്പെരിയാറില്‍ നിന്ന് വള്ളക്കടവിലേക്കാണ് ആദ്യം വെള്ളമെത്തുക. 20-40 മിനിറ്റിനുള്ളില്‍ വള്ളമെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. 7.30ഓടെയാണ് മൂന്നാമത്തെ സൈറണ്‍ മുഴങ്ങി മുല്ലപ്പെരിയാറിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറന്നത്. നിലവില്‍ അണക്കെട്ടിലെ ജലനിരപ്പ് 138.70 അടിയാണ്. ഇത് 138 അടിയിലേക്ക് നിജപ്പെടുത്തുകയാണ് ലക്ഷ്യം. 2018 ന് ശേഷം ആദ്യമായാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കുന്നത്.