കാസര്‍കോട്: ജീവിതം കരുപ്പിടിപ്പിക്കാനാണ് അവര്‍ കോഴിവളര്‍ത്താന്‍ തുടങ്ങിയത്.അധികൃതരുടെ ഭാഗത്തുനിന്ന് കോഴികളും കൂടും ലഭിച്ചതോടെ ഏറെ സന്തോഷമായി. തീറ്റയും വെള്ളവും കൊടുത്ത് കോഴികളെ നന്നായി സംരക്ഷിച്ചു. കോഴികള്‍ ഒരുമിച്ച് മുട്ടയിട്ടുതുടങ്ങിയപ്പോഴാണ് അപ്രതീക്ഷിത പ്രതിസന്ധി വീട്ടമ്മമാരെ തേടിയെത്തിയത്. കോഴിമുട്ടകള്‍ വിറ്റഴിക്കാന്‍ കഴിയുന്നില്ല. ഇപ്പോള്‍ കൂട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കുമൊക്കെ നല്‍കിയാണ് മുട്ടകള്‍ തീര്‍ക്കുന്നത്. കടുത്ത ചൂടായതിനാല്‍ സൂക്ഷിച്ചുവയ്ക്കാനും കഴിയുന്നില്ല. പുത്തിഗെ പഞ്ചായത്തിലെ വീട്ടമ്മമാരാണ് മുട്ടകള്‍ വില്‍ക്കാനാവാതെ വലയുന്നത്.
കുടുംബശ്രീ സംരംഭങ്ങളുടെ ഭാഗമായാണ് 70 കുടുംബങ്ങള്‍ക്ക് 25 വീതം കോഴിക്കുഞ്ഞുങ്ങളെ കഴിഞ്ഞ സെപ്തംബറില്‍ പഞ്ചായത്തധികൃതര്‍ അനുവദിച്ചത്. നാല്പ്പത്തഞ്ചുദിവസം പ്രായമുളള കുഞ്ഞുങ്ങളായിരുന്നു ഇവ. കുഞ്ഞുങ്ങള്‍ക്കൊപ്പം കൂടുകളും രണ്ടുമാസത്തേക്കുള്ള കോഴിത്തീറ്റയും നല്കി. 15,000 രൂപയാണ് ഒരംഗത്തിന് വായ്പ അനുവദിച്ചത്. ഇത് പതിനെട്ട് മാസംകൊണ്ടാണ് അടച്ചുതീര്‍ക്കേണ്ടത്. പ്രതിമാസം 860 രൂപ. മുട്ട വില്ക്കാന് കഴിയുമെങ്കില്‍ വലിയ പ്രശ്നമില്ലാതെ മാസത്തവണ തിരിച്ചടയ്ക്കാന്‍ കഴിയും. വിപണിയില്‍ ഏഴുരൂപവരെയാണ് ഒരു മുട്ടയുടെ വില.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പക്ഷേ, കൃഷിക്കാരുടെയും മുട്ടകളുടെയും എണ്ണം കൂടിയതോടെ വാങ്ങാന്‍ ആളില്ലാത്ത അവസ്ഥയാണ്. ഇതിനൊരു പരിഹാരം വേണമെന്നാണ് കോഴികര്‍ഷകരുടെ ആവശ്യം. മുട്ടകള്‍ ശേഖരിച്ച് കര്‍ഷകര്‍ക്ക് ന്യായമായ വില കിട്ടുന്നതിലുള്ള സംവിധാനം കേരളത്തില്‍ മൊത്തം ഉണ്ടാവണമെന്നും അവര്‍ ആവശ്യപ്പെടുന്നു.