പത്തനംതിട്ട :
ഇലവുംതിട്ട കാരിത്തോട്ട എരിഞ്ഞനാംകുന്ന് കടവത്രയിൽ പീസ് കോട്ടേജിൽ ആർ ഓ തങ്കച്ചൻ (92) ആണ് വീട്ടിനുള്ളിൽ ആക്രമണത്തിനിരയായത്.
ഒറ്റയ്ക്ക് താമസിക്കുന്ന ഇദ്ദേഹത്തെ ആക്രമിച്ച് പണവും, വീട്ടുമുറ്റത്തിരുന്ന സ്കൂട്ടറും കവർന്നെടുത്ത കേസിൽ അറസ്റ്റിലായ പ്രതി റിമാൻഡിലായി. ഇദ്ദേഹത്തിന്റെ കാര്യങ്ങൾ കഴിഞ്ഞ ആറുമാസമായി നോക്കിവന്ന ആലപ്പുഴ കാർത്തികപ്പള്ളി ഹരിപ്പാട് പിലാപ്പുഴ കുറ്റിക്കാട് ലക്ഷംവീട് കോളനിയിൽ നിന്നും കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി പൂതക്കുഴി സീനത്ത് എന്നയാളുടെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന രാമചന്ദ്രന്റെ മകൻ വിനീത് (31) ആണ് റിമാൻഡിലായത്. കഴിഞ്ഞ മാസം 29 ന് ഉച്ചക്ക് ശേഷമാണ് സംഭവം. വയോധികന്റെ കിടപ്പുമുറിയിൽ അതിക്രമിച്ചകയറിയ ഇയാൾ, 2500 രൂപ ആവശ്യപ്പെട്ടു. ഇല്ലെന്ന് പറഞ്ഞതിനെ തുടർന്ന് കഴുത്തിൽ കുത്തിപിടിച്ച്, തലയിൽ അടിക്കുകയും, മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നീട് മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 40,000 രൂപയും ബാങ്ക് രേഖകളും അടങ്ങിയ ബാഗും കൈക്കലാക്കിയശേഷം പുറത്തുകടന്ന് പോർച്ചിലിരുന്ന സ്കൂട്ടറുമായി കടന്നുകളയുകയായിരുന്നു.
വയോധികൻ പോലീസ് സ്റ്റേഷനിൽ ഫോണിൽ വിവരമറിയിച്ചതിനെത്തുടർന്ന്, ഇലവുംതിട്ട പോലീസ് വീട്ടിലെത്തി പരിശോധന നടത്തി മേൽ നടപടികൾ സ്വീകരിച്ചു കേസെടുത്തു. ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐപിഎസ് ന്റെ നിർദ്ദേശാനുസരണം അന്വേഷണം ത്വരിതപ്പെടുത്തിയ പോലീസ് സംഘം, സൈബർ സെൽ വിദഗ്ദ്ധരുടെ സഹായത്തോടെ പ്രതിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. ഫോൺ വിളിയുടെ വിശദാംശങ്ങൾ ലഭ്യമാക്കിയും ലൊക്കേഷൻ നിരീക്ഷിച്ചും, അന്വേഷണം വ്യാപിപ്പിച്ചതിനെ തുടർന്ന് ഹരിപ്പാട് വച്ച് സ്കൂട്ടറും മോഷണമുതലുകൾ അടങ്ങിയ ബാഗും ഉൾപ്പെടെ പിടികൂടുകയാണുണ്ടായത്. വിരലടയാള വിദഗ്ദ്ധരുടെ സംഘം ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുകയും, പോലീസ് വിശദമായി പ്രതിയെ ചോദ്യം ചെയ്യുകയും ചെയ്തു. ഇയാൾ കുറ്റം സമ്മതിച്ചു. പത്തനംതിട്ട ഡി വൈ എസ് പി കെ സജീവിന്റെ മേൽനോട്ടത്തിൽ നടന്ന അന്വേഷണത്തിൽ എസ്ഐ ആർ ശ്രീകുമാർ, സിവിൽ പോലീസ് ഓഫീസർമാരായ ബിന്ദുലാൽ, അജിത്, അമൽ സുധാകരൻ, അനിൽകുമാർ എന്നിവരാണ് പങ്കെടുത്തത്.
ഒറ്റയ്ക്ക് താമസിക്കുന്ന
വയോധികന്റെ വീട്ടിൽ അതിക്രമിച്ചുകയറി കവർച്ച : പ്രതി റിമാൻഡിൽ
Advertisements