കോട്ടയം: കുടുംബ തർക്കത്തെ തുടർന്ന് അച്ഛനൊപ്പം നിൽക്കുന്ന മകനെ കൊണ്ടു പോകാനെത്തിയ അമ്മയും ഗുണ്ടാ സംഘവും വീട്ടുകാരെ ആക്രമിച്ചതായി പരാതി. താഴത്തങ്ങാടി തളിയിൽക്കോട്ടയിലാണ് ഭർത്താവിന്റെ പക്കൽ നിന്നും മകനെ കൊണ്ടു പോകാനെത്തിയ ഭാര്യയും ഗുണ്ടാ സംഘവും ചേർന്ന് കുടുംബാംഗങ്ങളെ ആക്രമിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ കുടുംബാംഗങ്ങൾ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ ബന്ധുക്കൾ കോട്ടയം വെസ്റ്റ് പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട്. കോട്ടയം തളീക്കോട്ട വൈപ്പിൽ മഠം ശിവപ്രസാദിന്റെ കുടുംബത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ശിവപ്രസാദിന്റെ അച്ഛനും, സഹോദരന്റെ ഊമയായ ഭാര്യയ്ക്കും ആക്രമണത്തിൽ പരിക്കേറ്റു.
തിങ്കളാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു സംഭവങ്ങൾ. ശിവപ്രസാദും ഭാര്യയും രണ്ടു വർഷത്തോളമായി വേർ പിരിഞ്ഞ് കഴിയുകയാണ്. ആറു മാസം മുൻപ് വരെ കുട്ടി ശിവപ്രസാദിന്റെ ഭാര്യയുടെ ഒപ്പമാണ് കഴിഞ്ഞിരുന്നത്. എന്നാൽ, പ്രദേശത്തെ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി ശിവപ്രസാദ് ഭാര്യയുടെ അടുത്ത് നിന്ന് കുട്ടിയെ വീട്ടിൽ എത്തിച്ചു. ഇതിനു ശേഷം കുട്ടി തിരികെ ഭാര്യയുടെ അടുത്തേയ്ക്കു പോയിരുന്നില്ല. ഇതേച്ചൊല്ലി ഇരുകൂട്ടരും തമ്മിൽ വാക്കേറ്റവും തർക്കവും നില നിന്നിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിനിടെയാണ് തിങ്കളാഴ്ച വൈകിട്ടോടെ നാലംഗ സംഘം തളിയിൽക്കോട്ടയിലെ വീട്ടിലെത്തിയതെന്നു പരാതിയിൽ പറയുന്നു. കുട്ടിയുടെ അമ്മ ആശുപത്രിയിലാണ് എന്ന് അറിയിച്ചാണ് നാലംഗ സംഘം വീട്ടിലെത്തിയത്. അമ്മയെ കാണുന്നതിനായി കുട്ടിയെ വിട്ടു കിട്ടണമെന്ന് ഇവർ ആവശ്യപ്പെട്ടു. ഇതേച്ചൊല്ലി ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന്, അക്രമി സംഘം ശിവപ്രസാദിന്റെ പിതാവിന്റെ കഴുത്തിന് പിടിച്ചു തള്ളുകയായിരുന്നുവെന്നു പരാതിയിൽ പറയുന്നു. ബഹളം കേട്ട് തടയുന്നതിനായി ഓടിയെത്തിയ മൂകയും ബധിരയുമായ സഹോദര ഭാര്യയെയും സംഘം കഴുത്തിൽ പിടിച്ച് തള്ളി.
ആക്രമണത്തിൽ പരിക്കേറ്റവരെ ഉടൻ തന്നെ ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചു പ്രഥമ ശുശ്രൂഷ നൽകി. തുടർന്ന് ശിവപ്രസാദിന്റെ ബന്ധുക്കൾ കോട്ടയം വെസ്റ്റ് പൊലീസിൽ പരാതിയും നൽകി. സംഭവത്തിൽ ഇരുകൂട്ടരെയും വിളിച്ചു വരുത്തുമെന്നു പൊലീസ് അറിയിച്ചു.