മുംബൈ : ഐപിഎലില്‍ ഗുജറാത്ത് ടൈറ്റന്‍സിന് വൻ വിജയം. ബാറ്റിംഗില്‍ 144 റണ്‍സ് മാത്രമേ നേടാനായുള്ളുവെങ്കിലും ബൗളര്‍മാര്‍ അവസരത്തിനൊത്തുയര്‍ന്നപ്പോള്‍ ഗുജറാത്ത് എതിരാളികളായ ലക്നൗവിനെ 82 റണ്‍സിന് എറിഞ്ഞിട്ട് 62 റണ്‍സ് വിജയം നേടുകയായിരുന്നു. 13.5 ഓവറില്‍ ടീം ഓള്‍ഔട്ട് ആയപ്പോള്‍ ഗുജറാത്തിന് വേണ്ടി റഷീദ് ഖാന്‍ നാലും സായി കിഷോര്‍ രണ്ടും വിക്കറ്റാണ് നേടിയത്. യഷ് ദയാലിനും രണ്ട് വിക്കറ്റ് ലഭിച്ചു. 27 റണ്‍സ് നേടിയ ദീപക് ഹൂഡയാണ് ലക്നൗവിന്റെ ടോപ് സ്കോറര്‍.
ഗുജറാത്ത് ഉയര്‍ത്തിയ 145 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലക്നൗ 13.5 ഓവറില്‍ 82 റണ്‍സ് നേടിയപ്പോഴേക്കും എല്ലാവരും പുറത്തായി. 3.5 ഓവറില്‍ 24 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ റാഷിദ് ഖാനാണ് ലക്നൗ ബാറ്റിംഗ് നിരയുടെ കഥ കഴിച്ചത്. ഗുജറാത്തിനായി യഷ് ദയാല്‍, സായി കിഷോര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. വിജയത്തോടെ പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമായി ഗുജറാത്ത് ടൈറ്റന്‍സ് മാറി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2 മത്സരങ്ങള്‍ അവശേഷിക്കവെയാണ് ടീം 18 പോയിന്റുമായി പ്ലേ ഓഫിലേക്ക് എത്തുന്നത്. ലക്‌നൗവിന് പിന്നില്‍ രണ്ടാം സ്ഥാനക്കാരായി മത്സരം തുടങ്ങിയ ടീം ഈ വിജയത്തോടെ ഒന്നാം സ്ഥാനത്തേക്ക് തിരികെ എത്തുകയും ചെയ്തു. 16 പോയിന്റുള്ള ലക്‌നൗ ആണ് രണ്ടാം സ്ഥാനത്ത്.
ഗുജറാത്തിന്റെ തകര്‍പ്പന്‍ ബോളിങ് പ്രകടനത്തിനു മുന്നില്‍ ലക്‌നൗ നിരയില്‍ ചെറുത്തു നില്‍ക്കാനായത് 26 പന്തില്‍ മൂന്നു ഫോറുകള്‍ സഹിതം 27 റണ്‍സെടുത്ത ദീപക് ഹൂഡയ്ക്കു മാത്രം. ഹൂഡയ്ക്കു പുറമേ ലക്‌നൗ നിരയില്‍ രണ്ടക്കം കണ്ടത് ഓപ്പണര്‍ ക്വിന്റണ്‍ ഡികോക്കും പതിനൊന്നാമനായി എത്തിയ ആവേഷ് ഖാനും മാത്രം. പത്തു പന്തില്‍ ഒരു സിക്‌സ് സഹിതം 11 റണ്‍സാണ് ഡികോക്കിന്റെ സമ്ബാദ്യം.ആവേശ് ഖാന്‍ 12 റണ്‍സ് നേടി.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഗുജറാത്തിന് നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സാണ് നേടാന്‍ കഴിഞ്ഞത്. 49 പന്തില്‍ 63 റണ്‍സ് നേടിയ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലാണ് ഗുജറാത്ത് നിരയിലെ ടോപ് സ്‌കോറര്‍.
ഡേവിഡ് മില്ലറുമായി നാലാം വിക്കറ്റില്‍ ഗില്‍ നേടിയ 52 റണ്‍സാണ് ഗുജറാത്തിനെ മുന്നോട്ട് നയിച്ചത്. ഗുജറാത്തിനായി മില്ലര്‍ 26 റണ്‍സ് നേടി. രാഹുല്‍ തെവാത്തിയ (22*) ഗില്ലിനൊപ്പം അഞ്ചാം വിക്കറ്റില്‍ 41 റണ്‍സിന്റെ നിര്‍ണ്ണായക കൂട്ടുകെട്ട് പുറത്തെടുത്തു. ലക്‌നൗവിനായി അവേശ് ഖാന്‍ 2 വിക്കറ്റ് നേടി.