കൊച്ചി: മലപ്പുറം പെരിന്തൽമണ്ണയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ വേദിയിലേക്ക് ക്ഷണിച്ചതിന് സംഘാടകർക്കെതിരെ പ്രകോപിതനായി സംസാരിച്ച സമസ്ത നേതാവ് എംടി അബ്ദുല്ല മുസ്ലിയാരുടെ നടപടിയിൽ പ്രതികരിച്ച് പെൺകുട്ടിയുടെ പിതാവ് മാലിക്. ഇതൊന്നും അത്രവലിയ കാര്യം ആക്കേണ്ടതില്ലെന്നാണ് പിതാവിന്റെ പക്ഷം. ഇതുമായി ബന്ധപ്പെട്ട വിഷയത്തിൽ തന്റെ കുട്ടിക്കോ കുടുംബത്തിനോ യാതൊരു വിഷമവും ഇല്ലെന്നും അറിയാത്ത കാര്യങ്ങൾ ഉപദേശിച്ചു തരുന്നതിൽ സന്തോഷമേയുള്ളൂവെന്നും മാലിക് പറഞ്ഞു. സുപ്രഭാതം ഓൺലൈനിനോടായിരുന്നു മാലികിന്റെ പ്രതികരണം.
‘ഇതൊരു വിഷയം ആക്കേണ്ട കാര്യമില്ല. ഞങ്ങളുടെ നാട്ടിലെ ഉസ്താദ് ആണിത്. മാത്രമല്ല അദ്ദേഹത്തിന്റെ നാട്ടിൽ ഒരു മദ്രസ സ്ഥാപിക്കുകയും അതിന്റെ ഉദ്ഘാടത്തിനോട് അനുബന്ധിച്ചുവന്ന പരിപാടിക്ക് ഉണ്ടായ സംഭവമാണിത്. സമ്മാനം നൽകുകയെന്നതും അത് വാങ്ങിക്കുകയെന്നതും എല്ലാ കുട്ടികളുടേയും ആഗ്രഹമാണ്. എന്റെ കുട്ടിക്കും അങ്ങനെ ഒരു സമ്മാനം കിട്ടുകയും അത് എന്റെ നാട്ടിലെ ഉസ്താദ് തന്നെ മദ്രസയിൽ വെച്ച് കൊടുത്തതിൽ സന്തോഷമേയുള്ളൂ. ഇതുമായി ബന്ധപ്പെട്ടുണ്ടായ വിഷയത്തിൽ എനിക്കോ എന്റെ കുട്ടിക്കോ കുടുംബത്തിനോ യാതൊരു വിഷമവും. ഞങ്ങൾക്ക് അറിയാത്ത കാര്യങ്ങൾ ഉപദേശിച്ചുതന്നതിൽ സന്തോഷമേയുള്ളൂ.’ മാലിക് പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തന്റെ മകളുമായി സംസാരിച്ചിരുന്നു. അവൾക്ക് സംഭവിച്ചതിലൊന്നും യാതൊരു പ്രശ്നവുമില്ലെന്നും മാലിക് കൂട്ടിചേർത്തു. മദ്റസ കെട്ടിടം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിനിടെയായിരുന്നു വിവാദ സംഭവം. സർട്ടിഫിക്കറ്റ് വാങ്ങാനായി സംഘാടകർ പെൺകുട്ടിയെ വേദിയിലേക്ക് ക്ഷണിച്ചു. പെൺകുട്ടി എത്തി സർട്ടിഫിക്കറ്റ് സ്വീകരിച്ചതോടെ അബ്ദുള്ള മുസ്ലിയാർ ദേഷ്യപ്പെടുകയും സംഘാടകരോട് പ്രകോപിതനായി സംസാരിക്കുകയും ചെയ്യുകയായിരുന്നു. സംഭവത്തിൽ വ്യാപക വിമർശനം ഉയർന്നിരുന്നു.
മലപ്പുറത്തെ പാതിരാമണ്ണിൽ സമസ്തയുടെ മുതിർന്ന നേതാവ് എംടി അബ്ദുള്ള മുസ്ലിയാരായിരുന്നു വേദിയിലേക്ക് പെൺകുട്ടിയെ വിളിച്ച വ്യക്തി ആക്ഷേപിച്ച് സംസാരിച്ചത്. ‘പത്താം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടി പൊതുവേദിയിൽ വരികയോ? ആരാടോ അവരെ ഇങ്ങോട്ട് വിളിച്ചത്? മേലാൽ ഇത് ആവർത്തിക്കരുത്’ എന്നായിരുന്നു എംടി അബ്ദുള്ള മുസ്ലിയാരുടെ വാക്കുകൾ.