കോട്ടയം: മെഡിക്കൽ കോളേജ് റോഡിൽ സംക്രാന്തിയിൽ വാഹനാപകടം. ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് മെഡിക്കൽ കോളേജ് ആശുപത്രി ജീവനക്കാരിയ്ക്കും സഹോദരനും പരിക്കേറ്റു. വെള്ളിയാഴ്്ച ഉച്ചയ്ക്ക് 11.30 നായിരുന്നു അപകടം.
പാമ്പാടി സ്വദേശികളായ ദിവ്യ (34) ശിവപ്രസാദ് (33) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദിവ്യയുടെ കാലിനും കൈയ്ക്കും ഒടിവുണ്ട്.
ദിവ്യയെ ആശുപത്രിയിൽ ജോലിയ്ക്കായി എത്തിക്കാൻ വരികയായിരുന്നു ഇരുവരും. ഇതിനിടെ എതിർദിശയിൽ നിന്നും എത്തിയ ബൈക്കുമായി ഇവരുടെ ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.