മസ്കറ്റിലേയും മനാമയിലേയും റോഡ്ഷോകളില്‍ തിളങ്ങി കേരള ടൂറിസം

തിരുവനന്തപുരം: കൊവിഡ് പൂര്‍വ്വഘട്ടത്തിലെപ്പോലെ രാജ്യാന്തര വിനോദസഞ്ചാരികളുടെ എണ്ണം തിരിച്ചുപിടിക്കാന്‍ മധ്യപൂര്‍വ്വേഷ്യയിലെ സുപ്രധാന നഗരങ്ങളായ മസ്കറ്റിലും മനാമയിലും കേരള ടൂറിസം ബിസിനസ് ടു ബിസിനസ് (ബി2ബി) മീറ്റുകള്‍ സംഘടിപ്പിച്ചു. ദുബായിലെ അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റിലെ വിജയകരമായ പങ്കാളിത്തത്തിന് തൊട്ടുപിന്നാലെയാണ് ഒമാന്‍റേയും ബഹ്റൈന്‍റേയും തലസ്ഥാന നഗരികളില്‍ കേരളം ശക്തമായ സാന്നിദ്ധ്യം അറിയിച്ചത്.

Advertisements

കേരളത്തിന്‍റെ പ്രധാന ടൂറിസം വിപണിയായ മധ്യപൂര്‍വ്വേഷ്യയില്‍ ആത്മവിശ്വാസം വീണ്ടെടുക്കുക, വിനോദസഞ്ചാരികളുടെ യാത്രാപട്ടികയില്‍ സംസ്ഥാനത്തെ ഉറപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ബിസിനസ് മീറ്റുകള്‍ നടത്തിയത്. രണ്ട് റോഡ്ഷോകളിലേയും ഔദ്യോഗിക സംഘങ്ങളെ കേരള ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എസ് ശ്രീനിവാസും ഡയറക്ടര്‍ വിആര്‍ കൃഷ്ണതേജയും നയിച്ചു. മസ്കറ്റിലെ റോഡ്ഷോയില്‍ ഒമാനിലെ ഇന്ത്യന്‍ അംബാസഡര്‍ അമിത് നാരംഗും മനാമയിലെ റോഡ്ഷോയില്‍  ബഹ്റൈനിലെ ഇന്ത്യന്‍ അംബാസഡര്‍ പിയൂഷ് ശ്രീവാസ്തവയും മുഖ്യാതിഥികളായിരുന്നു.

കേരളത്തെ സംബന്ധിച്ചിടത്തോളം തന്ത്രപ്രധാന വിപണിയാണ് മധ്യപൂര്‍വ്വേഷ്യയെന്ന് കെ എസ് ശ്രീനിവാസ് പറഞ്ഞു. ജൂണ്‍-ജൂലൈ മാസങ്ങളിലെ അവിടുത്തെ വേനലവധിക്കാലത്താണ് തണുപ്പുള്ള കാലാവസ്ഥതേടി യാത്രചെയ്യുന്നത്. വിനോദസഞ്ചാരികള്‍ക്കുള്ള അനുയോജ്യ സമയമാണ് കേരളത്തിന്‍റെ മഴക്കാലം. ഈ സമയങ്ങളില്‍ അവിടുന്നുള്ള കൂടുതല്‍ പേരും സംസ്ഥാനത്തെ ആയുര്‍വേദവും സുഖചികിത്സയുമാണ് തിരഞ്ഞെടുക്കുന്നത്. 2019 ല്‍ സംസ്ഥാനത്തേക്കുള്ള രാജ്യാന്തര വിനോദസഞ്ചാരികളുടെ വരവില്‍ ഏറെ വര്‍ദ്ധനയുണ്ടായി. നൂതന ഉല്‍പ്പന്നങ്ങളും പരിപാടികളുമായി ആ വര്‍ദ്ധനവിലേക്കെത്താനുള്ള കൂട്ടായ പരിശ്രമത്തിലാണിപ്പോഴെന്നും അദ്ദേഹം വ്യക്തമാക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേരളത്തെ അനാവരണം ചെയ്യുന്ന ‘പാരഡേസ്, ഫോര്‍അവേസ് എവേ’ എന്ന അവതരണം കൃഷ്ണതേജ നടത്തി. കാരവന്‍ കേരള, ചാമ്പ്യന്‍സ് ബോട്ട് ലീഗ് തുടങ്ങിയ നൂതന ഉല്‍പ്പന്നങ്ങളും പരിപാടികളും വിശദമാക്കി. അന്താരാഷ്ട്ര വിപണികളില്‍ ബി2ബി മാര്‍ക്കറ്റിംഗ് സുപ്രധാനമായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുന്‍പത്തെ കാലം പോലെയല്ല, സീറോ ബുക്കിംഗില്‍ നിന്നാണ് ഇനി  ആരംഭിക്കേണ്ടത്.  കേരള ടൂറിസത്തിന് ബി2ബിയില്‍ സാന്നിദ്ധ്യം വര്‍ദ്ധിപ്പിക്കേണ്ടതും വിദേശത്തുനിന്നും കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കേണ്ടതും അനിവാര്യമാണെന്നും കൃഷ്ണതേജ വ്യക്തമാക്കി.

സ്വകാര്യമേഖലയിലെ കേരള ടൂറിസം പങ്കാളികളും മസ്കറ്റിലേയും മനാമയിലേയും ബയര്‍മാരും തമ്മില്‍ ഫലപ്രദമായ ചര്‍ച്ചകള്‍ക്കും ബി2ബി മീറ്റുകള്‍ വേദിയായി. അല്‍ഹിന്ദ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് പ്രൈവറ്റ് ലിമിറ്റഡ്, ഗേറ്റ് വേ മലബാര്‍ ഹോളിഡേയ്സ്, ഇന്‍റര്‍സൈറ്റ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ്, സ്പൈസ് ലാന്‍ഡ് ഹോളിഡേയ്സ്, കൊച്ചിയിലെ റമദ ബൈ വിന്ദാം, കൈരളി ആയുര്‍വേദിക് ഹെല്‍ത്ത് റിസോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ്, വൈബ് മൂന്നാര്‍ റിസോര്‍ട്ട്സ് ആന്‍ഡ് സ്പാ, കൊണ്ടോട്ടി ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ട്സ് എന്നിവയാണ് സംസ്ഥാനത്തു നിന്നും പങ്കെടുത്തത്.

ഗോ കേരള നറുക്കെടുപ്പ് നടത്തി രണ്ടു ജേതാക്കള്‍ക്ക് കേരളത്തില്‍ ഏഴ് രാത്രി ഉള്‍പ്പെടെ ചെലവഴിക്കുന്നതിനുള്ള അവസരം നല്‍കി.

സംസ്ഥാനത്തെ സംബന്ധിച്ച് വിദേശ വിനോദസഞ്ചാരികളുടെ വരവ് വരുമാനം നേടുന്നതിലും തൊഴിലവസരങ്ങളിലും വിദേശനാണ്യത്തിലും സുപ്രധാനമാണ്. 2019 ല്‍ 10,271 കോടി രൂപയുടെ വിദേശനാണ്യമാണ് സംസ്ഥാനത്തിന് ലഭിച്ചത്. രാജ്യാന്തര വിനോദസഞ്ചാരികളുടെ വരവിലൂടെ സംസ്ഥാന സമ്പദ്വ്യവസ്ഥയിലുണ്ടാക്കുന്ന മാറ്റത്തെയാണ് അടിവരയിടുന്നത്.

Hot Topics

Related Articles