തിരുവനന്തപുരം: സ്ത്രീധന പീഡന മരണങ്ങൾക്ക് ഉത്തരവാദികൾ ആരാണ്… എത്ര നൽകിയാലും വീണ്ടും വേണം എന്ന് ആർത്തിപിടിക്കുന്ന ഭർത്താവും വീട്ടുകാരുമാണോ. കണക്കുപറഞ്ഞു വരുന്ന വരനെ വേണ്ടെന്നുവയ്ക്കാനുള്ള ചങ്കൂറ്റം കാണിക്കാത്ത പെൺകുട്ടികളാണോ അതോ മകൾക്ക് കണക്കിൽകവിഞ്ഞസ്വർണവും പണവും ആഡംബര കാറും നൽകി നാട്ടുകാരെ കുടുംബമഹിമ കാണിച്ച് കെട്ടിച്ചയയ്ക്കുന്ന മാതാപിതാക്കളാണോ…എന്തായാലും, വിസ്മയക്കേസിനു ശേഷവും സ്ത്രീധന പീഡനങ്ങൾക്കും കേസുകൾക്കും കുറവൊന്നുമില്ല.
വിവാഹസമയത്ത് നൽകിയ 500പവൻ വിറ്റുതുലയ്ക്കുകയും മൂന്നുകോടി രൂപ സ്ത്രീധനമായി വാങ്ങിയെടുക്കുകയും ചെയ്തിട്ടും കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിക്കുന്നുവെന്ന പരാതി നൽകിയത് ഭരണകക്ഷിയിൽപെട്ട കൊല്ലത്തെ മുൻ എം.എൽ.എയുടെ മകൾ, നിലവിലെ എം.എൽ.എയുടെ സഹോദരി. പരാതിക്കാരിക്ക് ഉന്നത രാഷ്ട്രീയ ബന്ധമുണ്ടായിട്ടും അന്വേഷണത്തിൽ പൊലീസ് ഉഴപ്പി. ഒടുവിൽ കേസന്വേഷണം ക്രൈംബ്രാഞ്ചിനു വിടുകയോ ഡി.ഐ.ജിയുടെ മേൽനോട്ടത്തിൽ പ്രത്യേക സംഘത്തെ നിയോഗിക്കുകയോ വേണമെന്ന് അവർ നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടിയിരിക്കുകയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സ്ത്രീധനത്തിനെതിരെ സർക്കാർ ശക്തമായ നടപടികളെടുക്കുന്നുണ്ട്. 2007 ജൂലായ്ക്കു ശേഷം വിവാഹിതരായ സർക്കാർ ഉദ്യോഗസ്ഥർ സ്ത്രീധനം വാങ്ങിയിട്ടില്ലെന്ന സത്യപ്രസ്താവന നൽകേണ്ടതുണ്ട്. പരാതികളിൽ ക്രിമിനൽ കേസെടുക്കും. ജില്ലകളിൽ വനിതാശിശു വികസന ഓഫീസർമാരെ സ്ത്രീധന നിരോധന ഓഫീസർമാരായി നിയോഗിച്ചിട്ടുണ്ട്. ഇവർക്ക് നിയമസഹായം നൽകാൻ ജില്ലാ ഉപദേശക ബോർഡുകളുണ്ട്.
നിയമം ശക്തമായി നടപ്പാക്കാൻ സ്ഥാപനങ്ങളെയും സംഘടനകളെയും നിയോഗിച്ചിട്ടുണ്ട്. എല്ലാ അങ്കണവാടി പ്രവർത്തകർക്കും ഗാർഹിക, ലൈംഗിക, സ്ത്രീധന പീഡനത്തെക്കുറിച്ചും സ്ത്രീകൾക്കുള്ള നിയമ പരിരക്ഷയെക്കുറിച്ചും അവബോധം നൽകി. സ്ത്രീകൾക്കെതിരായ അതിക്രമം തടയാൻ കനൽ പദ്ധതിയുണ്ട്.