തൃശൂർ: ഗുരുവായൂരിലെ പ്രവാസി സ്വർണവ്യാപാരിയുടെ വീട് കുത്തിപൊളിച്ച് ഒന്നരക്കോടി രൂപയുടെ സ്വർണവും പണവും കവർന്ന കേസിൽ രണ്ട് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. നേരത്തെ അറസ്റ്റിലായ ഒന്നാം പ്രതി ട്രിച്ചി സ്വദേശി ധർമ്മരാജിന്റെ സഹോദരൻ ചിന്നരാജ് എന്ന ചിന്നൻ, ഇവരുടെ മാതാവിന്റെ സഹോദരി പുത്രൻ കുട്ടൻ എന്ന രാജു എന്നിവരെയാണ് ഗുരുവായൂർ. എ.സി.പി കെ.ജി.സുരേഷ്, ഗുരുവായൂർ എ്.എച്ച്.ഒ പി.കെ.മനോജ്കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
മോഷ്ടിച്ച സ്വർണം വിൽപ്പന നടത്താൻ സഹായിച്ചതിനാണ് പൊലീസ് ഇവരെ കേസിൽ പ്രതി ചേർത്തത്. കേസിലെ രണ്ടാം പ്രതിയായ ചിന്നൻ 2012ൽ പെരുമ്പാവൂർ സ്റ്റേഷൻ പരിധിയിൽ ടാക്സി ഡ്രൈവറെ തീ കൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. ഈ കേസിൽ മൂന്ന് വർഷം ജുവൈനൽ ഹോമിലെ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പെരിന്തൽമണ്ണ പോലീസ് സ്റ്റേഷനിലെ മോഷണ കേസിലും പ്രതിയാണിയാൾ. ധർമ്മരാജ് മോഷ്ടിച്ച് കൊണ്ടു വരുന്ന സ്വർണം സ്ഥിരമായി വിൽപ്പന നടത്താൻ സഹായിച്ചിരുന്നത് ചിന്നനാണെന്നും പോലീസ് പറഞ്ഞു. മൂന്നാം പ്രതി രാജു മഞ്ചേരി സ്റ്റേഷനിലെ പോക്സോ കേസിലെ പ്രതിയാണ്. കഴിഞ്ഞ ദിവസം അറസ്റ്റിലായ ധർമ്മരാജിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ എടപ്പാളിൽ നിന്നാണ് പോലീസ് ഇരുവരേയും അറസ്റ്റ് ചെയ്തത്. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.
കഴിഞ്ഞ 12നാണ് തമ്പുരാൻപടി കുരഞ്ഞിയൂർ ബാലന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാർ തൃശൂരിൽ സിനിമക്ക് പോയ തക്കം നോക്കിയാണ് വീടിന്റെ വാതിൽ കുത്തിപൊളിച്ച് അകത്ത് കടന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും കവർന്നത്. മോഷണത്തിന് ശേഷം കുടുംബവുമൊത്ത് സംസ്ഥാനം വിട്ട പ്രതിയെ മെയ് 29ന് രാത്രി ചണ്ഡിഗഡിൽ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. റിമാൻഡിൽ കഴിയുന്ന ഇയാളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പോലീസ് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.