കൊച്ചി: മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചതിനെത്തുടര്‍ന്ന് തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് സ്വപ്ന സുരേഷ് ഹൈക്കോടതിയില്‍.പല ഭാഗത്തുനിന്നും ഭീഷണിയുണ്ടെന്നും ഹര്‍ജി ഉടന്‍ പരിഗണിച്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്നും സ്വപ്‌നയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ജാമ്യം ലഭിക്കുന്ന കുറ്റമാണെങ്കില്‍ തിടുക്കപ്പെടുന്നത് എന്തിനെന്നായിരുന്നു ഇതിന് കോടതിയുടെ പ്രതികരണം.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉള്‍പ്പെടുന്നതാണ് സ്വപ്‌ന സുരേഷിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി. മുഖ്യമന്ത്രിക്കെതിരായ മൊഴി തിരുത്തണമെന്ന് ആവശ്യപ്പെട്ട് ഷാജി കിരണ്‍ എന്നയാള്‍ തന്നെ സമീപിച്ചതായി സ്വപ്‌ന ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് താന്‍ വന്നത്. ഇന്നു രാവിലെ 10നകം ആരോപണങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതം ഉണ്ടാകുമെന്ന് അന്ത്യശാസനം നല്‍കിയെന്നും ഹര്‍ജിയില്‍ സ്വപ്‌ന പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്നലെ ഉച്ചയ്ക്ക് പാലക്കാട്ടെ തന്റെ ഓഫീസിലെത്തിയാണ് ഭീഷണിപ്പെടുത്തിയത്. ഷാജി സംസാരിച്ച ശബ്ദരേഖ തന്റെ പക്കലുണ്ട്. ഉത്തര്‍പ്രദേശ് രജിസ്‌ട്രേഷനിലുള്ള ടൊയോട്ട കാറിലാണ് ഷാജി എത്തിയത്. മുഖ്യമന്ത്രിയുമായും കോടിയേരി ബാലകൃഷ്ണനുമായും അടുത്ത ബന്ധമുള്ളയാളാണ്. കെ പി യോഹന്നാന്റെ ഒരു സംഘടനയുടെ ഡയറക്ടറായും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഇയാള്‍ പരിചയപ്പെടുത്തിയെന്ന് സ്വപ്‌ന ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.