പാലക്കാട്: പാർട്ടി പ്രവർത്തകയും അയൽവാസിയുമായ വീട്ടമ്മയുടെ കുളിമുറിയിൽ മൊബൈൽ ക്യാമറ വെച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പൊലീസ് കേസെടുത്തു. പിന്നാലെ പാർട്ടിയിൽ നിന്ന് ഇയാളെ സസ്‌പെൻഡ് ചെയ്തു. കൊടുമ്പ് അമ്പലപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെയാണ് പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്‌പെൻഡ് ചെയ്തത്. അതേസമയം, പ്രതി ഒളിവിലാണെന്നാണ് പാലക്കാട് സൗത്ത് പൊലീസ് പറയുന്നത്.
അതേസമയം, നീതിക്കായി നിയമപരമായി മുന്നോട്ടുപോവുമെന്ന് ഇരയായ വീട്ടമ്മ പറഞ്ഞു. സംഭവത്തെ കുറിച്ച് വീട്ടമ്മ പറയുന്നത് ഇങ്ങനെ. ”കുളിമുറിയുടെ വെന്റിലേഷനിൽ കൈയാണ് ആദ്യം കണ്ടത്. നിലവിളിച്ചതോടെ പ്രതി ഓടി. പിന്നീട് പുറത്ത് പോയി നോക്കിയപ്പോഴാണ് മൊബൈൽ ഫോൺ ലഭിച്ചത്. തുടർന്ന് സഹായത്തിനായി ബ്രാഞ്ച് സെക്രട്ടറിയെ ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് സെക്രട്ടറിയുടെ ഫോൺ തന്നെയാണ് ലഭിച്ചത് എന്ന് മനസ്സിലായത്”.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഷാജഹാന്റെ വീടിനുസമീപം ആണ് പാർട്ടി സഖാവായ വീട്ടമ്മയും കുടുംബവും വാടകയ്ക്ക് താമസിക്കുന്നത്. ഇവർക്ക് എന്ത് സഹായത്തിനും ഓടിയെത്തുന്ന വ്യക്തി കൂടിയായിരുന്നു ഷാജഹാൻ. രാത്രി പത്തുമണിയോടെ വീട്ടമ്മ കുളിക്കുന്നതിനിടയിൽ ചില ശബ്ദം കേട്ട് നോക്കിയപ്പോഴാണ് ഒരു മൊബൈൽ ഫോൺ കണ്ടെത്തിയത്. പരിഭ്രാന്തയായ വീട്ടമ്മ പുറത്തിറങ്ങി സഹായത്തിനായി ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെ വിളിക്കുകയായിരുന്നു. അപ്പോഴാണ് കുളിമുറിക്ക് പിറകിൽ നിന്നും ഷാജഹാന്റെ ഫോണിൽ നിന്നും റിങ്‌ടോണായ ‘ചോര വീണ മണ്ണിൽ നിന്ന്..’ എന്ന പാട്ടു കേൾക്കുന്നത്.
ഷാജഹാനെ പാർട്ടി പ്രവർത്തകൻ എന്ന നിലയിൽ നേരത്തെ അറിയാമെന്നും ലൈഫ് മിഷനിൽ വീട് തരപ്പെടുത്തി തരുന്നതിന് ഉൾപ്പെടെ നേരത്തെ സംസാരിച്ചിട്ടുണ്ടെന്നും വീട്ടമ്മ പറഞ്ഞു. ഇനിയൊരു വീട്ടമ്മക്കും ഇത്തരം അനുഭവം ഉണ്ടാവാതിരിക്കാനാണ് പരാതി നൽകിയതെന്നും അവർ പറഞ്ഞു. പരാതി വന്നയുടൻ നടപടിയെടുത്തെന്ന് പുതുശ്ശേരി ഏരിയാ സെക്രട്ടറി സുഭാഷ് ചന്ദ്രബോസ് പറഞ്ഞു. സിപിഎം പ്രവർത്തകയായ വീട്ടമ്മയുടെ പരാതിയെ തുടർന്ന് പാലക്കാട് സൗത്ത് സ്റ്റേഷനാണ് കേസെടുത്തത്.