ഏറ്റുമാനൂർ: എം.സി റോഡിൽ തവളക്കുഴിയിൽ വീണ്ടും വാഹനാപകടം. നിയന്ത്രണം വിട്ട ഇന്നോവ അമിത വേഗത്തിലെത്തി സമീപത്തെ പോസ്റ്റും റോഡരികിൽ പാർക്ക് ചെയ്തിരുന്ന ബൈക്കും തകർത്തു. അപകടത്തിൽ ആർക്കും പരിക്കില്ല. ഇന്നോവയുടെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നു സംശയിക്കുന്നു. റോഡരികിലെ ബ്യൂട്ടി പാർലർ ഭാഗത്തേയ്ക്കു വാഹനം ഇടിച്ചു കയറാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.
ചൊവ്വാഴ്ച വൈകിട്ട് 4.45 ഓടെ എം.സി റോഡിൽ തവളക്കുഴി ഭാഗത്തായിരുന്നു അപകടം. എറണാകുളം ഭാഗത്ത് നിന്ന് വരികയായിരുന്നു ഇന്നോവ കാർ. ഈ സമയം റോഡരികിൽ പാർക്ക് ചെയ്തിരുന്ന ബൈക്കിൽ കാർ ഇടിച്ചു. ഇതിനു ശേഷം സമീപത്തെ പോസ്റ്റിലേയ്ക്കും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻ ഭാഗം പൂർണമായും തകർന്നു. അപകടത്തെ തുടർന്നു എം.സി റോഡിൽ ഗതാഗത തടസവും ഉണ്ടായി.